സൗദി സാമ്പത്തിക പരിഷ്കരണം: കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിയും; മലയാളി സാന്നിധ്യ മേഖലയിലെ കച്ചവട രം​ഗം മാന്ദ്യത്തിലേക്ക്

സൗദിയിലെ ചില്ലറ-മൊത്ത വ്യാപാര രംഗത്തും ജ്വല്ലറി മേഖലയിലും കനത്ത മാന്ദ്യമാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വദേശിവല്‍ക്കരണ-വനിതാവല്‍ക്കരണ നടപടികള്‍ക്കു പുറമെ വിദേശി കുടുംബങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതും കനത്ത ആഘാതമായി. വൈദ്യുതി, ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ച തീരുമാനവും ആശങ്കയോടെയാണ് വ്യാപാരികള്‍ നോക്കിക്കാണുന്നത്

സൗദി സാമ്പത്തിക പരിഷ്കരണം: കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിയും; മലയാളി സാന്നിധ്യ മേഖലയിലെ കച്ചവട രം​ഗം മാന്ദ്യത്തിലേക്ക്

എണ്ണ വിലയുടെ തകർച്ചയും സ്വദേശിവല്‍ക്കരണവും സാമ്പത്തിക പരിഷ്‌കരണ നടപടികളും ശക്തമാക്കിയതോടെ വ്യാപാര മേഖലയില്‍ ഗണ്യമായ ഇടിവ്. കേരളത്തിന്റെ പ്രധാന വരുമാന ശ്രോതസായിരുന്ന ​ഗൾഫ് മേഖലിയൽ നിന്ന് മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുന്നതോടെ സാമ്പത്തിക രം​ഗത്തിന് വൻ തിരിച്ചടിയാണ് സംഭവിക്കുന്നത്. സൗദിയിൽ താമസമാക്കിയ 22 ലക്ഷത്തോളം പ്രവാസികളാണ് നാട്ടിലേക്കെത്താനിരിക്കുന്നത്.

സൗദിയിലെ ചില്ലറ-മൊത്ത വ്യാപാര രംഗത്തും ജ്വല്ലറി മേഖലയിലും കനത്ത മാന്ദ്യമാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വദേശിവല്‍ക്കരണ-വനിതാവല്‍ക്കരണ നടപടികള്‍ക്കു പുറമെ വിദേശി കുടുംബങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതും കനത്ത ആഘാതമായി. വൈദ്യുതി, ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ച തീരുമാനവും ആശങ്കയോടെയാണ് വ്യാപാരികള്‍ നോക്കിക്കാണുന്നത്. ജനുവരി മുതല്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ചുമത്താനും വിദേശ തൊഴിലാളികളുടെ പേരില്‍ പ്രതിമാസം 400 റിയാല്‍ ലെവി ഈടാക്കാന്‍ തീരുമാനിച്ചതും മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മലയാളികളുടെ സംഗമ കേന്ദ്രങ്ങളായ ജിദ്ദ ഷറഫിയയിലും റിയാദിലെ ബത്ഹയിലും ദമാം സീക്കോയിലും ഉപഭോക്താക്കളുടെ തിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്. കച്ചവടം 50 ശതമാനത്തോളം കുറഞ്ഞു. അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയതോടെ വ്യാപാരികളുടെ ലാഭവിഹിതത്തില്‍ വലിയ കുറവുണ്ടായി. ലെവി ഏര്‍പ്പെടുത്തിയതോടെ വിദേശി കുടുംബങ്ങളില്‍ നല്ലൊരു പങ്ക് നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി. വൈദ്യുതി നിരക്ക് മൂന്നിരട്ടിയോളം ഉയര്‍ത്തിയതിനാല്‍ പ്രതിമാസം വൈദ്യുത ബില്ലും ഉയർന്നു.

ഷറഫിയയിലെ പല കടകളിലും 10 മുതല്‍ 70 ശതമാനം വരെ ഓഫര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇത്തരം കടകളില്‍ മാത്രമാണ് കാര്യമായ കച്ചവടം. പലരും കടകള്‍ സാധനങ്ങള്‍ ഉള്‍പ്പെടെയും അല്ലാതെയും വില്‍ക്കുന്നതിനാല്‍ വാങ്ങാന്‍ പറ്റിയ സമയമാണിതെന്ന് ഈ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. വാരാന്ത്യ അവധി ദിനങ്ങളില്‍ മലയാളികള്‍ കൂട്ടത്തോടെ എത്തിയിരുന്നതിനാല്‍ ഷറഫിയയില്‍ വ്യാഴം, വെള്ളി ദിനങ്ങളിലാണ് കാര്യമായ കച്ചവടം നടന്നിരുന്നത്.

ജ്വല്ലറി മേഖലയില്‍ 60 ശതമാനത്തിലധികം ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ. ആഭരണ വില്‍പന രംഗം 100 ശതമാനം സ്വദേശിവല്‍ക്കരിച്ചതിനാല്‍ മലയാളികളായ മുഴുവന്‍ പേരെയും എക്‌സിറ്റില്‍ നാട്ടിേലക്കയച്ചിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് മാത്രമാണ് വിദേശികളുള്ളത്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ചില വേദനാജനകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് 2016 ഡിസംബര്‍ 14ന് ഏഴാമത് ശൂറാ കൗണ്‍സിലിന്റെ ആദ്യ വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യവേ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ സംരക്ഷിക്കുന്നതിനും പുണ്യ ഗേഹങ്ങളുടെ സേവനത്തിനും പൗരന്‍മാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി രാജ്യം സാമ്പത്തിക സ്രോതസ്സുകളുടെ മേല്‍ കടിഞ്ഞാണിട്ടതായും സല്‍മാന്‍ രാജാവ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

Story by
Read More >>