കരുണാനിധിയുടെ പിന്‍ഗാമി ആര്; ഡിഎംകെയില്‍ വരാനിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍

പ്രധാന അധികാര തർക്കം കരുണാനിധിയുടെ മക്കളായ എം കെ സ്റ്റാലിനും എം കെ അഴഗിരിയും തമ്മിൽ. എന്നാൽ കരുണാനിധി തന്റെ പിൻഗാമിയായി നിർദ്ദേശിച്ച മകൻ എം കെ സ്റ്റാലിനും എം കെ അഴഗിരി അടക്കമുള്ള മറ്റു മക്കളും തമ്മിലുള്ള പടല പിണക്കങ്ങൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

കരുണാനിധിയുടെ പിന്‍ഗാമി ആര്; ഡിഎംകെയില്‍ വരാനിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍

50 വർഷം ഡിഎംകെയെ നയിച്ച്, ദ്രാവിഡ രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവു ബാക്കിയാക്കി എം കരുണാനിധി എന്ന കലൈഞ്ജർ വിട പറയുമ്പോൾ ഡിഎംകെ അഭിമുഖീകരിക്കാനിരിക്കുന്ന വലിയ പ്രതിസന്ധി. കരുണാനിധിയുടെ പിൻഗാമിയായി ഡിഎംകെയെ ആരു നയിക്കും എന്നതാണ് പാർട്ടി നേരിടുന്ന കനത്ത വെല്ലുവിളി. കരുണാനിധി തന്റെ പിൻഗാമിയായി നിർദ്ദേശിച്ച മകൻ എം കെ സ്റ്റാലിനും എം കെ അഴഗിരി അടക്കമുള്ള മറ്റുമക്കളും തമ്മിലുള്ള പടല പിണക്കങ്ങൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ഡിഎംകെ ഏറ്റവും അവസാനം നേരിട്ട പ്രധാന തെരഞ്ഞെടുപ്പ് അവലോകനം ചെയ്താൽ തന്നെ ഈ പ്രശ്നത്തിന്റെ ശരിയായ ആഴം മനസിലാക്കാം. ഏറ്റവും അവസാനമായി ഡിഎംകെ നേരിട്ട പ്രധാന മത്സരം ജയലളിതയുടെ മരണത്തെ തുടർന്ന് അവരുടെ മണ്ഡലമായിരുന്ന ആർകെ നഗറിൽ നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) രണ്ടു വിഭാഗങ്ങളായി പിളർന്ന്, രണ്ടു കൂട്ടർക്കും പ്രത്യേകം സ്ഥാനാർത്ഥികളും ഉണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ വിജയം ഏറെക്കുറെ എളുപ്പമാകും എന്നായിരുന്നു കരുതിയിരുന്നത്.എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഡിഎംകെയുടെ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. തോൽവിക്കു കാരണം തന്റെ സഹോദരനും പാർട്ടി വർക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിനാണെന്നാണ് പാർട്ടി പ്രസിഡന്റും കരുണാനിധിയുടെ മൂത്തമകനുമായ എം കെ അഴഗിരി ആരോപിച്ചത്. "ആർകെ നഗറിൽ മാത്രമല്ല അയാൾ (എം കെ സ്റ്റാലിൻ ) പാർട്ടിയെ നയിക്കുന്ന കാലത്തോളം ഒരു തെരഞ്ഞെടുപ്പും ഡിഎംകെ ജയിക്കാൻ പോകുന്നില്ല. തലൈവർ (എം കരുണാനിധി) ആയിരുന്നു ഈ സ്ഥാനത്തെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു"- തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള അഴ​ഗിരിയുടെ മറുപടി ഇപ്രകാരമായിരുന്നു.

പാർട്ടി നേതൃത്വത്തിലേക്ക് കുടുംബ പിന്തുടർച്ച സൗമ്യമായി നടപ്പാക്കാനുള്ള കരുണാധിയുടെ പ്രയത്നങ്ങളെല്ലാം നിഷ്ഫലമായി പോയി എന്ന് തെളിയിക്കുന്നതായിരുന്നു അഴഗിരിയുടെ ഈ വാക്കുകൾ. മൂന്നു വിവാഹം കഴിച്ച കരുണാധിയുടെ ആദ്യ ഭാര്യ ആയ പദ്മാവതി അമ്മാളിലുള്ള മകനായ എം കെ മുത്തുവിനെ എംജിആറിന്റെ ബദലായി സിനിമയിലേയ്ക്ക് കൊണ്ടുവരാൻ കരുണാനിധി ശ്രമിച്ചെങ്കിലും ശരാശരി ഗായകനും മോശം അഭിനയേതാവുമായി ഒതുങ്ങേണ്ടി വന്നു മുത്തുവിന്. രണ്ടാം ഭാര്യ ദയാലു അമ്മാളിലുള്ള മക്കളിൽ എം കെ സ്റ്റാലിനും എം കെ അഴഗിരിയും മാത്രമാണ് രാഷ്ട്രിയത്തിൽ പ്രവേശിച്ചിരിക്കുന്നത്. മൂന്നാം ഭാര്യയായ രാജാത്തി അമ്മാളിലുള്ള മകളായ എം കെ കനിമൊഴിയും രാഷ്ട്രീയത്തിൽ സജീവമാണ്. മുമ്പ് രാജ്യസഭാ അംഗമായിരുന്നു എം കെ കനിമൊഴി. ഇവർ മൂന്നുപേരുമാണ് കരുണാനിധിയുടെ പിന്തുടർച്ചാ തർക്കത്തിൽ രംഗത്തുള്ളത്.വളരെ കാലമായി കരുണാനിധിയുടെ നിഴലായി നിൽക്കുകയും പിതാവിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു കരുതുകയും ചെയ്യുന്ന ആളാണ് എം കെ സ്റ്റാലിൻ. കരുണാനിധി സ്റ്റാലിനെ ആദ്യം ചെന്നൈ മേയർ ആയി വളർത്തിക്കൊണ്ടു വരികയും പിന്നീട് തന്റെ മന്ത്രിസഭയിൽ തമിഴ്നാട്ടിലെ ആദ്യ ഉപ മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. ഒതുങ്ങിയ പ്രകൃതവും പാർട്ടിയിലെ മുതിർന്ന നേതാക്കളെ കൂടെ നിർത്താനുള്ള കഴിവുമാണ് സഹോദരനായ എം കെ അഴഗിരിയിൽ നിന്നും സ്റ്റാലിനെ വ്യത്യസ്തനാക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ മർദനം നേരിട്ട ആൾ എന്നുള്ളതും സ്റ്റാലിന് ഗുണമായി മാറുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും വരുംനാളുകളിൽ തമിഴ്നാട്ടിൽ പുതിയ അധികാര ചർച്ചകൾക്കാണ് വാതിൽ തുറക്കുന്നത്.
Read More >>