ഷുഹൈബിന്റെ കൊലപാതകം: സിപിഐഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ്?; ആർഎസ്എസ് പദ്ധതിയെന്ന് സംശയം

ഒംനിയിലെത്തിയ അജ്ഞാതരാണ് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയത്. എന്നാലിത് സിപിഐഎം പ്രവർത്തകരാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ആർഎസ്എസിനോട് ചായ്വുള്ള മട്ടന്നൂർ പൊലീസ് പരിധിയിലെ കൊലപാതകം ഏറെ സംശയങ്ങളുയർത്തുന്നു

ഷുഹൈബിന്റെ കൊലപാതകം: സിപിഐഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ്?; ആർഎസ്എസ് പദ്ധതിയെന്ന് സംശയം

ആർഎസ്എസിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന മട്ടന്നൂർ പൊലീസിനെ ഉപയോ​ഗിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ മരണം സിപിഐഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം നടക്കുന്നോയെന്ന സംശയം ഉയരുന്നു. നിലവിൽ മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂരിൽ രാഷ്ട്രീയ സംഘർഷങ്ങളോ കൊലപാതകങ്ങളിലേക്ക് നയിക്കാവുന്ന കാരണങ്ങളോ ഇല്ല. കൊലപാതകത്തിനു മുമ്പ് എടയന്നൂരിൽ ആകെ നടന്നിട്ടുള്ളത് മൂന്നാഴ്ചമുമ്പ് എടയന്നൂര്‍ എച്ച്എസ്എസിലുണ്ടായ എസ്എഫ്ഐ.-കെഎസ് യു സംഘര്‍ഷം മാത്രമാണ്.

കേവലം ഒരു സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്നൊരു സംഘർഷത്തിന്റെ പുറത്ത് ഒരു കൊലപാതകത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല, കൊലപാതകം നടന്നിരിക്കുന്നത് മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ്. ഈ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തോളം സിപിഐഎം പ്രവർത്തകരെയാണ് ആർഎസ്എസ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. മാത്രമല്ല, ഓഫീസ്, വായനശാല ഉൾപ്പെടെയുള്ളവയ്ക്കു നേരെ ആക്രമണവും നടന്നിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മട്ടന്നൂർ നെല്ലൂന്നി ഭാ​ഗത്ത് സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആർഎസ്എസ് ആക്രമണങ്ങൾ ഉണ്ടായിരുന്നു.എന്നാൽ പ്രതികൾക്കെതിരായോ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനോ ഉള്ള നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്. കാലങ്ങളായി ആർഎസ്എസിനെ പിന്തുണയ്ക്കുന്ന സമീപനങ്ങളാണ് മട്ടന്നൂർ പൊലീസ് സ്വീകരിച്ചുവരുന്നതെന്നും ആരോപണമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകൻ ആശിഷിനെ സ്റ്റേഷനിൽ വച്ച് അധിക്ഷേപിച്ചതും മട്ടന്നൂർ പൊലീസായിരുന്നു. എന്നാൽ ഇതിൽ ആരോപണവിധേയനായ എഎസ്ഐ മനോജ്കുമാറിനെ ആദ്യം സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് സസ്പെൻഷൻ പിൻവലിച്ചു. മാത്രമല്ല, ശിവപുരം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയ ഇയാളെ വീണ്ടും മട്ടന്നൂർ സ്റ്റേഷനിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയും ചെയ്തു.

ഇതിനിടെ, കഴിഞ്ഞദിവസം ആർഎസ്എസ് പ്രവർത്തകർ സിപിഐഎം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. എന്നാൽ ഏകപക്ഷീയ ആക്രമണങ്ങൾ നടക്കുമ്പോഴും ആർഎസ്എസിന് അനൂകൂല നിലപാടാണ് മടന്നൂർ പൊലീസ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഈ പൊലീസിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ആഭ്യന്തരവകുപ്പും തുടരുന്നത്. മാത്രമല്ല, കഴിഞ്ഞ വർഷം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ വളാങ്ങിക്കൽ മോഹനന്റെ കൊലപാതകത്തിനു സമാനമാണ് ഷുഹൈബിന്റെ കൊലപാതകമെന്നും പറയപ്പെടുന്നു. ഓംനിയിൽ വന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷം മോഹനനെ വെട്ടിക്കൊല്ലുകയായിരുന്നു.

ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂർ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങൾ ആർഎസ്എസിന് ക്യാംപുകളുള്ള സ്ഥലങ്ങളാണ്. ഇവിടങ്ങളിലെല്ലാം ആധിപത്യമുള്ളത് സിപിഐഎമ്മിനാണ്. ഈ സാഹചര്യത്തിൽ പുറത്തുനിന്നെത്തി ഒരു കൊലപാതകം നടത്തിയാൽ അത് ഹിന്ദു-മുസ്ലിം സംഘർഷമാക്കി മാറ്റാമെന്ന തന്ത്രവും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. അതേസമയം, ഷുഹൈബിന്റെ കൊലപാതകത്തിൽ കണ്ടാലറിയാവുന്ന നാല് സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മട്ടന്നൂർ പൊലീസ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമല്ലെന്നാണ് പൊലീസ് വാദം.

കൊലപാതകം നടന്നയുടൻ പൊലീസിൽ ആർഎസ്എസ് വത്കരണം നടത്തിയതായ ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎമ്മാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചു. യഥാർത്ഥ പ്രതികളെ കണ്ടെത്തണം എന്ന പക്വമായ നിലപാട് വിഷയത്തിൽ അദ്ദേഹം എടുത്തില്ല. ഒമ്നിയിലെത്തിയ അജ്ഞാതരാണ് കൊലനടത്തിയത്. ആർഎസ്എസിനെയടക്കം സംശയിക്കാവുന്ന സാഹചര്യത്തിൽ സിപിഐഎമ്മിനു നേരെ മാത്രം സംശയം മുന നീട്ടിപ്പിടിച്ചിരിക്കുകയാണ് പൊലീസ്. സംഭവത്തെക്കുറിച്ച് ബിജെപി ഇതേവരെ ഒന്നും മിണ്ടിയിട്ടില്ല.


Read More >>