അമേരിക്കൻ പൗരത്വമുള്ള കുടിയേറ്റക്കാരുടെ ജീവിതം ത്രിശങ്കുവിലോ?

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ നയം ഇന്ത്യന്‍ പ്രവാസികളെ എങ്ങനെ ബാധിക്കാന്‍ ഇടയുണ്ട് എന്ന് പ്രവാസി മലയാളിയായ വിശാഖ് ചെറിയാന്‍ എഴുതുന്നു...

അമേരിക്കൻ പൗരത്വമുള്ള കുടിയേറ്റക്കാരുടെ ജീവിതം ത്രിശങ്കുവിലോ?

വിശാഖ് ചെറിയാന്‍

അമേരിക്കയുടെ നാൽപ്പത്തഞ്ചാമത്തെ പ്രസിഡന്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റത് വാൾ സ്ട്രീറ്റ് വളരെ പ്രതീക്ഷയോടെയാണ് വരവേറ്റതെങ്കിലും ദലാൽ സ്ട്രീറ്റിന് അത്ര പ്രതീക്ഷ നൽകുന്നതായിരുന്നില്ല കാര്യങ്ങള്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി എക്സിക്യൂട്ടീവ് ഓർഡറുകളായി മാറുമ്പോള്‍ അമേരിക്കൻ ഇമിഗ്രേഷന്‍ സിസ്റ്റത്തിന് എന്ത് സംഭവിക്കും എന്നായിരുന്നു ലോകം ഉറ്റു നോക്കികൊണ്ടിരുന്നത്. ഇന്ത്യൻ മാധ്യമങ്ങൾ അവരുടേതായ രീതിയിൽ വ്യാഖ്യാനങ്ങൾ നൽകി വാര്‍ത്തയെ ആഘോഷിച്ചു. ആ ആഘോഷം ഇന്ത്യൻ ഐ.റ്റി സർവീസസ് കമ്പനികളുടെ ഷെയറിൽ ഇടിവില്‍ എത്തിക്കുവാനാണ് സഹായിച്ചത്.

എല്ലാ തെരഞ്ഞെടുപ്പിലെന്ന പോലെ നികുതി ഭാരവും, അമേരിക്കൻ കമ്പനികള്‍ അവര്‍ക്ക് ആനുല്യങ്ങളുള്ള മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതുമെല്ലാം ഇവിടെയും വിഷയമായിരുന്നു. എന്നാല്‍ അതിലുപരിയായി വാൾട്ട് ഡിസ്‌നിയിൽ അമേരിക്കൻ പൗരന്മാരേ പിരിച്ചുവിട്ടതും, അവരാൽ പരിശീലിപ്പിക്കപ്പെട്ട ഇന്ത്യൻ ഉദ്യോഗാർത്ഥികളെ കുറഞ്ഞ ശമ്പളത്തില്‍ നിയോഗിച്ചതുമായിരുന്നു തെരഞ്ഞെടുപ്പിൽ ഇത്തവണ ചൂടേറിയ വിഷയമായത്. അവരുടെ വികാരമായിരുന്നു തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ കലാശിച്ചത്. പ്രതീക്ഷിച്ചതുപോലെ, ട്രംപ് ഓവൽ ഓഫീസിൽ കയറിയ അന്നു മുതൽ തന്നെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി എക്സിക്യൂട്ടീവ് ഓർഡറിന്റെ രൂപത്തിൽ പ്രാവർത്തികമാക്കുവാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മെക്സിക്കന്‍ ബോർഡർ വിഷയത്തിൽ തീരുമാനമെടുക്കുകയും, ചില രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പടുത്തുകയും ചെയ്തു. ഒപ്പം തന്നെ എച്ച് വൺ ഉദ്യോഗാർത്ഥികളെ പോർട്ട് ഓഫ് എൻട്രിയിൽ വച്ച് തിരിച്ചയക്കുകയും ചെയ്തത് ലോകം ഞെട്ടലോടെയാണ് കണ്ടത്.

