ഖത്തറിനെ ആക്രമിക്കാൻ സൗദി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്; എതിർത്തത് ടില്ലേഴ്സൺ

അമേരിക്കയുമായുള്ള ബന്ധം വഷളാകുമോ എന്ന ആശങ്കപ്പെട്ടാണ് ആക്രമണത്തില്‍ നിന്ന് സൗദി പിന്മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിനെ ആക്രമിക്കാൻ സൗദി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്; എതിർത്തത് ടില്ലേഴ്സൺ

യുഎഇ പിന്തുണയോടെ ഖത്തറിനെ ആക്രമിക്കാൻ സൗദി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. നീക്കം എതിർത്തതു കൊണ്ടാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന റെക്സ് ടില്ലേഴ്സണ് ജോലി നഷ്ടമായതെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച ഇന്റര്‍സെപ്റ്റ് വാര്‍ത്ത വെബ്‌സൈറ്റാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സൈനിക ആക്രമണത്തിനും സൗദി തയ്യാറായി. യുഎഇ സൈന്യം ഇവര്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചുവെന്ന് ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണ വിവരം സൗദിയിലുള്ള ഖത്തറിന്റെ ചാരന്‍മാര്‍ ചോര്‍ത്തുകയായിരുന്നു. ഖത്തര്‍ ഭരണകൂടത്തിന് വിവരം ലഭിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. അദ്ദേഹം വേഗത്തില്‍ സൗദി ഭരണകൂടവുമായി ബന്ധപ്പെടുകയായിരുന്നു.

സൗദി അറേബ്യയുടെ കരസേനയാണ് ആക്രമണത്തിന് തയ്യാറെടുത്തത്. ഖത്തറിന് കരമാര്‍ഗം അതിര്‍ത്തിയുള്ള ഏകരാജ്യം സൗദിയാണ്. ഇതുവഴി ഖത്തറിലേക്ക് പ്രവേശിച്ച് 100 കിലോമീറ്റര്‍ ദൂരം അകത്തേക്ക് കടക്കാനായിരുന്നുവത്രെ പദ്ധതി. ഇതുവഴി ദോഹ പിടിക്കാനും സൗദി പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഖത്തറില്‍ അമേരിക്കന്‍ സൈന്യം തമ്പടിച്ചിരിക്കുന്ന താവളമാണ് അല്‍ ഉദൈദ് വ്യോമതാവളം. ഈ താവളം പിടിക്കാന്‍ സഖ്യസേന പദ്ധതിയിട്ടിരുന്നുവത്രെ. കൂടാതെ ദോഹ പിടിക്കാനും ഖത്തര്‍ അമീറിനെ ആക്രമിക്കാനും. അല്‍ ഉദൈദ് താവളത്തില്‍ 10000ത്തിലധികം അമേരിക്കന്‍ സൈനികരാണുള്ളത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ് ഖത്തറിലെ അല്‍ ഉദൈദ്. സൗദി സൈന്യത്തിന്റെ നീക്കം ഖത്തറിന്റെ ചാരന്‍മാരാണ് ശേഖരിച്ചത്. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ചാരന്‍മാര്‍ വിവരം ലഭിച്ച ഉടനെ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

അമേരിക്കയുമായുള്ള ബന്ധം വഷളാകുമോ എന്ന ആശങ്കപ്പെട്ടാണ് ആക്രമണത്തില്‍ നിന്ന് സൗദി പിന്മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയെ ബന്ധപ്പെട്ടതിന് പിന്നാലെ ടില്ലേഴ്‌സണ്‍ യുഎഇ ഭരണകൂടവുമായും ബന്ധപ്പെട്ടു. തുടര്‍ന്നാണ് ആക്രമണം ഒഴിവായതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അധികം വൈകാതെ തന്നെ ടില്ലേഴ്‌സണ്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പദവിയില്‍ നിന്ന് പുറത്തായി. ഇദ്ദേഹത്തെ മാറ്റാനുണ്ടായ കാരണം എന്താണെന്ന് ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളെ ടില്ലേഴ്‌സണ്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Read More >>