പരിസ്ഥിതി സംരക്ഷണത്തിന് ഇലക്ട്രിക് വാഹന ചാര്‍ജ്ജ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു ദുബായ്

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ്‌ ഈ തീരുമാനത്തിന് പിന്നില്ലെന്നു ബിഇഡ്യൂഎയുടെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ സയീദ് മുഹമ്മദ് അല്‍ സയീദ് പറയുന്നു

പരിസ്ഥിതി സംരക്ഷണത്തിന് ഇലക്ട്രിക് വാഹന ചാര്‍ജ്ജ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു ദുബായ്

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന സ്‌റ്റേഷനുകളുടെ എണ്ണം ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ഡിഇഡ്യൂഎ) ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഗതാഗത മേഖലയില്‍ നിന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് ദുബായിയെ സംരക്ഷിക്കുന്നതിനും വേണ്ടി 2014 ല്‍ തുടക്കം കുറിച്ച ഗ്രീന്‍ ചാര്‍ജ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ്‌ ഈ തീരുമാനത്തിന് പിന്നില്ലെന്നു ബിഇഡ്യൂഎയുടെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ സയീദ് മുഹമ്മദ് അല്‍ സയീദ് പറഞ്ഞു.

1) പെട്രോള്‍ പമ്പുകളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഒന്നാമതായി ലക്ഷ്യമിടുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളിലൂടെ 20- 40 മിനിറ്റ് കൊണ്ട് ചാര്‍ജിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത്തരം സ്റ്റേഷനുകളില്‍ മൂന്ന് വ്യത്യസ്ത പ്ലഗുകള്‍ ഉണ്ടാകും. ഓള്‍ട്ടര്‍നേറ്റീവ് കറണ്ടിനു വേണ്ടി 48 കിലോവാട്ട് കപ്പാസിറ്റിയുള്ള പ്ലഗും ചഡീമോ പ്ലഗുകളും ഡയറക്റ്റ് കറണ്ട് നല്‍കുന്ന 50 കിലോ വാട്ട് കപ്പാസിറ്റിയുള്ള കോമ്പോ പ്ലഗുകളും ഉണ്ടാകും.

2) ഷോപ്പിംഗ് മോളിലും പാര്‍ക്കുകളിലും ദുബായ് ഗവണ്‍മെന്റിന്റെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലുമാണ് മീഡിയം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. 2 മുതല്‍ 4 മണിക്കൂര്‍ വരെ സമയം എടുത്താണ് വാഹനം ചാര്‍ജ് ചെയ്യുന്നത്. 22 കിലോ വാട്ട് കപ്പാസിറ്റിയുളള രണ്ട് പ്ലഗുകളായിരിക്കും ഇത്തരം സ്റ്റേഷനില്‍ ഉണ്ടാവുന്നത്.

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറവായിരിക്കും എന്നതിനാല്‍ അന്തരീക്ഷമലിനീകരണം ഒരു വലിയ അളവ് വരെ നിയത്രിക്കാന്‍ ഈ തീരുമാനം സഹായക്മാകും എന്ന് യു.എ.ഇ കരുതുന്നു.