ഖത്തർ ഉപരോധം അവസാനിക്കുന്നു; ഇളവ് പ്രഖ്യാപിച്ച് യുഎഇ

ഉപരോധം പ്രഖ്യാപിച്ച ശേഷം ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു.

ഖത്തർ ഉപരോധം അവസാനിക്കുന്നു; ഇളവ് പ്രഖ്യാപിച്ച് യുഎഇ

ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിക്കുന്നുവെന്ന് സൂചന. ഖത്തറിനെതിരെ സ്വീകരിച്ചിരുന്ന നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ സര്‍ക്കുലര്‍ ഇറക്കി. ഇനി മുതല്‍ യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ചരക്കുകള്‍ എത്തും. ഖത്തറില്‍ നിന്ന് വരുന്ന ചരക്കുകള്‍ യുഎഇയില്‍ സ്വീകരിക്കുകയും ചെയ്യും.

അബുദാബി പോര്‍ട്ട്‌സ് സര്‍ക്കുലറിലാണ് ഖത്തറിലേക്കുള്ള ചരക്കു ഗതാഗതത്തിന് ഇളവ് പ്രഖ്യാപിച്ച കാര്യം പറയുന്നത്. ഫെബ്രുവരി 12നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു. യുഎഇയിലെ എല്ലാ തുറമുഖങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്.

എന്നാൽ ഖത്തര്‍ ഭരണകൂടം, ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ കമ്പനികള്‍ എന്നിവരുടെ കപ്പലുകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ ചരക്കുകള്‍ മറ്റു കപ്പലുകള്‍ക്ക് കൈമാറ്റം ചെയ്യാം. 2017 ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധത്തിന് ശേഷം ആദ്യമായാണ് ഖത്തറിനെതിരായ നടപടികളില്‍ ഇളവ് പ്രഖ്യാപിക്കുന്നത്. കൂടുതല്‍ ഇളവുകള്‍ ഇനിയും പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ വിഷയത്തില്‍ ഭരണത്തലവന്‍മാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ തുറമുഖങ്ങള്‍ക്ക് ഉപരോധത്തിന് ശേഷമുണ്ടായ നിയന്ത്രണം പൂര്‍ണമായി നീക്കി എന്ന പറയാന്‍ സാധിക്കില്ല. കാരണം ഖത്തറിന്റെ പതാക വഹിച്ചുള്ള കപ്പലുകള്‍ക്ക് യുഎഇയില്‍ ഇപ്പോഴും വിലക്കുണ്ട്. യുഎഇയുടെ കപ്പലുകള്‍ക്ക് ദോഹയിലും വിലക്കുണ്ട്.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ കര, നാവിക, വ്യോമ ഇടപാടുകള്‍ മരവിപ്പിക്കുകയും യാത്രകള്‍ക്കുള്ള സൗകര്യങ്ങള്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Read More >>