ലോക്സഭാ സീറ്റ്: പത്തനംതിട്ട, തൃശൂർ, എറണാകുളം ഉൾപ്പെടെ 5 സീറ്റിൽ കോൺഗ്രസ്സിന് എട്ടിന്റെ പണി

യുവാക്കളുടെ പ്രതിഷേധം വകവയ്ക്കാതെ പത്തനംതിട്ടയിൽ ആന്റോ ആന്റണിയും ആറ്റിങ്ങലിൽ അടൂർ പ്രകാശും തിരുവനന്തപുരത്ത് ശശി തരൂരും എറണാകുളത്ത് കെ വി തോമസും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായി തുടരുകയാണ്.

ലോക്സഭാ സീറ്റ്: പത്തനംതിട്ട, തൃശൂർ, എറണാകുളം ഉൾപ്പെടെ 5 സീറ്റിൽ കോൺഗ്രസ്സിന് എട്ടിന്റെ പണി

ലോക്സഭാ സീറ്റ് തീരുമാനിക്കുന്ന ചർച്ചകൾക്ക് മുൻപേ, കോൺഗ്രസ്സിനുള്ളിൽ എതിർസ്വരം ശക്തമാകുന്നു. പത്തനംതിട്ട, തൃശൂർ, എറണാകുളം തുടങ്ങിയ അഞ്ചു സീറ്റിൽ നേതാക്കൾ പാർട്ടി മര്യാദ പാലിക്കുന്നില്ലെങ്കിൽ എട്ടിന്റെ പണി നൽകുമെന്ന സന്ദേശം ഉയർത്തി യുവ നേതാക്കൾ.

കെ വി തോമസ്, പി സി ചാക്കോ, പി ജെ കുര്യന്‍ തുടങ്ങിയവർക്ക് ലോക്സഭാ സീറ്റ് നൽകുന്നതിനെതിരെ ഇതിനകം കോണ്‍ഗ്രസിലെ യുവനിര രംഗത്ത് വന്നു. കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഇവരെ പിന്തുണയ്ക്കുന്നത്.

സ്ഥാനാർത്ഥി പട്ടികയിലെ അഞ്ചു സീറ്റിൽ യുവാക്കളെ മത്സരിപ്പിക്കണമെന്ന സന്ദേശം യൂത്ത് കോൺഗ്രസ് നേരത്തെ നൽകിയിരുന്നു.എന്നാൽ ഇത് നടപ്പാകില്ലെന്ന സൂചന ലഭിച്ചതോടെ യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് വാർത്താ സമ്മേളനത്തിന് നിർബന്ധിതനാവുകയായിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. അത് അട്ടിമറിക്കുന്ന നീക്കങ്ങളാണ് സംസ്ഥാന നേതാക്കള്‍ തുടരുന്നത്. കേരളത്തിലെ സീറ്റ് നിര്‍ണയം സംസ്ഥാന നേതാക്കള്‍ക്ക് കൈമാറിയിരിക്കുന്നതിനാൽ, അവർ അർഹരായ യുവനിരയെ ഒഴിവാക്കുകയാണെന്നാണ് പ്രധാന പരാതി.

പ്രൊഫ. കെ വി തോമസിനെതിരെ എറണാകുളത്ത് യുവനിര ശക്തമായി തന്നെ രംഗത്തുണ്ട്. 'കടല്‍ക്കിഴവന്‍മാരെ' നാട് കടത്തണമെന്നും പുതിയ മുഖങ്ങള്‍ വരണമെന്നും ഇവർ പരസ്യമായി പറയുന്നു. സോഷ്യൽ മീഡിയ ക്യാമ്പയിൻ ഉൾപ്പെടെയുള്ള പ്രതിഷേധം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കെ വി തോമസ് ഏഴാമങ്കത്തിനൊരുങ്ങുന്നതാണ് യുവനിരയെ പ്രകോപിപിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുമ്പോൾ, തന്റെ സഭാ സ്വാധീനം ഉപയോഗിച്ച് സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് കെ വി തോമസ്. മണ്ഡലത്തില്‍ സജീവമായി നിൽക്കാനും യുവതലമുറയുടെ വെല്ലുവിളി ചെറുക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നുമുണ്ട്.

കെ വി തോമസിനും പി സി ചാക്കോയ്ക്കും വയസ്സ് 72. പി ജെ കുര്യന് 77. ഇവർ ദീർഘകാലം ഉന്നത പദവികൾ ആസ്വദിച്ചവരാണ്. ഇവർക്ക് പകരമായി ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ തുടങ്ങിയ പേരുകളാണ് പരിഗണിക്കേണ്ടത് എന്നാണ് വിമതരുടെ ആവശ്യം.

'എനിക്ക് സീറ്റ് താല്പര്യം ലവലേശമില്ല എന്ന് പറയുന്നവർ പിന്നീട് മത്സരിക്കാൻ വരുന്നത് കാണാം."ഹൈക്കമാന്റ് നിർബന്ധിച്ചതിനാൽ മാത്രം" വരുന്നതാണ് അവർ. പാർലമെന്ററി രംഗത്ത് പുതിയ നേതാക്കൾ ഉയർന്നു വരണമെങ്കിൽ ഇവരെ വീണ്ടും പരിഗണിക്കരുത്. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം പാലിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ മുൻപത്തെ സഹകരണം കോൺഗ്രസ്സിന് ലഭിച്ചെന്നു വരില്ല'- പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു യുവനേതാവ് നാരദാ ന്യൂസിനോട് വ്യക്തമാക്കി.

1984 മുതല്‍ എറണാകുളത്ത് നിന്ന് മത്സരിക്കുന്ന കെ.വി തോമസ് തന്നെയാകും ഇത്തവണയും സ്ഥാനാർത്ഥിയെന്ന് ധാരണയായിട്ടുണ്ട്. യുവതലമുറയ്ക്ക് അവസരം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടനും ഭീഷണി മുഴക്കി.

അതിനിടെ, പത്തനംതിട്ടയിൽ ആന്റോ ആന്റണിയും ആറ്റിങ്ങലിൽ അടൂർ പ്രകാശും തിരുവനന്തപുരത്ത് ശശി തരൂരും എറണാകുളത്ത് കെ വി തോമസും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായി തുടരുകയാണ്.