ഒബാമയുടെ കാലത്തും ഇത് സാധാരണയായി കണ്ടിരുന്നു എന്നത് പരമാർത്ഥമാണെങ്കിൽകൂടിയും, മാധ്യമങ്ങളില്‍ അത്ര ശ്രദ്ധ നേടിയിരുന്നില്ല. ഒബാമയുടെ ഭരണകാലയളവിലെ എട്ട് വർഷത്തെ കണക്ക് പ്രകാരം 5,314,137 (അഞ്ച് മില്യൺ) പേരെയാണ് നാട് കടത്തിയത്, അതിൽ ഭൂരിഭാഗവും മെക്സിക്കൻ പൗരന്മാർ ആയിരുന്നു. ഈ നാട് കടത്തലുകളുടെ കാര്യത്തിൽ ബിൽ ക്ലിന്റൺ ആണ് മുന്നിൽ, അദ്ദേഹം എട്ട് വർഷം കൊണ്ട് 12,290,906 (പന്ത്രണ്ട് മില്യൺ) പേരെയാണ് ഡീപോർട്ട് ചെയ്തത്. അതിൽ ഭൂരിപക്ഷവും മിഡ്‌ഡിൽ ഈസ്റ്റ് പൗരന്മാരായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. ഇനിയിപ്പോള്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ്, ബിൽ ക്ലിന്റണിന്റെ റെക്കോര്‍ഡ്‌ മറികടക്കുമോ എന്നു കണ്ടുതന്നെയറിയണം. തെരഞ്ഞെടുപ്പ് കാലയളവില്‍ അനധികൃത കുടിയേറ്റക്കാരെപ്പറ്റിയും, മുസ്ലിം അഭ്യർത്ഥികൾക്കെതിരെയുള്ള ട്രംപിന്റെ പരാമർശങ്ങളാകാം ഒരു പക്ഷേ ലോക മാധ്യമങ്ങൾ ട്രംപ് ഭരണകൂടത്തെ ഇത്രകണ്ട് നിരീക്ഷിക്കാൻ നിര്‍ബന്ധിതമായത്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറുകൾ താത്കാലികമായി മരവിപ്പിച്ചതിനെ തുടർന്ന് ആക്ടിങ് അറ്റോർണി ജനറൽ സാലി യാറ്റിസിനെ സ്ഥാനഭ്രഷ്ടത്തില്‍ കൊണ്ടുചെന്നെത്തിച്ചത് അമേരിക്കൻ ജനങ്ങളുടെ ഇടയിൽ തന്നെ ആശങ്കയുള്ളവാക്കി.

അമേരിക്കയിൽ ഇമിഗ്രേഷൻ സമ്പ്രദായത്തില്‍ പ്രസിഡന്റിന് കുറച്ചധികം തീരുമാനങ്ങളെടുക്കാന്‍ കഴിയുമെങ്കിലും അതുപോലെ തന്നെ പരിമിതികളും ഉണ്ട്. എല്ലാ സുപ്രധാന തീരുമാനങ്ങളും കോൺഗ്രസ്സും, സെനറ്റും വഴി നിയമമായി പാസ്സാക്കിയാൽ മാത്രമേ അത് പ്രാബല്യത്തിൽ വരുകയുള്ളു. ഇന്ത്യൻ മാധ്യമങ്ങൾ അനാവശ്യമായ രീതിയിൽ ഭീതി പരത്തി എന്നതല്ലാതെ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കുക.

