എസ്‌ഡിപിഐയെ ആദരിച്ച് യൂത്ത് ലീഗ്; അതൃപ്തിയുമായി മുസ്ലിം ലീഗ്

നിലപാടുകളുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐയെ അകറ്റി നിർത്തേണ്ട പ്രസ്ഥാനമായാണ് മുസ്‌ലിം ലീഗ് നേതാക്കൾ അണികൾക്ക് നിർദേശങ്ങൾ നൽകാറുള്ളതും

എസ്‌ഡിപിഐയെ ആദരിച്ച് യൂത്ത് ലീഗ്; അതൃപ്തിയുമായി മുസ്ലിം ലീഗ്

എസ്‌ഡിപിഐക്ക് പരസ്യമായ ആദരം നല്‍കിയ യൂത്ത് ലീഗിന്റെ നടപടിയിൽ മുസ്‌ലിം ലീഗിൽ പ്രധിഷേധം പടരുന്നു. പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി എന്ന പേരിലാണ് മുസ്‌ലിം ലീഗ് മമ്പാട് പഞ്ചയത്ത് കമ്മറ്റി എസ്‌ഡിപിഐ മമ്പാട് പഞ്ചയാത്ത് കമ്മറ്റിയെ ആദരിച്ചത്. ഇതാണ് പാർട്ടിയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്. എസ്ഡിപിഐ പ്രവർത്തകരുമായി വ്യക്തിപരമായി സഹകരിച്ച ലീഗ് പ്രവർത്തകർക്കെതിരെ പോലും നടപടിയെടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് വിമർശനങ്ങൾ ഉയരുന്നത്.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരെ ചോര്‍ത്തിക്കൊണ്ടായിരുന്നു കേരളത്തില്‍ എസ്ഡിപിഐയുടെ വളര്‍ച്ച എന്നാണ് ലീഗിന്റെ വിലയിരുത്തൽ .അത് കൊണ്ട് തന്നെ പല സ്ഥലങ്ങളിലും ലീഗ്- എസ്ഡിപിഐ സംഘർഷം പതിവാണ് താനും. മാത്രവുമല്ല നിലപാടുകളുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐയെ അകറ്റി നിർത്തേണ്ട പ്രസ്ഥാനമായാണ് മുസ്‌ലിം ലീഗ് നേതാക്കൾ അണികൾക്ക് നിർദേശങ്ങൾ നൽകാറുള്ളതും .

എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മുസ്‌ലിം ലീഗ് പിരിച്ചു വിടുന്നതാണ് നല്ലതെന്ന തരത്തിൽ എം കെ മുനീറിനെപ്പോലെയുള്ളവർ പരസ്യമായി നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം ലീഗ്- എസ്ഡിപിഐ നേതാക്കൾ ചർച്ചകൾ നടത്തി എന്ന് വാർത്തകൾ വരുമ്പോഴെല്ലാം ഇതിനെ നിഷേധിക്കുന്ന രീതിയാണ് പൊതുവേ ലീഗ് നേതാക്കൾ സ്വീകരിച്ച് പോരുന്ന പതിവ്. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ എസ്ഡിപിഐയെ പരസ്യമായി ആദരിച്ച് വെള്ള പൂശുന്നതിനെതിരെയാണ് പ്രവർത്തകരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

അതേ സമയം എസ്ഡിപിഐ ഇതിനെ വലിയ അംഗീകാരമായാണ് കാണുന്നത്. 'എസ്ഡിപിഐ കേരളം' എന്ന ഫേസ്ബുക്ക് പേജിൽ ലീഗ് എസ്‌ഡിപിഐയെ അംഗീകരിച്ചു എന്ന നിലയിലുള്ള ചർച്ചകളാണ് ഈ ആദരവിനെ മുൻനിർത്തി നടക്കുന്നത്.


Read More >>