ഇഖാമ: പ്രവാസികളെ സഹായിച്ച 2711 സ്വദേശികളെ അറസ്റ്റ് ചെയ്ത് സൌദി അറേബ്യ

10 മാസത്തിനിടെ നാടുകടത്തിയത് നാലര ലക്ഷം വിദേശികളെയാണെന്നും സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇഖാമ: പ്രവാസികളെ സഹായിച്ച 2711 സ്വദേശികളെ അറസ്റ്റ് ചെയ്ത് സൌദി അറേബ്യ

പത്തു മാസത്തിനിടെ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 2711 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലര ലക്ഷത്തോളം പേരെ നാടു കടത്തിയതായും സൌദി ഭരണകൂടം അറിയിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകര്‍ക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍ക്ക് തടവും പിഴയും നാടു കടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 676 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 651 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 25 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

പത്തു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ 17,73,293 നിയമ ലംഘകര്‍ പിടിയിലായി. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14 ന് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായത്. ഇക്കൂട്ടത്തില്‍ 13,58,584 പേര്‍ ഇഖാമ നിയമ ലംഘകരും 1,33,096 പേര്‍ നുഴഞ്ഞു കയറ്റക്കാരും 2,81,613 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 30,069 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 55 ശതമാനം പേര്‍ യെമനികളും 42 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1,425 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിലവില്‍ 13,447 നിയമ ലംഘകരെ നിയമാനുസൃത നടപടികള്‍ക്ക് വിധേരയാക്കി വരികയാണ്.

ഇക്കൂട്ടത്തില്‍ 11,737 പേര്‍ പുരുഷന്മാരും 1,710 പേര്‍ വനിതകളുമാണ്. പത്തു മാസത്തിനിടെ 4,49,221 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തി. 2,92,632 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 2,49,942 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 3,07,761 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Story by
Read More >>