പൗരന്മാരുടെ ഇടയിൽ ട്രംപിന്റെ നടപടികളിൽ മിശ്രിത അഭിപ്രായമാണ് ഉള്ളത്. പല ട്രംപ് അനുകൂലികളും വളരെ ഭീതിയോടെയാണ് ഇതിനെ കാണുന്നതെങ്കിലും, വെള്ളവർഗ്ഗക്കാരുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചു എന്ന് പറയാതെ വയ്യ. അതിന്റെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപെട്ടത് അമേരിക്കയിൽ ചേക്കേറിയ ചില മലയാളികളുടെ ചേഷ്ടകളിലാണ്. അവർ പൗരത്വമില്ലാത്ത മലയാളികൾക്ക് എതിരെ പരസ്യമായി സമൂഹമാധ്യമങ്ങളിൽ സജീവമായി. ഇങ്ങനെയുള്ളവരെ ഒന്നടങ്കം അമേരിക്കയിൽ നിന്ന് പുറത്താക്കണം എന്ന രീതിയിലായി അവരുടെ ശബ്ദങ്ങള്‍. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൌൺസിൽ എന്നീ മലയാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിൽ സജീവ സാന്നിധ്യമായി കാണപ്പെടുന്ന ചില വ്യവസായ പ്രമുഖരാണ് കൂടുതലായും ഇവർക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്നുള്ളത് വേദന നല്‍കുന്നുണ്ട്. അമേരിക്കൻ പൗരന്മാരെയും, പൗരത്വം കാത്തു നിൽക്കുന്ന മലയാളികളെയും രണ്ട് തട്ടിൽ കാണുന്ന ഒരു സമൂഹത്തിന്റെ ഒറ്റപ്പെടുത്തല്‍ ഒഴിച്ചാല്‍ ട്രംപിന്റെ നവബില്ലുകൾ പാസ്സാക്കുന്നതു വരെ ഇപ്പോൾ ഇന്ത്യൻ കമ്പനികള്‍ക്കോ ഇന്ത്യന്‍ ജീവനക്കാര്‍ക്കോ പ്രതിസന്ധി ഉണ്ടാകില്ലായെന്നു ആശ്വസിക്കാം. എങ്കിൽ കൂടിയും, രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇമിഗ്രേഷൻ അറ്റോർണിമാർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചില എംബസ്സികളിൽ വിസ സ്റ്റാമ്പ്‌ ചെയ്തു നല്‍കുന്നതിലും വിസ നിഷേധിക്കപ്പെട്ടതും, ഡ്രോപ്പ് ബോക്സ് സംവിധാനം നിർത്തലാക്കിയതുമെല്ലാം വളരെ ആശങ്ക ഉളവാക്കുന്നുണ്ട് എന്നുള്ളത് മറക്കുന്നുമില്ല.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ഭദ്രതക്കും ഒഴിച്ചുകൂടാൻ കഴിയാത്ത അവിഭാജ്യഘടകമാണ് വിവരസാങ്കേതിക മേഖലയുടെ പുരോഗതി. 1998ൽ ഇന്ത്യയുടെ GDP വെറും 1.2% വളർച്ചയിൽ നിന്ന് 2012ൽ അത് 7.2 ശതമാനമായി ഉയർന്നതിൽ ഐ.ടി, ഐ.ടി അനുബന്ധ മേഖല വഹിച്ച പങ്ക് വളരെ വലുതാണ്. നാസ്കോമിന്റെ 2015ലെ കണക്ക് പ്രകാരം 147 ബില്യൺ ഡോളറാണ് സോഫ്റ്റ്‌വെയർ കയറ്റുമതി ഇനത്തിൽ ഇന്ത്യയ്ക്ക് വരുമാനമായി ലഭിച്ചത്, അതായത് വർഷം 13 ശതമാനത്തിലധികം വളർച്ചയാണ് ഈ മേഖലയിൽ ഇന്ത്യ കൈവരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ വിവര സാങ്കേതിക വിപ്ലവം, ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ അതിവേഗം വളർച്ച കൈവരിക്കാൻ സഹായിച്ചതോടൊപ്പം ഇന്ത്യയിൽ 2.5 മില്യൺ ജോലികൾ സൃഷ്ടിക്കുകയും, ഇപ്പോൾ ഇന്ത്യ ലോകത്തിന്റെ തന്നെ ഐ.ടി തലസ്ഥാനമായി മാറിക്കഴിയുകയും ചെയ്തിരിക്കുന്നു. 1998ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി വെറും 4 ശതമാനത്തിൽ താഴെയായിരുന്നത് 2012ൽ 25 ശതമാനത്തിലധികമായി വർധിച്ചു. ഗർട്ണറിന്റെ കണക്ക് പ്രകാരം ഇപ്പോൾ ലോകത്തിലേ ഏറ്റവും വലിയ ഐ.ടി കമ്പനികളില്‍ ടാറ്റാ കൺസൾട്ടൻസി, ഇൻഫോസിസ്, വിപ്രോ എന്നിവ ഉൾപ്പെടും. ഇതിനെ മുൻനിർത്തി ഇന്ത്യ ഒരു സമ്പൂര്‍ണ്ണ ഡിജിറ്റൽ രാജ്യമാക്കുക എന്നതാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഹ്രസ്വകാല ലക്ഷ്യം. എച് വൺ ബീ ജീവനക്കാരെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്നും അതോടൊപ്പം തന്നെ ഔട്ട് സോഴ്‌സിങ് നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്ന അമേരിക്കൻ മലയാളികളെ പരിപോഷിപ്പിക്കാൻ പ്രവർത്തിക്കുന്ന സംഘടനകളിൽ സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ മനസ്സിലാക്കുന്നില്ല ഇവർ ഒരു തരത്തിൽ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ വിനാശമാണെന്ന്.

