സുധീഷിന്റെ വിയര്‍പ്പില്‍ മരുഭൂമിയില്‍ പൊന്നുവിളഞ്ഞു; കൊയ്ത്തുപാട്ടും ആര്‍പ്പുവിളിയുമായി ഷാര്‍ജയിലെ 'മലയാളിപ്പാടത്ത്' മേടക്കൊയ്ത്തു നടന്നു

ഗുരുവായൂര്‍ സ്വദേശിയും പ്രവാസിയുമായ സുധീഷാണ് മരുഭൂമിയിലെ ഈ മഹോത്സവത്തിനു ചുക്കാന്‍ പിടിച്ചത്. താന്‍ താമസിക്കുന്ന ഇടത്ത് വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത നെല്‍പ്പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ച്, നെല്‍കൃഷിയും വയലുമൊക്കെ കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഇന്നത്തെ തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകകൂടിയായിരുന്നു അദ്ദേഹം.

സുധീഷിന്റെ വിയര്‍പ്പില്‍ മരുഭൂമിയില്‍ പൊന്നുവിളഞ്ഞു; കൊയ്ത്തുപാട്ടും ആര്‍പ്പുവിളിയുമായി ഷാര്‍ജയിലെ മലയാളിപ്പാടത്ത് മേടക്കൊയ്ത്തു നടന്നു

മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൊയത്തുപാട്ടും ആര്‍പ്പുവിളികളും ഇന്ന് യുഎഇയില്‍ മുഴങ്ങി. ഷാര്‍ജയിലെ മണലിനെ പച്ചമണ്ണിനു തുല്യമാക്കി മാറ്റി വിളിയിച്ചെടുത്ത നെല്‍ക്കതിരുകള്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കൊയ്‌തെടുത്തു. കേരളത്തിന്റെ ഗ്രാമിണത അന്യമായ ഇന്നത്തെ പ്രവാസി മലയാളസമൂഹത്തിനു ഒരു പുതിയ അനുഭവം കൂടിയായിരുന്നു ഈ വിളവെടുപ്പ്.

ഗുരുവായൂര്‍ സ്വദേശിയും പ്രവാസിയുമായ സുധീഷാണ് മരുഭൂമിയിലെ ഈ മഹോത്സവത്തിനു ചുക്കാന്‍ പിടിച്ചത്. താന്‍ താമസിക്കുന്ന ഇടത്ത് വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത നെല്‍പ്പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ച്, നെല്‍കൃഷിയും വയലുമൊക്കെ കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഇന്നത്തെ തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകകൂടിയായിരുന്നു അദ്ദേഹം. തന്റെ കുംബത്തിനൊപ്പം യുഎഇയിലെ സൃഹൃത്തുക്കളും ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികളും കൂടിയപ്പോള്‍ അറബ് നാടിന് അതൊരു പുതിയ അനുഭവംതന്നെയായിരുന്നു.

ഷാര്‍ജയിലെ നെല്‍പ്പാടത്ത് സുധീഷും കുടുംബവും


ഒരു ഇലക്ട്രിക് എഞ്ചിനീയറായിട്ടായിരുന്നു സുധീഷ് തന്റെ പ്രവാസ ജീവിതം തുടങ്ങിയതെങ്കിലും കൃഷിയാണ് തനിക്കിണങ്ങുന്നതെന്നു കണ്ടെത്തി അതിലേക്കു തിരിയുകയായിരുന്നു. ഇന്ന് ഷാര്‍ജയിലെ ഓര്‍ഗാനിക് ഫാമിന്റെ മാനേജരാണ് അദ്ദേഹം. ഒരു സാധാരണ പ്രവാസിയെപ്പോലെ ബാല്‍ക്കണിയിലെ ചെടിച്ചട്ടിയില്‍ തുടങ്ങിയ കാര്‍ഷിക വിപ്ലവം ഇന്ന് എത്തി നില്‍ക്കുന്നത് ഷാര്‍ജയിലെ നാലര ഏക്കര്‍ കൃഷിഭൂമിയിലെ സമൃദ്ധമായ പച്ചപ്പിലാണ്. വാഴയും ചേനയും ചേമ്പും മറ്റു പച്ചക്കറികളും നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടത്തിന് അലങ്കാരമായിട്ടായിരുന്നു 2016 നവംബറില്‍ നെല്‍വയലിന്റെ ജനനം. കരനെല്‍കൃഷിക്ക് അത്യുത്തമമായ ഉമയാണ് ഷാര്‍ജയില്‍ സുധീെഷ് പരീക്ഷിച്ചത്. പൂഴിമണലിനെ പാകപ്പെടുത്തി വെള്ളം കെട്ടി നിര്‍ത്തി വയലാക്കിയെടുത്ത ശേഷമാണ് ഉമനെല്ലില്‍ നാമ്പെടുത്ത ചാറ് സുധീഷ് നട്ടത്.

നൂറകണക്കിന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റു സാമൂഹികപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടീല്‍ ഉത്സവവും. അതിനും സുധീഷ് കാരണം പറയുന്നുണ്ട്. നെല്‍കൃഷി എന്താണെന്നുപോലും അറിയില്ലാത്ത ഇന്നത്തെ കുട്ടികള്‍ക്ക് അതു മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ഒരു ഉദ്യമം കൂടിയായിരുന്നു അത്. സുധീഷിന്റെ ഉദ്യമം വെറുതേയായില്ല. കുട്ടികള്‍ക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. സൂക്ഷമമായ പരിചരണം നല്‍കിയതിലൂടെ നെല്‍കൃഷി അതിന്റെ സ്വാഭാവിക വളര്‍ച്ച കൈവരിക്കുകയും അഞ്ചു മാസം കഴിഞ്ഞപ്പോള്‍ കൊയ്യാന്‍ പാകമാകുകയും ചെയ്തു. നാട്ടിന്‍പുറത്തിന് ഇന്ന് അന്യം നിന്നുപോയ കൊയ്ത്തുത്സവം പ്രവാസി കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കണമെന്ന ആഗ്രഹവും സുധീഷിനുണ്ടായിരുന്നു. ആഗ്രഹം അങ്ങനെ യാഥാര്‍ത്ഥ്യമാകുകയും ചെയ്തു.

വയലില്‍ ഞാറ് നടുന്ന കുട്ടികള്‍ക്കു നിര്‍ദ്ദേശം നല്‍കുന്ന സുധീഷ്


യുഎഇ അവധിദിവസമായ വെള്ളിയാഴ്ച രാവിലെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സുധീഷും സംഘവും അറേബ്യന്‍ പാടത്തില്‍ മേടക്കൊയ്ത്തു നടത്തി. ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍, ഷാര്‍ജ ഇന്തന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും കൊയ്യു പ്രമാണിച്ചു പാടത്തെത്തിയിരുന്നു. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷനുകളും കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. ആര്‍പ്പുവിളികളും ആഘോഷവുമായി കൊയ്ത്തു തുടങ്ങിയപ്പോള്‍ പലര്‍ക്കും ഇതൊരു പുതിയ അനുഭവം കൂടിയായി. കീടത്തിന്റെ ആക്രമണങ്ങളും എലിശല്യവും മറ്റും അതിജീവിച്ച് മണലാരണ്യത്തില്‍ നൂറുമേനി വിളവ് നേടിയെടുത്ത സുധീഷിനെ തേടി അഭിനന്ദനങ്ങളൃം എത്തിക്കഴിഞ്ഞു

Read More >>