സിപിഐഎമ്മിന്റെ കോഴിക്കോട് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കമൽഹാസൻ

മുഖ്യ മന്ത്രിക്കൊപ്പമുള്ള കോഴിക്കോട് പരിപാടിക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഉലകനായകൻ ഇക്കാര്യം അറിയിച്ചത്

സിപിഐഎമ്മിന്റെ കോഴിക്കോട് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കമൽഹാസൻ

സിപിഐഎം പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്ത തള്ളി തമിഴ് സൂപ്പർ താരം കമൽ ഹാസൻ. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കമൽ ഹാസൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയിലാണ് കമൽ ഹാസൻ പങ്കെടുക്കും എന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ മുഖ്യ മന്ത്രിക്കൊപ്പമുള്ള കോഴിക്കോട് പരിപാടിക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി.

ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചകളിലും താൻ 'ബിഗ് ബോസ്' റിയാലിറ്റി ഷോയുടെ തിരക്കിലാണ്. കോഴിക്കോടു നടക്കുന്ന പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും ഉലകനായകൻ ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി കമൽ ഹാസൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ രാഷ്ട്രീയ കാര്യങ്ങളുണ്ടെന്ന് കമൽ ഹാസൻ മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയിൽ ഉലകനായകൻ എത്തുമെന്ന വാർത്തകൾ പുറത്തു വന്നത്. ഇതോടെ കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച ചർച്ചകൾ സജീവമാവുകയും ചെയ്തു.

ഈ മാസം 16ന് കോഴിക്കോട് സിപിഎെഎമ്മിന്റെ കീഴിലുള്ള കേളുവേട്ടൻ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലാണ് കമൽഹാസൻ പങ്കെടുക്കുമെന്ന് കരുതപ്പെട്ടിരുന്നത്. വര്‍ഗ്ഗീയ ഫാസിസത്തിനെതിരായ ദേശീയ സെമിനാറാണ് കോഴിക്കോട് നടക്കുന്നത്. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എളമരം കരീം, കെ.ടി.ജലീല്‍ ചേതന തീര്‍ത്ഥഹള്ളി,എംഇഎസ് പ്രസിഡന്റ് ഫസര്‍ ഗഫൂര്‍, എഴുത്തുകാരി ഖദീജാ മുംതാസ്, ഹുസൈന്‍ രണ്ടത്താണി തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്.

സംഘപരിവാറിനെതിരെ യോജിച്ച പ്രതിരോധം ആവശ്യമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പഠന ഗവേഷണ കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നത്. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഒരു നീക്കമായാണ് ഈ വേദി പങ്കിടലിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുന്നത്.

Read More >>