അമേരിക്കയിലെ ഭൂരിപക്ഷ കോർപറേറ്റുകളും ബഹുരാഷ്ട്ര കമ്പനികള്‍ക്കും ദൈനദിന പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുപോകേണ്ടതുണ്ട്. അതുകൊണ്ടാണ് അവർ വിവര സാങ്കേതിക മേഖലയെ അത്യധികം ആശ്രയിക്കുന്നതും. വിവര സാങ്കേതിക മേഖലയിൽ പ്രാവിണ്യം നേടിയവർ അമേരിക്കയിൽ വളരെ വിരളമാണ്, അതിനാല്‍ മറ്റ് രാജ്യങ്ങളിലെ വിദഗ്ധരുടെ സേവനം സ്വീകരിക്കാൻ ഈ കോർപ്പറേറ്റുകൾ നിർബന്ധിതമാകുന്നു. ഇങ്ങനെ ക്ഷണിക്കപ്പെട്ട് വരുന്നവർ, എച്ച് വണ്‍ വിസയില്‍ അമേരിക്കയില്‍ വന്ന് നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്തതിന് ശേഷം ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കി ഇവിടെത്തന്നെ തുടര്‍ജീവിതം നയിക്കുന്നു. മാത്രമല്ല, തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ എണ്ണത്തിലും ഓരോ വര്‍ഷവും വര്‍ധനവാണ് ഉണ്ടാകുന്നത്.

