വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവികൾക്കുമുള്ള ഇടത്താവളമല്ല എല്‍ഡിഎഫ്; മുന്നണി വിപുലീകരണത്തിനെതിരെ വിഎസ്

ജനാധിപത്യം, തുല്യത എന്നിവയുടെ കൂട്ടായ്​മയാകണം ഇടതുപക്ഷം. പുരുഷൻ ചെല്ലുന്നിടത്ത്​ സ്​ത്രീകൾക്ക്​ വിലക്ക്​ എന്നത്​ ഭരണഘടനാവിരുദ്ധമാണെന്നും വിഎസ്​ അഭിപ്രായപ്പെട്ടു

വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവികൾക്കുമുള്ള ഇടത്താവളമല്ല എല്‍ഡിഎഫ്; മുന്നണി വിപുലീകരണത്തിനെതിരെ വിഎസ്

എൽഡിഎഫ് വിപുലീകരണത്തിൽ എതിർപ്പ് രേഖപ്പെടുത്തി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. സവർണ മേധാവികൾക്കും വർ​ഗീയവിഷങ്ങൾക്കുമുള്ള ഇടത്താവളമല്ല എൽ‍ഡിഎഫ് എന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വിഎസ് പറഞ്ഞു.

ആറ്റിങ്ങലില്‍ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു വിഎസ്. ആർ ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺ​ഗ്രസ്-ബിക്കും ഐഎൻഎല്ലിനും എതിരെയാണ് വിഎസിന്റെ ഒളിയമ്പെന്ന് വ്യക്തം. ‌കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവർ, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടമല്ല ഇടതുപക്ഷ കൂട്ടായ്മളും മുന്നണികളുമെന്നും വിഎസ് വ്യക്തമാക്കി.

ജനാധിപത്യം, തുല്യത എന്നിവയുടെ കൂട്ടായ്​മയാകണം ഇടതുപക്ഷം. പുരുഷൻ ചെല്ലുന്നിടത്ത്​ സ്​ത്രീകൾക്ക്​ വിലക്ക്​ എന്നത്​ ഭരണഘടനാവിരുദ്ധമാണെന്നും വിഎസ്​ അഭിപ്രായപ്പെട്ടു.

അതേസമയം, വിഎസ്സിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി. താന്‍ സവര്‍ണരുടെയോ അവര്‍ണരുടെയോ ആളല്ലെന്നും വിഎസ്സിന്റെ പരാമര്‍ശത്തെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും പിള്ള പ്രതികരിച്ചു.

ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് (ബി), എല്‍ജെഡി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞദിവസം മുന്നണിയിലെടുത്തത്. 25 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഐഎൻഎല്ലിന് എൽഡിഎഫിൽ സ്ഥാനം കിട്ടിയത്.