സ്വദേശിവത്കരണം; ആളൊഴിഞ്ഞ് സൗദി തെരുവുകൾ

അധികം വൈകാതെ മക്കയിലും മദീനയിലും പരിശോധന ശക്തമാക്കുമെന്നാണ് ആഭ്യന്തര-തൊഴില്‍ മന്ത്രിലായം നല്‍കുന്ന വിശദീകരണം.

സ്വദേശിവത്കരണം; ആളൊഴിഞ്ഞ് സൗദി തെരുവുകൾ

തൊഴില്‍മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം തുടങ്ങിയതോടെ സൗദിയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ ഒട്ടേറെ കടകള്‍ അടഞ്ഞുകിടക്കുകയാണ്. ചില പ്രദേശങ്ങളില്‍ മാത്രമാണ് വിദേശികള്‍ കടകള്‍ തുറക്കുന്നത്. നിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ പരിശോധന നടക്കുന്നുണ്ട്. നിയമലംഘനം നടത്തിയാല്‍ കടുത്ത പിഴ ഈടാക്കും. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് വിദേശികള്‍. ഇനി നാട്ടിലേക്ക് മടങ്ങുക മാത്രമാണ് പോംവഴിയെന്നും അവര്‍ പറയുന്നു. മലയാളികളുടെ കൂട്ടത്തോടെയുള്ള വരവ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കും.

സപ്തംബര്‍ 11 മുതലാണ് വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവല്‍ക്കരണം തുടങ്ങിയത്. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വില്‍പ്പനശാലകളിലാണ് സ്വദേശിവല്‍ക്കരണം. ഈ കടകളിലെല്ലാം 70 ശതമാനം വിദേശികളെ നിയമിക്കണമെന്നാണ് ചട്ടം. വിദേശികള്‍ക്ക് ഈ മേഖലകളില്‍ ചെറുകിട സ്ഥാപനങ്ങളാണ് കൂടുതല്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള ബാധ്യതയാണ് വരിക. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇത്തരംകടകളില്‍ ജോലി ചെയ്യുന്നത്. അടച്ചുപൂട്ടുകയല്ലാതെ രക്ഷയില്ലെന്ന് അവര്‍ പറയുന്നു.

മക്ക, മദീന മേഖലകളില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടില്ല. ഹാജിമാര്‍ പൂര്‍ണമായും മടങ്ങിപ്പോകാത്തതിനാലാണ് ഇവിടെ പരിശോധന കര്‍ശനമാക്കാത്തത്. അതുകൊണ്ടു തന്നെ ഇവിടെ കടകള്‍ അടച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ മക്കയിലും മദീനയിലും പരിശോധന ശക്തമാക്കുമെന്നാണ് ആഭ്യന്തര-തൊഴില്‍ മന്ത്രിലായം നല്‍കുന്ന വിശദീകരണം. ജിദ്ദയിലെ മലയാളികളുടെ പ്രധാന കച്ചവട കേന്ദ്രമാണ് ഷറഫിയ്യ. ഇവിടെയും കടകള്‍ തുറന്നിട്ടുണ്ട്. കാര്യമായ പരിശോധനകള്‍ ഇവിടെ തുടങ്ങിയിട്ടില്ല. ഹാജിമാരുടെ പ്രധാന സന്ദര്‍ശന വിപണിയായ ബലദിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റു മേഖകലളില്‍ കനത്ത പരിശോധ തുടരുകയാണ്.

Read More >>