പുതിയ ഇമിഗ്രേഷന്‍ നയം ഒട്ടുമിക്ക അമേരിക്കൻ ഐ.ടി ഭീമന്മാരെയും ചൊടിപ്പിച്ചിരിക്കുകയാണ്. നൂറ്റിരുപതിലധികം കമ്പനികളാണ് ഇപ്പോൾ ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നത്. കോർപ്പറേറ്റ് ഭീമന്മാരായ ആപ്പിൾ, ഗൂഗിൾ, മൈക്രോ സോഫ്റ്റ്, ഫേസ്ബുക്ക്, ഇൻടെൽ, നെറ്റ്ഫ്ലിസ്, യൂബർ ടെക്നോളജി, സിങ്ക അങ്ങനെ വലിയ ഒരു നിര തന്നെ ഈ നയത്തിനെതിരെ പ്രതിഷേധിക്കുന്നു. അവർ കൂട്ടമായി ട്രംപിനെതിരെ വിശദീകരണത്തിനായി നിയമ നടപടി സ്വീകരിച്ചു മുന്നോട്ടു പോകുന്നു. കൂടാതെ, ട്രംപിന്റെ ഇമ്മിഗ്രേഷൻ നടപടികൾക്കെതിരെയുണ്ടായ കനത്ത ആഘാതമാണ് അമേരിക്കൻ കോടതിൽ നിന്നുണ്ടായ ഉത്തരവുകൾ. ഇമ്മിഗ്രേഷൻ നയം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലുകളുടെ അവതരണം തകൃതിയായി നടക്കുന്നുണ്ട്, അതിലൊന്നാണ്, ജനുവരി 3ന് Rep. Darrell Issac അവതരിപ്പിച്ച 'H.R. 170 ബില്ല്' അതിൽ എച്. വൺ. ബി മിനിമം വേജസ് പ്രതിവർഷം 60,000 ഡോളറിൽ നിന്ന് 100,000 മായി ഉയർത്തുവാൻ ആവശ്യപ്പെടുന്നു. ആകെ ജീവനക്കാരിൽ പതിനഞ്ച് ശതമാനത്തിൽ അധികം എച്. വൺ. ബി ജീവനക്കാർ ഉള്ള കമ്പനികള്‍ക്കും ബാധകമാണ്. അത് കൂടാതെ ജനുവരി 24ന്, H.R. 670 ബില്ലിൽ എച് വൺ ബി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം പ്രതിവർഷം 130,000 ഡോളർ ആക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ബില്ല് Rep. Zoe Lofgren കോൺഗ്രസിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബില്ലിന് നല്ല പിന്തുണയും ലഭിച്ചു വരുന്നു. ഈ നിയമം പ്രാബല്യത്തിൽ വരുമ്പോള്‍ ഇന്ത്യൻ കമ്പനികളില്‍ ജോലി ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കും. അമേരിക്കയിൽ എച് വൺ ബി വിസയിൽ വരുന്ന ജീവനക്കാർക്ക് ഇന്ത്യൻ കമബ്നികള്‍ നല്‍കുന്ന വേതനം പ്രതിവർഷം ശരാശരി അറുപതിനായിരം മുതൽ എൺപതിനായിരം ഡോളർ വരെയായിരിക്കും. പക്ഷേ അവരുടെ പേരിൽ കമ്പനികള്‍ക്ക് മണിക്കൂറിൽ ശരാശരി 80 ഡോളറാണ് ലഭിക്കുന്നത്. കണക്കുകള്‍ ഇങ്ങനെയാകുമ്പോള്‍ പ്രതിവർഷം 170,000 ഡോളർ നഷ്ടമുണ്ടാകും. അപ്പോൾ, സ്വാഭാവികമായി ഇന്ത്യൻ കമ്പനികളുടെ വലിയ ലാഭത്തിനു അൽപ്പം ക്ഷീണമുണ്ടാകുമെന്ന് തീര്‍ച്ച. നിലവിലുള്ള ശമ്പളം 130,000 ആയി ഉയർത്തുകയോ, അതല്ലെങ്കില്‍ ഇന്ത്യയിലേക്ക് ആ പ്രൊജക്റ്റ് മുഴുവനായി കൊണ്ട് പോയി നടത്തുകയോ ചെയ്യണം. ഈ സാഹചര്യം മുന്നില്‍ കണ്ടു, കാനഡ, ഇന്ത്യൻ കമ്പനികളെ അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വൈകാതെ സിലിക്കൺ വാലി ഉള്‍പ്പെടെ കാനഡയിലേക്ക് മാറ്റേണ്ടി വരും എന്നുള്ളതാണ് സാഹചര്യം.

