ടിപി കേസ് ഒത്തുതീർപ്പാക്കിയതിന് കോൺഗ്രസ് നേതാക്കൾക്കു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടെന്ന് വിടി ബൽറാം

ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കാനും തോമസ് ചാണ്ടിയെപ്പോലുള്ള കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ വാ തുറക്കാനും കോൺഗ്രസ് നേതാക്കളെ ഉപദേശിക്കുന്നുമുണ്ട് വിടി ബൽറാം.

ടിപി കേസ് ഒത്തുതീർപ്പാക്കിയതിന് കോൺഗ്രസ് നേതാക്കൾക്കു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടെന്ന് വിടി ബൽറാം

ടിപി ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാതെ ഇടക്കു വച്ച് ഒത്തുതീർപ്പാക്കിയത് കോൺഗ്രസ് നേതാക്കളെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ വിടി ബൽറാം. ആ ഒത്തുതീർക്കലിനു കിട്ടിയ പ്രതിഫലമായി സോളാർ റിപ്പോർട്ടിനെ കണക്കാക്കിയാൽ മതിയെന്നും വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കാനും തോമസ് ചാണ്ടിയെപ്പോലുള്ള കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ വാ തുറക്കാനും കോൺഗ്രസ് നേതാക്കളെ ഉപദേശിക്കുന്നുമുണ്ട് വിടി ബൽറാം.

ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടക്കുന്ന തിരക്കു പിടിച്ച നടപടികൾ സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണെന്നും ബൽറാം പറയുന്നു. റിപ്പോർട്ടിന് വിശ്വാസ്യതയുടെ തരിമ്പു പോലുമില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വിടി ബൽറാം പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച്‌ അനുമാനിക്കാൻ കഴിയുന്നതല്ല.

ഏതായാലും കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ തോമസ്‌ ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്‌ നേതാക്കന്മാർ തയ്യാറാകണം.

'കോൺഗ്രസ്‌ മുക്ത്‌ ഭാരത്‌' എന്നത്‌ ദേശീയതലത്തിലെ ആർഎസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ്‌ മുക്ത കേരളം" എന്നതാണ്‌ ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ്‌‌ ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്‌ എന്ന് തിരിച്ചറിഞ്ഞ്‌ തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക്‌ കഴിയേണ്ടതുണ്ട്‌.


Read More >>