പ്രവാസികള്‍ക്ക് സഹായഹസ്തമായിരുന്ന നാസര്‍ അബ്ദുള്‍ റസാഖ് വിട വാങ്ങി

കേന്ദ്ര പ്രവാസ മന്ത്രിയായിരുന്ന വയലാർ രവിയിൽ നിന്നും മികച്ച വ്യവസായിക്കുള്ള പുരസ്ക്കാരം നാസര്‍ ഏറ്റുവാങ്ങിരുന്നു

പ്രവാസികള്‍ക്ക് സഹായഹസ്തമായിരുന്ന നാസര്‍ അബ്ദുള്‍ റസാഖ് വിട വാങ്ങി

പ്രമുഖ പ്രവാസി വ്യവസായിയും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ നാസർ അബ്ദുള്‍ റസാഖ് വിടവാങ്ങി. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയായ അബ്ദുൾ റസാഖ് വൈദ്യരുടെ മകനാണ് ഇദ്ദേഹം. ഇന്നു പുലർച്ചെ മദീനയിലാണ് ഇദ്ദേഹം മരണപ്പെട്ടത്. പ്രവാസജീവിതത്തിന്റെ ഇടയിലും സൗദി അറേബ്യയില്‍ തനതായ വ്യക്തിത്വം സ്വരൂപിച്ച നാസര്‍ മറ്റുള്ളവര്‍ക്ക് ഏറ്റവും സഹായകരമായി പ്രവര്‍ത്തിച്ച ഒരാളാണ് എന്ന് പ്രവാസലോകം സാക്ഷ്യപ്പെടുത്തുന്നു. റിയാദിലും മദിനയിലുമായി കഴിഞ്ഞ മുപ്പത്തിയാറു വർഷക്കാലമായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ബിസ്നസ് നടത്തിയിരുന്ന നാസര്‍ 'റോയിബെക്' എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. മലയാളികളായ പലര്‍ക്കും ജോലി നല്‍കുവാനും പ്രവാസലോകത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കുവാനും നാസര്‍ ശ്രദ്ധിച്ചിരുന്നു.

കേന്ദ്ര പ്രവാസ മന്ത്രിയായിരുന്ന വയലാർ രവിയിൽ നിന്നും മികച്ച വ്യവസായിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ ഇദ്ദേഹം തന്റെ ജീവിതം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിച്ചു വന്നു. കായംകുളം കൊറ്റുകുളങ്ങരയിലെ സ്വത്തുവകകൾ പെൺകുട്ടികൾക്കായുള്ള മത പഠനകേന്ദ്രത്തിനായി നാസര്‍ വിട്ടുനല്‍കിയതിനെയും വിശ്വാസികള്‍ അഭിനന്ദനാര്‍ഹമായി കണക്കാക്കുന്നു. പരേതയായ സഫിയയാണ് ഭാര്യ. ഫൈസൽ, നിഖില സമീർ എന്നിവരാണ് മക്കള്‍. നാസര്‍ അബ്ദുള്‍ റസാഖിന്റെ ശവസംസ്കാരം മദീനയില്‍ നടക്കും.


Read More >>