എച് വൺ ബി വിസ സംബന്ധിച്ച അപേക്ഷകളുടെ അമിതപ്രവാഹം മൂലം, നടപടിക്രമണങ്ങൾക്ക് കാലതാമസം വരികയും, അപേക്ഷകൾ കെട്ടിക്കിടക്കുയായും ചെയ്യുന്ന സാഹചര്യത്തിൽ, ഏപ്രിൽ മൂന്ന് 2017 മുതൽ അനിശ്ചിത കാലത്തേക്ക് വിസയുടെ പ്രീമിയം പ്രോസസ്സിംഗ് നിർത്തി വച്ചിരിക്കുന്നതായി അമേരിക്കൻ ഇമ്മിഗ്രേഷൻ ഓഫീസ്, അവരുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അറിയിച്ചിരിക്കുന്നു. ഇത് എച് വൺ ബി ഉദ്യോഗാർത്ഥികളെ ബാധിക്കുകയില്ലയെങ്കിലും, എച് വൺ ബി കാലാവധി നീട്ടി കിട്ടുവാൻ കാത്തിരിക്കുന്നവർക്കും, കമ്പനി മാറുന്നതിന്റെ ഭാഗമായി വിസ ട്രാൻസ്ഫർ ചെയ്യുവാൻ കാത്തിരിക്കുന്നവർക്കും ഇത് സാരമായി ബാധിക്കും. പക്ഷേ നിർഭാഗ്യവശാൽ ഇന്ത്യയിലെ മുൻനിര മാധ്യമങ്ങളിൽ ചിലത് ഈ വാർത്തയെ വളച്ചൊടിച്ചു എച് വൺ ബി വിസ മുഴുവൻ നിർത്തലാക്കിയെന്ന രീതിയിലുള്ള സന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. അത് നാട്ടിൽ വിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്, ഒരുപക്ഷേ ഈ ദുർവ്യഖിതമായ വാർത്തകൾ മൂലം ഇന്ത്യൻ ഐ.റ്റി സർവീസസ് കമ്പനികളുടെ ഷെയർ ഇടിയുവാനും സാധ്യത കാണുന്നുണ്ട്.

ഇമിഗ്രേഷൻ സംബന്ധിച്ചുള്ള പ്രശ്നങ്ങളുടെ നടുവിൽ ആശ്വാസം പകരുന്ന ഒരു ബില്ലുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് മാൻ Rep. Chaffetz, Jason രംഗത്ത് വന്നിട്ടുണ്ട്, HR 392 എന്നാണ് ആ ബില്ലിന്റെ പേര്. കൺട്രി കോട്ട എടുത്തു കളയാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലാണ് HR 392. ഈ ബില്ല് പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക്‌ വലിയ ഒരു ആശ്വാസമായിരിക്കും. നിലവിൽ ഗ്രീൻകാർഡ് അനുവദിച്ചു നല്‍കുന്നത് അതാത് രാജ്യങ്ങൾക്ക് അമേരിക്ക അനുവദിച്ചിട്ടുള്ള ക്വോട്ടയ്ക്കുള്ളില്‍ നിന്നാണ്. അതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുന്നു. അതേ സമയം മറ്റ് രാജ്യങ്ങൾക്ക് ഇതു ഒന്നു രണ്ടു വർഷങ്ങൾക്കകം ലഭിക്കുകയും ചെയ്യും. കൺട്രി ക്വോട്ട എടുത്ത് കളയുന്നതുവഴി എല്ലാ അപേക്ഷകളും ഒരേ രീതിയിൽ പരിഗണിക്കുകയും, അതുവഴി വളരെ പെട്ടെന്ന് മുന്‍ഗണന ഡേറ്റ് പ്രകാരം ഗ്രീൻ കാർഡ് ലഭിക്കുകയും ചെയ്യും. ജനുവരി പത്തിന് ഈ ബിൽ സഭയിൽ അവതരിപ്പിക്കും. ഇതിനോടകം നൂറിനോടടുത്തു അംഗങ്ങളുടെ പിന്തുണ ഈ ബില്ലിന് ലഭിച്ചിട്ടുണ്ട്. 432 അംഗങ്ങളുള്ള സഭയിൽ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ സ്പീക്കർ തുടര്‍നടപടികളുമായി മുന്നോട്ട് നീങ്ങും. പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഈ നിയമം പ്രാബല്യത്തിൽ വരികയും ചെയ്യും.

