കത്തോലിക്കാസഭ മാറ്റങ്ങള്‍ക്ക് സമ്മേളനം ചേരുന്നു; വിവാഹിതരായ പുരുഷന്മാർക്ക് പട്ടത്വം നല്‍കാനും ആലോചന

* ആമസോണ്‍ പള്ളികളില്‍ മതിയായ വൈദികരില്ല * കന്യാസ്ത്രീകളുടെ എണ്ണത്തിലും വന്‍കുറവ് * ചരിത്രമാറ്റങ്ങള്‍ക്ക് വത്തിക്കാനില്‍ സമ്മേളനം ചേരുന്നു

കത്തോലിക്കാസഭ മാറ്റങ്ങള്‍ക്ക് സമ്മേളനം ചേരുന്നു; വിവാഹിതരായ പുരുഷന്മാർക്ക് പട്ടത്വം നല്‍കാനും ആലോചന

വത്തിക്കാന്‍ സിറ്റി : വിശുദ്ധ കൂദാശകള്‍ നടത്താന്‍ മതിയായ പുരോഹിതന്മാരില്ലാതെ വന്നാല്‍ എന്ത് ചെയ്യും? ഇത്തരമൊരു പ്രതിസന്ധിയിലാണ് കത്തോലിക്കാ സഭ. ആമസോണ്‍ വനമേഖലയിലെ സഭാപ്രവർത്തനങ്ങൾക്കാണ് മതിയായ വൈദികരില്ലാത്ത പ്രതിസന്ധി സഭ നേരിടുന്നത്.

ഇത്തരം പ്രതിസന്ധിഘട്ടത്തിൽ വിവാഹം മാമോദീസ തുടങ്ങിയ കൂദാശകൾ നിര്‍വഹിക്കുന്നതു പലപ്പോഴും കന്യാസ്ത്രീകളാണ്. എന്നാൽ ആമസോണിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പോകാൻ കഴിയുന്ന കന്യാസ്ത്രീകളുടെ എണ്ണവും വളരെ കുറവാണ്. അത്തരം സാഹചര്യങ്ങളില്‍ വിശ്വാസികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്കു ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. എന്നാല്‍ ഇവര്‍ക്ക് സഭ നല്‍കുന്ന ഔദ്യോഗിക പദവികളുമില്ല.

ഈ പ്രശ്നങ്ങളെ ഇത്തവണ ചേരുന്ന വത്തിക്കാൻ സമ്മേളനത്തിൽ ചർച്ചയായി ഉയർന്നു വന്നു.

ഇതര സ്ഥലങ്ങളിലെ സുവിശേഷ പ്രവർത്തങ്ങൾ പോലെയല്ല ആമസോണിലെ കാര്യങ്ങൾ. ഗതാഗതം ഉൾപ്പെടെ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള ആമസോണിൽ സേവനത്തിനായി മുന്നോട്ടു വരുന്ന പുരോഹിതന്മാരുടെ എണ്ണം വളരെ കുറവാണ്. ഇവിടെ കുടുംബസ്ഥരായ ദരിദ്രകുടുംബങ്ങളാണ് കൂടുതലുള്ളത്. അതിനാൽ സുഖലോലുപമായ നവീന വൈദിക ശുശ്രൂഷ ഇവിടെ പ്രതീക്ഷിക്കാൻ കഴിയില്ല.

ഇവിടുത്തെ സുവിശേഷ പ്രവർത്തങ്ങൾ സഭയ്ക്ക് ഒഴിവാക്കാനും കഴിയില്ല. അതിനാൽ സൗത്ത് അമേരിക്കന്‍ ബിഷപ്പുമാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം 'ധൈര്യപൂര്‍വ്വം' തുറന്നു പറയണം എന്ന് ഫ്രാന്‍സിസ് പോപ്പ് ആവശ്യപ്പെട്ടു.

രണ്ടു പരിഹാര മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്

1 വിവാഹിതരായ പുരുഷന്മാർക്ക് പട്ടത്വം നൽകുക

2 അവിവാഹിതരായ, സുവിശേഷ പ്രവർത്തന തല്‍പരരായ സ്ത്രീകളെ പട്ടക്കാരാക്കുക

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരുഷ-കേന്ദ്രീകൃതമായ സഭയിലെ വിശ്വാസികൾക്ക് ഇവ രണ്ടും അംഗീകരിക്കാൻ പ്രയാസമായിരിക്കും. ബ്രഹ്മചാരികളായ പുരുഷാർക്ക് മാത്രമാണ് നിലവിലെ സഭാനിയമങ്ങൾ അനുസരിച്ച് വൈദീകനാകാനുംകൂദാശ ശുശ്രൂഷകൾ നടത്താനും അനുവാദമുള്ളൂ.

'ബ്രഹ്മചര്യവ്രതം' പട്ടത്വത്തിന്‍റെ സുപ്രധാനമായ മാനദണ്ഡമാണ്‌. സ്ത്രീകളെ വൈദികരാക്കുന്നതും സഭ സ്വീകരിക്കുന്ന ചരിത്രനീക്കമായിരിക്കും.

നിലവിലെ പ്രതിസന്ധിയെ എങ്ങനെയെല്ലാം അതിജീവിക്കാൻ കഴിയുമെന്നാണ് വത്തിക്കാൻ സമ്മേളനം പരിശോധിക്കുക.

സ്ത്രീകള്‍ക്ക് ഔദ്യോഗികമായി 'പുരോഹിത' പദവി നൽകുന്നതിനും ചെറുതല്ലാത്ത നിശ്ചയദാര്‍ഢ്യം ആവശ്യമുണ്ട്. അതിനു പോപ്പ് ഫ്രാൻസിസ് ആത്മീയ നേതൃത്വം നൽകുന്ന സഭയ്ക്ക് കഴിയുമോ എന്നുള്ളതാണ് ലോകം ഉറ്റു നോക്കുന്നത്.

Read More >>