ബിജെപിയെ എതിരാളിയാക്കാതെ കോൺഗ്രസ്സ് ഇരു ചേരിയിൽ; സിപിഐഎമ്മിനെ എതിർത്തും അനുകൂലിച്ചും പോര്; പ. ബംഗാളിൽ കോൺഗ്രസ്സ് പിളർപ്പിലേക്ക്

സിപിഐഎം വേണ്ടാ എന്ന നിലപാടുള്ള കോൺഗ്രസ്സുകാർ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിന്. പ്രശ്നത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടിട്ടും നേതാക്കൾ ഇരു ചേരികളിൽ നിന്ന് 'പൊതുശത്രു' ആരാകണമെന്നതിനെ ചൊല്ലി കലാപം തുടരുകയാണ്.

ബിജെപിയെ എതിരാളിയാക്കാതെ കോൺഗ്രസ്സ് ഇരു ചേരിയിൽ; സിപിഐഎമ്മിനെ എതിർത്തും അനുകൂലിച്ചും പോര്; പ. ബംഗാളിൽ കോൺഗ്രസ്സ് പിളർപ്പിലേക്ക്

സിപിഐഎമ്മിനെ ഒഴിവാക്കി തൃണമൂൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് തിരുത്തൽവാദികളായ ഒരു വിഭാഗം പശ്ചിമ ബംഗാൾ കോൺഗ്രസ്സ് നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. സോമൻ മിത്രയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗമാണ്‌ ടിഎംസി-കോൺഗ്രസ്സ് സഖ്യവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. തങ്ങളുടെ നിലപാടിനൊപ്പമാണ് ഭൂരിപക്ഷം കോൺഗ്രസ്സുകാരെന്നും അവർ അവകാശപ്പെട്ടു.

സിപിഐഎം- കോൺഗ്രസ് സംയുക്ത നേതൃത്വത്തിൽ തൃണമൂലിനെതിരെ സഖ്യമുണ്ടാക്കാൻ തയ്യാറെടുപ്പു നടക്കവെയാണ് തിരുത്തൽവാദികൾ രംഗത്തെത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പിന് മുൻപ് സഖ്യം രൂപീകരിക്കുക കീറാമുട്ടിയായി.

കോൺഗ്രസ്സിനെ ബംഗാളിൽ രാഷ്ട്രീയമായി ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന പാർട്ടിയാണ് എന്നതിനാൽ തൃണമൂൽ കോൺഗ്രസുമായി ഒരു സഖ്യവും പാടില്ലെന്നാണ് മറു വിഭാഗത്തിന്റെ വാദം. സിപിഐഎം നേതൃത്വത്തിലുള്ള ഇടതു പക്ഷവുമായി സഹകരിച്ച് തൃണമൂൽ കോൺഗ്രസ്സിനെ അധികാരത്തിൽ നിന്നിറക്കണമെന്ന മുൻ തീരുമാനം നടപ്പാക്കണം. ഈ ആവശ്യത്തിൽ പശ്ചിമ ബംഗാൾ കോൺഗ്രസ്സ് പാർട്ടി പ്രസിഡന്റ്‌ ആധിർ രഞ്ജൻ ചൗധരിയും സംഘവും ഉറച്ചു നിൽക്കുകയാണ്. ഇതോടെ പശ്ചിമ ബംഗാൾ കോൺഗ്രസ്സ് പിളർപ്പിന്റെ വക്കിലെത്തി.

