ഇന്ത്യയില്‍ മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുമെന്ന് യുഎഇ

നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മൂന്നെണ്ണത്തിനു പുറമെ, ചെന്നൈ, ഹൈദരാബാദ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് കോണ്‍സുലേറ്റുകള്‍ ആരംഭിക്കുക.

ഇന്ത്യയില്‍ മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുമെന്ന് യുഎഇ

ഇന്ത്യയില്‍ മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മൂന്നെണ്ണത്തിനു പുറമെ, ചെന്നൈ, ഹൈദരാബാദ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് കോണ്‍സുലേറ്റുകള്‍ ആരംഭിക്കുക. ന്യൂഡല്‍ഹിയിലും മുംബൈയിലും കേരളത്തിലെ തിരുവനന്തപുരത്തും നിലവില്‍ യുഎഇ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങള്‍ക്കും എളുപ്പത്തില്‍ യുഎഇ വിസ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ ഓഫീസുകള്‍ തുറക്കുന്നതെന്ന് എംബസി വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്കും യുഎഇ സ്വദേശികള്‍ക്കും സഹായകമാവുന്ന തരത്തില്‍ മൊബൈല്‍ ആപ്പും എംബസി പുറത്തിറക്കി. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര സുഖകരമാക്കുന്നതിനും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎഇ സ്വദേശികള്‍ക്ക് അടിയന്തര സഹായം തേടാനും ഈ ആപ്പ് സഹായിക്കും. അതുപോലെ, ഇന്ത്യക്കാര്‍ക്ക് വിസ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും ആപ്പ് സഹായകമാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡറായ ഡോ. അഹ്മദ് അല്‍ ബന്ന പറഞ്ഞു. ഈ ആപ്പ് യുഎഇയില്‍ വസിക്കുന്ന 2.8 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് സഹായകമാവുമെന്നും അല്‍ ബന്ന വ്യക്തമാക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുന്നത്. അടുത്തവര്‍ഷം തുടക്കത്തില്‍ മോഡി യുഎഇയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനം ഫെബ്രുവരിയില്‍ ഉണ്ടാവുമെന്ന് സൂചനയുണ്ടെങ്കിലും കൃത്യം തീയതികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 2015 ആഗസ്തില്‍ യുഎഇ സന്ദര്‍ശിച്ച മോഡിയുടെ രണ്ടാം സന്ദര്‍ശനമായിരിക്കും ഇത്.

Read More >>