വിദേശ നിക്ഷേപകര്‍ക്ക് സംരംഭങ്ങളില്‍ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് ഖത്തര്‍

കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഖത്തര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ അവസാനത്തേതാണ് നൂറ് ശതമാനം ഉടമസ്ഥാവകാശം.

വിദേശ നിക്ഷേപകര്‍ക്ക് സംരംഭങ്ങളില്‍ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് ഖത്തര്‍

ചരിത്രപരമായ സാമ്പത്തിക പരിഷ്‌കാരവുമായി ഖത്തര്‍ സര്‍ക്കാര്‍. വിദേശ നിക്ഷേപകരുടെ സംരംഭങ്ങള്‍ക്ക് നൂറ് ശതമാനവും ഉടമസ്ഥാവകാശം അനുവദിച്ചു കൊണ്ട് ഖത്തര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സാമ്പത്തിക മേഖലയുടെ ഏതാണ്ട് ഭൂരിഭാഗം മേഖലയിലും ഈ തീരുമാനം ബാധകമായിരിക്കും.

സാമ്പത്തിക ശക്തിയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശ നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം അനുവദിച്ചത്. 2014 മധ്യത്തോടെ ഉണ്ടായ പെട്രോള്‍ വിലയിടിവിനെ തുടര്‍ന്ന് ഖത്തര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനെ മറികടക്കാനും വേണ്ടിയാണ് ഖത്തറിന്റെ പുതിയ പരിഷ്‌കരണം.

പ്രധാനമായും ഇതര ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഖത്തര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ അവസാനത്തേതാണ് നൂറ് ശതമാനം ഉടമസ്ഥാവകാശം. നേരത്തെ, വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ തന്നെ രാജ്യ സന്ദര്‍ശനം നടത്തുന്നതിനും ഖത്തര്‍ നിയമം ഇളവുചെയ്തിരുന്നു.

സംരംഭങ്ങള്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിക്കുമെങ്കിലും വിദേശ നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്താനോ ഫ്രാഞ്ചൈസി സ്വന്തമാക്കാനോ സാധിക്കില്ലെന്ന് വാണിജ്യ- സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ബാങ്കിങ്- ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിദേശികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി കരസ്ഥമാക്കേണ്ടതുണ്ട്. 2014ലെ നിയമപ്രകാരം ഖത്തര്‍ സ്റ്റോക്ക് എക്‌സേഞ്ചിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ 49 ശതമാനം വരെ ഓഹരി വിദേശ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം. ബുധനാഴ്ച ചേര്‍ന്ന് കാബിനറ്റ് യോഗത്തിലാണ് പുതിയ നിയമം പാസ്സാക്കിയത്. ആഗോള സാമ്പത്തിക സൂചികയില്‍ ഖത്തറിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് പുതിയ നയമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More >>