നയിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം; കെഎസ്‌യു മെംബര്‍ഷിപ്പില്‍ 80 ശതമാനവും വ്യാജം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച പരസ്യമായി രംഗത്തെത്തിയത്. കെപിസിസിക്ക്‌ നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും ബിജെപിയുടെയും സിപിഐഎമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന, നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണെന്ന് സിആര്‍ മഹേഷ് ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തുന്നു. മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകിത്തീരുന്നത്‌ ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നെന്നും അദ്ദേഹം തുറന്നടിച്ചു

നയിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം; കെഎസ്‌യു മെംബര്‍ഷിപ്പില്‍ 80 ശതമാനവും വ്യാജം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പരസ്യമായി രംഗത്ത്. രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസ് ഉരുകിത്തീരുന്നത്‌ ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം എരിഞ്ഞപ്പോല്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. നയിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്നും സി ആര്‍ മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെഎസ്‌യു വളര്‍ത്തി വലുതാക്കിയ എ കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസിനേയും, കെഎസ്‌യുവിനേയും അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാരും നേതൃത്വവും ചേര്‍ന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കിയത് ആന്റണി കാണുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

കെപിസിസിക്ക്‌ നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആയിട്ടും ബിജെപിയുടെയും സിപിഐഎമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണ്. ക്യാമ്പസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന
കെഎസ്‌യുവിനെ പരസ്പരം മത്സരിപ്പിച്ച് പാര്‍ട്ടിയിലും, കെഎസ്‌യുവിലും മെമ്പര്‍ഷിപ്പ് എടുക്കുംമുന്‍പേ ഗ്രൂപ്പില്‍ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ടുരസിക്കുകയാണെന്ന് സി ആര്‍ മഹേഷ് കുറ്റപ്പെടുത്തുന്നു.

എന്‍എസ്‌യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പര്‍ഷിപ്പുകളുടെ എണ്ണത്തില്‍ 80 ശതമാനവും അധികാരം പിടിക്കാന്‍ ഉണ്ടാക്കിയ വ്യാജ മെമ്പര്‍ഷിപ്പുകള്‍ മാത്രമാണെന്നാണ് സി ആര്‍ മഹേഷ് പറയുന്നത്. പുതിയ നേതൃത്വം വരുന്നതില്‍ ഒരു എതിര്‍പ്പും ഇല്ലെങ്കിലും വര്‍ഗീയ, ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.