നാസര്‍ ഇനി പ്രവാസിയല്ല, സിനിമാനടനാണ്‌!

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥയാണ് 'പത്മവ്യൂഹത്തിലെ അഭിമന്യൂ'.സിനിമ ഫെബ്രുവരി 15 ന് തീയേറ്ററുകളില്‍ എത്തും

നാസര്‍ ഇനി പ്രവാസിയല്ല, സിനിമാനടനാണ്‌!

അവിചാരിതമായി ലഭിച്ച ഈ അവസരം നാസ്സർ ചെമ്മെട്ടിന്ന് (നാസര്‍ ചാലിയം) സ്വപ്നസാക്ഷാത്കാരമാണ്. 32 വര്‍ഷങ്ങള്‍ സൗദിയിലെ അല്‍ ഖോബാറില്‍ ഒരു സാധാരണക്കാനായ പ്രവാസിയായി കഴിയുമ്പോഴും, എന്നെങ്കിലും ഒരിക്കല്‍ സിനിമയിലഭിനയിക്കണം എന്ന മോഹം ഈ കോഴിക്കോട് ചാലിയം സ്വദേശിയില്‍ വാടിക്കൊഴിഞ്ഞിരുന്നില്ല. അതാണ്‌ 'പത്മവ്യൂഹത്തിലെ അഭിമന്യൂ' വിലുടെ ഇപ്പോള്‍ വസന്തമാകുന്നത്. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥയാണ് 'പത്മവ്യൂഹത്തിലെ അഭിമന്യൂ'.

സൗദിയിൽ DHL വേള്‍ഡിലെ റിപ്പോർട്ടിങ് ആൻഡ് അനാലിസിസ് മാനേജർ ആയിരിക്കെയാണ് നാസര്‍ ജോലി ഉപേക്ഷിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങി. ആഗ്രഹം പോലെ സിനിമയില്‍ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയണം. അതിനായിരുന്നു ആ യാത്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലേക്ക് ലഭിച്ച മികച്ച ഒരു അവസരം പാഴായി പോയ വേദന ഈ കലാകാരന് മാറിയിട്ടുണ്ടായിരുന്നില്ല. യശ:ശരീരനായ പദ്മരാജന്റെ 'ഇടവേള' എന്ന ചിത്രത്തിലേക്ക് ചെറുതല്ലാത്ത റോളിലേക്ക് നാസര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നു പറഞ്ഞാല്‍ ഭാവി തന്നെ പോകുന്നു എന്നൊരു ചിന്താഗതി നിലനിന്നിരുന്ന കാലത്ത്, വീട്ടില്‍ എത്തിയ സെലക്ഷന്‍ ലെറ്റര്‍ നാസര്‍ കാണാതെ വാപ്പയും ഉമ്മയും ഒളിപ്പിച്ചു വച്ചു. ആ സിനിമയിലൂടെ ഇടവേള ബാബു പ്രശസ്തനാകുകയും സിനിമാ മേഖലയിലെ ഒരു സജീവ സാന്നിധ്യമായി മാറുകയും ചെയ്തു .ഒരു പദ്മരാജന്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിയാതെ പോയതിന്റെ നൊമ്പരം ഇന്നും ഈ കലാകാരനില്‍ ഉണ്ട്.


കോളേജ് പഠനകാലയളവില്‍ മമൂട്ടിയുടെ 'അനുബന്ധത്തില്‍' ചെറിയ റോള്‍ ലഭിച്ചിരുന്നുവെങ്കിലും പ്രവാസജീവിതവുമായി ബന്ധപ്പെട്ടു പോകേണ്ടി വന്നതിനാല്‍ സ്വപ്നങ്ങള്‍ക്ക് നല്‍ക്കാന്‍ പിന്നെയും സമയം നാസറിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. 38 വര്‍ഷത്തെ മരുഭൂമി ജീവിതം അവസാനിപ്പിച്ചു ഇനിയും സിനിമാ രംഗത്ത് മനസ്സ് പറയുംപോലെ തൃപ്തനായി ജീവിക്കാനാണ് നാസര്‍ ആഗ്രഹിക്കുന്നത്.

'പത്മവ്യൂഹത്തില്‍ അഭിമന്യു'വില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് നാസര്‍ ചെമ്മെട്ട് അവതരിപ്പിക്കുന്നത്. ഷൂട്ടിംഗിന്റെ ഭാഗമായി വട്ടവടയില്‍ പോകാനും അഭിമന്യുവിന്റെ കുടുംബവുമായി അടുത്തു പരിചയപ്പെടാനും കഴിഞ്ഞത് ഭാഗ്യമായി ഈ കലാകാരന്‍ കരുതുന്നു. അഭിമന്യൂ എന്ന ചെറുപ്പക്കാരനെ ഒരു നാട് എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് താന്‍ കണ്ടറിയുകയായിരുന്നു. എന്തിനും ഏതിനും അവര്‍ സിനിമാ ചിത്രീകരണത്തിന് ഒപ്പം നിന്നതായും നാസര്‍ ചെമ്മെട്ട് ഓര്‍മ്മിക്കുന്നു.


ഫെബ്രുവരി 15ന് പത്മവ്യൂഹത്തിലെ അഭിമന്യൂ തീയേറ്ററുകളില്‍ എത്തും. എല്ലാവരും തീയേറ്ററിൽ പോയി ചിത്രം കണ്ടു ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണം എന്നും നാസര്‍ പറയുന്നു. വീട്ടമ്മയായ റഹിയാനയാണ് ഭാര്യ. മക്കൾ തഹ്‌സിനും തമീമും. തഹസീന്‍ അഡ്വൈർടൈസ്‌മെന്റ് ഫിലിം ഡയറക്ടറാണ്. വാപ്പയുടെ സ്വപ്നങ്ങള്‍ക്ക് മകന്റെ 'ഫുള്‍ ഓക്കേ' സപ്പോര്‍ട്ട് ഉണ്ട്. ഫെബ്രുവരി 15 ഈ കലാകാരന്റെ കൂടി തീയതിയാണ്.

നാസറിനെ വിളിക്കാം- 9946851000