ഇത് കൂടാതെ അമേരിക്കയിൽ കുടിയേറിയ അമേരിക്കൻ പൗരന്മാരെ പരിപൂർണ്ണമായി ബാധിക്കുന്ന ഒരു ബില്ല് കൂടിയുണ്ട്. Sen. Tom Cotton. 'RAISE ACT' എന്നാണ് ആ ബില്ലിന്റെ പേര്. അമേരിക്കൻ പൗരത്വമുള്ള കുടിയേറ്റക്കാരുടെ ബന്ധുക്കളെ കൊണ്ടുവരുന്നത് തടയുവാനാണ് ആ ബില്ല്. പ്രതിവർഷം 40% കുടിയേറ്റക്കാരെ കുറയ്ക്കുകയാണ് ഈ ബില്ലിന്റെ പ്രധാന ഉദ്ദേശം. എച് വൺ ബിക്കാരെ അമേരിക്കയിൽനിന്ന് തുരത്തണമെന്ന് ആവശ്യപ്പെട്ട അമേരിക്കൻ മലയാളി സമൂഹം ഇപ്പോൾ സ്വന്തം കാര്യത്തിലെ ആശങ്കകളെ ചൊല്ലി അങ്കലാപ്പിലാകാന്‍ മറ്റൊന്നും വേണ്ടി വന്നില്ല. ഇത്രയും കാലം ട്രംപിന്റെ ഇമ്മിഗ്രേഷൻ നയത്തിനെ പ്രകീർത്തിച്ചവർ ഇപ്പോൾ വിവിധ സംഘടനകളെ സംയോജിപ്പിച്ചു പ്രതിഷേധത്തിനു മുതിരുന്നു. എച് വൺ ബി ബില്ലിനും അതിനനുപാതമായ മറ്റു സങ്കീർണ്ണതകൾക്കും പ്രതിരോധമായി അമേരിക്കയിലെ വൻകിട കോർപറേറ്റുകൾ രംഗത്തു വന്നെങ്കിലും, അമേരിക്കൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന 'RAISE ACT' ൽ, പരിപൂർണ്ണ പിൻതുണയാണ് സെനറ്റിൽ നിന്ന് ലഭിക്കുന്നത്. അത് പ്രാബല്യത്തിൽ വരുന്നതോടുകൂടി അമേരിക്കയിൽ കുടിയേറി പാർത്തവർക്ക്‌ ഒരു വൻതിരിച്ചടിയാണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

അടുത്ത രണ്ട് വർഷം പ്രസിഡന്റും സഭകളും ഒരേ പാർട്ടിയുടെ നിയന്ത്രണത്തിലാണ് എന്നുള്ളത് ആശങ്ക പരത്തുന്നുവെന്ന് പറയാതിരിക്കാൻ കഴിയില്ല. എന്തുതന്നെയായാലും ഇനി അങ്ങോട്ട് അമേരിക്ക എന്ന രാജ്യത്തില്‍ കുടിയേറ്റക്കാർക്ക് അത്ര സൗഹൃദാന്തരീക്ഷം ഉണ്ടായിരിക്കില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാം. എങ്കിലും ഒരു പ്രതീക്ഷ പോലെ എല്ലാം കലങ്ങി തെളിയുന്ന ഒരു സാഹചര്യവും തള്ളികളയുന്നുമില്ല.