നിതാഖാത്തിന്റെ കാഠിന്യം കൂടുതൽ മേഖലകളിലേക്കു നീങ്ങുന്നു

എണ്ണയിതര വരുമാനത്തിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ ലേവി വർഷങ്ങളായി കുടുംബസമേതം താമസമാക്കിയിരുന്ന ആയിരങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്.

നിതാഖാത്തിന്റെ കാഠിന്യം കൂടുതൽ മേഖലകളിലേക്കു നീങ്ങുന്നു

സ്വദേശികളായ യുവതി-യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി സൗദി ഭരണകൂടം നടത്തിവരുന്ന നിതാഖാത്ത് കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. ജീവിക്കാനായി വീടും നാടുമുപേക്ഷിച്ച് അറബിമണ്ണില്‍ അഭയം തേടിയ ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തിയ നടപടിക്രമങ്ങളും പഴുതുകളടച്ചുള്ള പരിശോധനകളും ദുരിതത്തിലാക്കിയിട്ടുണ്ട്. ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് പോലും രക്ഷയില്ലാത്ത വിധം നടപ്പില്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടത്തരക്കാരന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.

എണ്ണയിതര വരുമാനത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തിയ ലെവി വര്‍ഷങ്ങളായി കുടുംബസമേതം സൗദിയില്‍ താമസിക്കുന്ന ആയിരങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ നടപ്പില്‍ വരുത്തിയ തലയൊന്നിനു 100 റിയാലെന്ന കണക്കില്‍ വര്‍ഷം തോറും 1200 റിയല്‍ കൊടുക്കേണ്ടിവരുമ്പോള്‍ വരും വര്‍ഷങ്ങളില്‍ നൂറുവീതം ഇരട്ടി നല്‍കി നാലാം വര്‍ഷം മാസം 400 എന്ന ക്രമത്തില്‍ 4800 റിയലിലെത്തി അവസാനിക്കുന്ന ഭീമമായ ബാധ്യതയെ ഭയന്ന് കൂട്ടത്തോടെ ഒഴിഞ്ഞുപോക്കുകള്‍ ഇപ്പോഴും തുടരുകയാണ് , ഈ പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയേയും വെറുതെവിട്ടില്ല. ഈ മേഖലയില്‍ യഥാര്‍ത്ഥത്തില്‍ വന്‍ നഷ്ട്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 25000 റിയല്‍ വരെ പ്രതിവര്‍ഷം വാടക ഈടാക്കിയിരുന്ന വില്ലകളും മറ്റും 10000 റിയാലിന് പോലും ഇപ്പോള്‍ ലഭ്യമാണ്. ഒഴിഞ്ഞുകിടക്കുന്ന വില്ലകളും വിജനമായ മാര്‍ക്കറ്റുകളുമാണ് സൗദി വിപണിയുടെ മറ്റൊരു മുഖം.

സൗദി പൗരന്മാരെ ജോലിക്ക് നിയമിക്കുന്നതിന്റെ അനുപാതത്തിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലും കമ്പനികള്‍ തരംതാഴ്ത്തല്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഞ്ഞയിലും ചുവപ്പിലും പെട്ടിരിക്കുന്നതിനാല്‍ (ജോലിചെയ്യാനും സഞ്ചരിക്കാനുമുള്ള അനുമതികള്‍) 'ഇഖാമ' പുതുക്കാന്‍ സാധിക്കാതെ, ശക്തമായി തുടരുന്ന പരിശോധനകള്‍ ഭയന്ന് മുറിക്കുള്ളില്‍ അടച്ചിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. മൊബൈല്‍ മേഖലയില്‍ നടപ്പില്‍ വരുത്തിയ 100 ശതമാനം സ്വദേശിവല്‍ക്കരണത്തിന് പിന്നാലെ ആയിരങ്ങള്‍ പണിയെടുക്കുന്ന സ്വര്‍ണ്ണ വിപണന മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരിക്കുകയാണ് സൗദി തൊഴില്‍ മന്ത്രാലയം.

അടുത്ത മാസം മൂന്നു മുതല്‍ സൗദി സ്വദേശികളല്ലാത്ത യുവാക്കളെ ഈ മേഖലയില്‍ നിയമിച്ചാല്‍ ഒരു തൊഴിലാളിക്ക് 20000 റിയല്‍ എന്ന നിരക്കില്‍ പിഴ നല്‍കേണ്ടിവരും. മൊബൈല്‍ വിപണന-സേവന രംഗത്ത് നിയമം ലംഘിച്ച് ജോലി ചെയ്ത മലയാളികളടക്കമുള്ള യുവാക്കള്‍ക്ക് 10000 റിയാല്‍ വീതം പിഴ ചുമത്തുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തിട്ടാണ് അധികൃതര്‍ ശിക്ഷ നടപ്പിലാക്കിയത്. പിഴ അടക്കാത്ത പക്ഷം നാട്ടിലേക്കുള്ള യാത്ര പോലും അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയാണുണ്ടാകുക. പിന്നീട് താമസവുമായി ബന്ധപ്പെട്ട രേഖകള്‍ പുതുക്കാന്‍ സാധ്യമാകാത്ത വിധം നിയമക്കുരുക്കുകളില്‍പ്പെടുന്ന അവസ്ഥയുണ്ടാകും എന്ന മുന്നറിയിപ്പുകളും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. ഊര്‍ജ്ജിതമായി തുടരുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്കുണ്ടാവകും എന്ന സൂചനകള്‍ തന്നെയാണ് സൗദി ഭരണകൂടം നല്‍കുന്നത്

Read More >>