സൗദി ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് മലയാളി തട്ടിയത് നാലരക്കോടി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ലുലുവിന്റെ വ്യാജ സീലുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ആണ് തട്ടിപ്പിനു പിന്നിലെന്ന് കമ്പനി പറയുന്നു.

സൗദി ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് മലയാളി തട്ടിയത് നാലരക്കോടി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്. നാലര കോടി രൂപയുടെ വെട്ടിപ്പാണ് ആദ്യപരിശോധനയില്‍ കണക്കാക്കുന്നത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാനേജരായ മലയാളി മുങ്ങി. ഇയാളെ പിടികൂടാന്‍ കേരളാ പോലീസും ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ സൗദി വിട്ടുവെന്നാണ് കമ്പനിയുമായി ബന്ധമുള്ളവര്‍ പറയുന്നത്.

ലുലുവിന്റെ വ്യാജ സീലുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ആണ് തട്ടിപ്പിനു പിന്നിലെന്ന് കമ്പനി പറയുന്നു. 2.23 ദശക്ഷം (ഏകദേശം 4.24 കോടി) രൂപയാണ് നഷ്ടം.

നാല് വര്‍ഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ബ്രാഞ്ചിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഷിജു ജോസഫ്. സ്ഥാപന മേധാവികള്‍ അറിയാതെ വന്‍തോതില്‍ സാധനങ്ങള്‍ വിതരണക്കാരില്‍ നിന്ന് വാങ്ങുകയായിരുന്നു ഇയാള്‍. ഇതിന് വേണ്ടി ലുലുവിന്റെ വ്യാജ സീലുകളും തയ്യാറാക്കിയിരുന്നുവത്രെ. വന്‍തോതില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മറിച്ചുവില്‍ക്കുകയാണ് ചെയ്തത്. സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ല് അക്കൗണ്ട്‌സ് വകുപ്പില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കമ്പനി നടത്തിയ പരിശോധനയില്‍ ഷിജുവാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. എന്നാല്‍ അടിയന്തര ലീവ് വാങ്ങി ഷിജു നേരത്തെ നാട്ടിലേക്ക് തിരിച്ചുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചപ്പോള്‍ തന്നെ ഷിജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് കമ്പനി അധികൃതർ പറയുന്നു.

തട്ടിപ്പ് ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പ് നിയമനടപടികള്‍ ആരംഭിച്ചു. സംസ്ഥാന പൊലീസിന് ലുലു ഗ്രൂപ്പ് അധികൃതര്‍ പരാതി നല്‍കി. ഡിജിപി, തിരുവനന്തപുരം കളക്ടര്‍, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കഴക്കൂട്ടം പൊലീസ് ഷിജുവിനെ തിരയുന്നുണ്ട്. സൗദിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.

Read More >>