തിരുത്തൽവാദിയായ ഒരു നേതാവിന്റെ വാദം ഇങ്ങനെ: 'സിപിഐഎമ്മിന് ബംഗാളിൽ വോട്ട് ഷെയർ ഇല്ലാത്തപ്പോൾ അവരുമായോ ഇടതുപക്ഷവുമായോ കൂട്ട് ചേർന്ന് തെരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഔചിത്യം എന്താണ് ? തൃണമൂൽ കോൺഗ്രസ്സിനോട് സഖ്യത്തിലായാൽ അവരോടൊപ്പം കോൺഗ്രസും രക്ഷപ്പെട്ടേക്കാം.' രാഷ്രീയത്തിൽ നിത്യശത്രുക്കൾ ഇല്ല എന്നതിനാൽ തങ്ങളുടെ ആവശ്യത്തിന് കോൺഗ്രസ്സ് അധ്യക്ഷന്റെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോൺഗ്രസ്സുമായി ചേർന്ന് മഹാസഖ്യം സാധ്യമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് അധ്യക്ഷയുമായ മമതാ ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സഖ്യം സംബന്ധിച്ച് ഹൈക്കമാന്റിന് ഇപ്പോള്‍ തീരുമാനമെടുക്കാനാകാത്ത അവസ്ഥയാണുള്ളത്. സോമൻ മിത്രയുടെ തിരുത്തൽ വിഭാഗത്തിന് അനുകൂലമായ തീരുമാനമെടുത്താൽ ഔദ്യോഗിക പക്ഷത്തെ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസ്സ് വിട്ടുപോകും എന്നതാണ് പ്രതിസന്ധി. സമീപകാലത്ത് നിരവധി കോൺഗ്രസ്സുകാർ പാർട്ടി വിട്ടു മറ്റു പാർട്ടികളിൽ ചേർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ഗൗരവ് ഗോഗോയ് തുടക്കം മുതലേ ഇടപെട്ടെങ്കിലും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തടയാനായിരുന്നില്ല.

സഖ്യം സംബന്ധിച്ച് ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി നേതൃയോഗം വിളിച്ച് അനുനയ ചർച്ച നടത്തിയിരുന്നു. പക്ഷെ, പരിഹാരമുണ്ടായില്ല. തൃണമൂൽ കോൺഗ്രസുമായി സഖ്യം വേണമെന്ന തങ്ങളുടെ ആവശ്യം തള്ളിയാൽ പാർട്ടി പിളരുമെന്നു പശ്ചിമ ബംഗാൾ കോൺഗ്രസ്സിലെ തിരുത്തൽവാദികൾ ഭീഷണി മുഴക്കി. യഥാർത്ഥ കോൺഗ്രസുകാരെ പുല്ലു പോലെ ഇനി കണക്കാക്കരുതെന്നും തിരുത്തൽവാദികൾ പറഞ്ഞു.

അതിനിടെ, പശ്ചിമ ബംഗാൾ കോൺഗ്രസ്സ് കമ്മിറ്റി ഹൈക്കമാന്റിന് സമർപ്പിച്ച തെരഞ്ഞെടുപ്പ് ആക്ഷൻ പ്ലാൻ റദ്ദാക്കണമെന്നും ആവശ്യമുയർന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം മുതൽ ഇരു വിഭാഗം നേതാക്കളുമായും രാഹുൽ ഗാന്ധി പ്രത്യേകം പ്രത്യേകമായി ചർച്ച നടത്തുകയാണ്. ഇതിനകം 36 നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയിൽ ഗൗരവ് ഗോഗോയ് അല്ലാതെ മറ്റാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല.

കോൺഗ്രസിന് പൊതുശത്രു ബിജെപിയും തൃണമൂൽ കോൺഗ്രസുമാണ് എന്നാണ് പശ്ചിമ ബംഗാൾ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഓ പി മിശ്രയുടെ നിലപാട്. എന്നാൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചാൽ കോൺഗ്രസിന് പൊതുശത്രു ബിജെപിയും സിപിഐഎമ്മുകും. ഏതായാലും സഖ്യം സംബന്ധിച്ചുള്ള നീക്കങ്ങൾ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെപി നേതാക്കൾ.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സിപിഐഎം - കോൺഗ്രസ് സഖ്യം എന്ന ആശയം മുന്നോട്ടു വച്ചത്. പശ്ചിമ ബംഗാളിൽ അത് നടപ്പിലാക്കാൻ മുൻകൈയെടുത്തതും അദ്ദേഹം തന്നെ.

എന്നാൽ, സിപിഐഎമ്മിനുള്ളിൽ ആദ്യം എതിർപ്പുയർന്നതിനാൽ നീക്കം മന്ദഗതിയിലായി. പിന്നീട് എതിർപ്പ് ഇല്ലാതായി. അതോടെ, ഇരു പാർട്ടി പ്രവർത്തകരും ഒരേ ഓഫീസിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ വരെ ധാരണയായി.

ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാക്കൾ ഇരു ചേരികളിൽ നിന്ന് 'പൊതുശത്രു' ആരാകണമെന്നതിനെ ചൊല്ലി കലാപം തുടരുന്നത്. അതിന്റെ പ്രതിഫലനം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ഉണ്ടാകും.Read More >>