ബംഗാൾ ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ: "രഥയാത്ര നടത്തും, ആർക്കും തടയാനാവില്ല"

അമിത്ഷായുടെ രഥയാത്ര വർഗീയ കലാപങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യത ഉണ്ടെന്നു വ്യക്തമാക്കിയാണ് കോടതി അനുമതി നിഷേധിച്ചത്.

ബംഗാൾ ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ: രഥയാത്ര നടത്തും, ആർക്കും തടയാനാവില്ല

ബംഗാളിൽ നടത്താനിരുന്ന രഥയാത്രയ്ക്കു അനുമതി നിഷേധിച്ച കൽക്കട്ട ഹൈക്കോടതിയെ വെല്ലുവിളിച്ച് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഡൽഹിയിൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത്ഷാ ഹൈക്കോടതിയെയും ബംഗാൾ സർക്കാരിനെയും വെല്ലുവിളിച്ചത്.

ബംഗാളിലേതു ഭീകര ഭരണമാണെന്നു പറഞ്ഞ ഷാ, ജനാധിപത്യത്തെ മമത ഞെക്കിക്കൊല്ലുകയാണെന്നും ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള രഥയാത്രയ്ക്കു കലാപ സാധ്യത കണക്കിലെടുത്ത് ബംഗാളി‌ൽ അനുമതി നിഷേധിച്ചതാണ് അമിത് ഷായെ പ്രകോപിതനാക്കിയത്.

അമിത് ഷായുടെ ബംഗാളിലെ രഥയാത്രയ്ക്കു കൽക്കട്ട ഹൈക്കോടതിയാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ച ബംഗാൾ സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി നൽകിയ ഹർജിയിലാണ് സർക്കാർ നടപടിയെ ശരിവച്ചു കോടതി ഉത്തരവിറക്കിയത്. അമിത്ഷായുടെ രഥയാത്ര വർഗീയ കലാപങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യത ഉണ്ടെന്നു വ്യക്തമാക്കിയാണ് കോടതി അനുമതി നിഷേധിച്ചത്. അടുത്ത വാദ​ം കേൾക്കുന്ന 2019 ജനുവരി ഒമ്പതു വരെ റാലി നടത്തുന്നതിൽ നിന്നാണ് ബിജെപിയെ ഹൈക്കോടതി വിലക്കിയത്.

ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിൽ മൂന്നു രഥയാത്രകൾക്കാണ് ബിജെപി നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണു രഥയാത്ര കടന്നുപോകുക. പശ്ചിമ ബംഗാളിൽ നിലവിൽ ആകെ രണ്ടു എംപിമാരെ ബിജെപിക്കുള്ളൂ. അടുത്ത വർഷം 20 സീറ്റുകളിൽ കൂടി വിജയിക്കണമെന്നാണു അമിത് ഷാ പാർ‌ട്ടി പ്രവർത്തകർക്കു നൽകിയിരിക്കുന്ന നിർദേശം.