സൗദിയിൽ കൂട്ട അറസ്റ്റും നാടുകടത്തലും; 10000ൽ പരം വിദേശികളെ നാടുകടത്തി; അഭയം നൽകുന്ന സൗദിക്കാരും കുടുങ്ങും

കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 15 ലക്ഷത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. 19 മന്ത്രാലയങ്ങളും വകുപ്പുകളും ഒരുമിച്ചാണ് നിയമലംഘകരെ തേടിയിറങ്ങിയിട്ടുള്ളത്.

സൗദിയിൽ കൂട്ട അറസ്റ്റും നാടുകടത്തലും; 10000ൽ പരം വിദേശികളെ നാടുകടത്തി; അഭയം നൽകുന്ന സൗദിക്കാരും കുടുങ്ങും

സൗദി അറേബ്യ വിദേശികള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ചട്ടലംഘനം നടത്തുന്ന വിദേശികള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. നിയമം ലംഘനം നടത്തി സൗദിയില്‍ തുടരുന്നവരെ വ്യാപകമായി പിടികൂടുകയാണ്. ഇത്തരക്കാരെ തേടി രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങളിലെല്ലാം റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 10000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. മാത്രമല്ല, ഇവരെ കയറ്റിവിടുകയും ചെയ്തു. സൗദി ഭരണകൂടം സ്വീകരിക്കുന്ന പുതിയ നടപടികളുടെ വിവരങ്ങള്‍ സൗദി ഗസറ്റാണ് പുറത്തുവിട്ടത്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ ഒട്ടേറെ വിദേശികള്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മതിയായ താസമരേഖകള്‍ ഇല്ലാത്തവരും നിരവധിയാണ്. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 10000ത്തിലധികം പേരെ പിടികൂടി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയത്. ഇവരെ ഉടന്‍ തന്നെ കയറ്റിവിടുകയും ചെയ്തു. 10200 വിദേശികളെയാണ് കയറ്റിവിട്ടതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സൗദിയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ പിടികൂടുന്നതിന് കഴിഞ്ഞവര്‍ഷം തന്നെ പൊലീസ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഒട്ടേറെ പേരെ രേഖകളില്ല എന്ന കാരണത്തില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ 377572 പേരെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദി പ്രസ് ഏജന്‍സിയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആദ്യം കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ചട്ടം ലംഘിച്ച് താമസിക്കുന്നവരെ പിടികൂടാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിരുന്നു. അടുത്തിടെയാണ് കര്‍ശനമാക്കിയത്. ഉംറ വിസയിലെത്തി ജോലി തേടുന്നവരും ഒട്ടേറെയാണ് അന്വേഷണത്തില്‍ തെളിഞ്ഞു.

കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 15 ലക്ഷത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. 19 മന്ത്രാലയങ്ങളും വകുപ്പുകളും ഒരുമിച്ചാണ് നിയമലംഘകരെ തേടിയിറങ്ങിയിട്ടുള്ളത്. തൊഴില്‍ മന്ത്രാലയം, സാമൂഹിക വികസന വകുപ്പ്, പാസ്‌പോര്‍ട്ട് ഡയറക്ട്രേറ്റ് എന്നിവരെല്ലാം ഉള്‍പ്പെട്ട സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുന്നത്. സൗദിയിലേക്ക് ഒട്ടേറെ പേര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. യമനികള്‍, എത്യോപ്യക്കാര്‍ എന്നിവരാണ് നുഴഞ്ഞുകയറുന്നത്. 29000 യമനികളും എത്യോപ്യക്കാരും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇവരെ പിടികൂടുകയും ചെയ്തു. ഇനിയും ഈ രാജ്യക്കാര്‍ തെക്കന്‍ അതിര്‍ത്തി വഴി കടക്കുന്നുണ്ടെന്നാണ് വിവരം.

നിയമവിരുദ്ധമായി രാജ്യത്ത് എത്തിയവര്‍ക്ക് സൗദിയില്‍ നേരത്തെ താമസിക്കുന്നവരുടെ സഹായം ലഭിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റക്കാരെയും നിയമവിരുദ്ധമായി സൗദിയിലെത്തിയവരെയും സഹായിച്ച 2319 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമലംഘകരെ സഹായിച്ചവരില്‍ സൗദിക്കാര്‍ തന്നെയാണ് കൂടുതല്‍. നിയമലംഘകരെ സഹായിക്കുകയും അവര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്ത 474 സൗദിക്കാരില്‍ നിന്ന് പിഴയീടാക്കി. 16 പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഇവരില്‍ നിന്നും പിഴയീടാക്കും.

നിയമവിരുദ്ധമായി സൗദിയില്‍ എത്തിയ 2000ത്തോളം സ്ത്രീകളെയും പിടികൂടിയിട്ടുണ്ട്. ഇവരെ വിവിധ തടവ് കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെയും നാടുകടത്തും. ഈ രാജ്യക്കാരുടെ എംബസികളുമായി സൗദി സുരക്ഷാ വിഭാഗം ബന്ധപ്പെട്ടിട്ടുണ്ട്. നിയമലംഘകരാണെന്ന് കണ്ടെത്തിയ രണ്ടുലക്ഷത്തിലധികം വിദേശികളെ കുറിച്ച് അവരുടെ എംബസികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവര്‍ക്ക് യാത്രാ രേഖകള്‍ നല്‍കാന്‍ എംബസികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. രേഖകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവരെ നാടുകടത്തും.

Story by
Read More >>