വരട്ടുവാദം ഉപേക്ഷിക്കണം; കടുംപിടുത്തമുണ്ടായാൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം പരാജയപ്പെടുമെന്ന് വിഎസ്: കത്തിന്റെ പൂർണ രൂപം

ലക്ഷ്യം നേടാൻ യഥാർഥ മാർക്സിസ്റ്റുകൾ‍ എന്ന നിലയ്ക്ക് ഏറ്റവും വിശാലമായ അടവ് പ്രയോഗിക്കണം. മറിച്ച്, ആദർശവും പറഞ്ഞുകൊണ്ടിരുന്നാൽ അത് പെറ്റി ബൂർഷ്വാ തത്വവാദത്തിന്റെ പ്രകടനം മാത്രമാവുമെന്നും വിഎസ് ഓർമിപ്പിക്കുന്നു.

വരട്ടുവാദം ഉപേക്ഷിക്കണം; കടുംപിടുത്തമുണ്ടായാൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം പരാജയപ്പെടുമെന്ന് വിഎസ്: കത്തിന്റെ പൂർണ രൂപം

രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് വിവിധ നിർദേശങ്ങളുമായി സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് വിഎസിന്റെ കത്ത്. പഴയ രാഷ്ട്രീയ വരട്ടുവാദത്തിന്റെ ആവർത്തനം ഉപേക്ഷിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെടുന്നു. മോദിരാജും സംഘ് ഫാഷിസവും പരാജയപ്പെടാൻ അതിന്റെ തലയ്ക്കുതന്നെ അടിക്കണം. ആ പോരാട്ടത്തിൽ പരമാവധിപ്പേരെ കൂടെക്കൂട്ടണം. സാധ്യതകൾ അവശേഷിപ്പിക്കാൻ തയ്യാറാവണം. നമ്മുടെ ശക്തിയും ഇടതു ശക്തിയും ഒരുമിപ്പിക്കുന്നതിനൊപ്പം അടവുപരമായ വഴക്കവും ഉണ്ടായാൽ മാത്രമേ ശത്രുവിനെ പ്രായോഗികമായി പരാജപ്പെടുത്താൻ തത്വാധിഷ്ഠിതമായ പ്രതിപക്ഷ മുന്നേറ്റം സാധ്യമാവുകയുള്ളൂ. അതായിരിക്കണം ബുദ്ധിപരമായി സ്വീകരിക്കുന്ന അടവെന്ന് വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഫാഷിസ്റ്റിക് മുന്നേറ്റത്തിന്റെ നിലവാരത്തിലും തോതിലുമുള്ള വലിയ വ്യത്യാസം കണക്കിലെടുക്കണമെന്നു പറയുന്ന വിഎസ് അത്, രാഷ്ട്രീയ അടവു നയത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നതായും വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാഹചര്യം തീർത്തും കലങ്ങിമറിഞ്ഞതാണ്. അത് ബൂർഷ്വകളെ പ്രത്യേകിച്ചും അവരുടെ ആക്രമണോൽസുക ഫാഷിസ്റ്റ് ശാഖയെ അടവുപരമായി വഴക്കമുള്ളതാക്കുന്നു. അപ്പോൾ നമ്മൾ‍ കടുംപിടുത്തത്തോടെ ഒഴിഞ്ഞുമാറിനിന്നാൽ പോരാട്ടത്തിൽ പരാജയപ്പെടുമെന്ന് വിഎസ് കത്തിൽ പറയുന്നു. ലക്ഷ്യം നേടാൻ യഥാർഥ മാർക്സിസ്റ്റുകൾ‍ എന്ന നിലയ്ക്ക് ഏറ്റവും വിശാലമായ അടവ് പ്രയോഗിക്കണം. മറിച്ച്, ആദർശവും പറഞ്ഞുകൊണ്ടിരുന്നാൽ അത് പെറ്റി ബൂർഷ്വാ തത്വവാദത്തിന്റെ പ്രകടനം മാത്രമാവുമെന്നും വിഎസ് ഓർമിപ്പിക്കുന്നു.

കോൺ​ഗ്രസുമായി കൈകോർക്കണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പരോക്ഷ​മായി കത്തിൽ പിന്തുണയ്ക്കുകയും കൂടി ചെയ്യുന്നുണ്ട് വിഎസ്. രാജ്യം കടുത്ത മോശപ്പെട്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. രൂപം കൊണ്ടും മുന്നണികൾ കൊണ്ടുമുള്ള ശക്തി കൊണ്ട് ഒറ്റയ്ക്ക് ഇതിനെതിരെ പോരാടാനാവില്ല. അതിനാൽ പ്രതിപക്ഷത്തുനിന്ന് അനുകൂല നിലപാടുകളിൽ പരമവാധിപ്പേരെയും നമ്മുടെ പക്ഷത്താക്കേണ്ടതുണ്ടെന്നും അടവുപരമായി മുന്നേറാൻ സാധ്യമായ മാർ​ഗം തുറക്കേണ്ടതുണ്ടെന്നും വിഎസ് ആവശ്യപ്പെടുന്നു. തന്ത്രപരമായ എല്ലാത്തരം ഐക്യമുന്നണികളിൽനിന്നും ബൂർഷ്വാ പാർട്ടികളെ പൊതുവായ പാപ്പരത്തത്തിന്റെ പേരിൽ ഒഴിവാക്കി നിർത്തുന്നത് ഫലത്തിൽ വിഭാഗീയ രീതിയുടേതായ പിഴവായിരിക്കും. അതു നമ്മളെ സൈദ്ധാന്തിക പ്രതിപക്ഷമാക്കും. ജനവിരുദ്ധ നയങ്ങളെ എതിർക്കുന്ന പ്രായോഗിക പ്രതിപക്ഷമാക്കില്ലെന്നും വിഎസ് കത്തിലൂടെ ഓർപ്പെടുത്തുന്നു.

സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വി എസ് അച്യുതാനന്ദൻ അയച്ച കത്തിന്റെ പൂർണരൂപം

സഖാക്കളേ,

ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ‍ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണു ഞാൻ. കാരണം, ഒരാഴ്ചത്തെ വിശ്രമവും മുട്ടിന്റെ വേദന കുറയുന്നതുവരെ ഏതാനും ദിവസത്തെ ഫിസിയോതെറപ്പിയും ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് ചില കാര്യങ്ങൾ എനിക്കു സിസിയെ അറിയിക്കാനുണ്ട്.

ഇന്ത്യയിൽ ഉതുത്തിരിയുന്ന മൂർത്തമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, രാഷ്ട്രീയ അടവു നയം പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. നിശ്ചിതമായ മാർഗരേഖയുടെയോ പ്രമാണങ്ങളുടെയോ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതല്ല അടവുനയം. അങ്ങനെ സംഭവിച്ചാൽ അതിൽ അടവ് ഉണ്ടാവില്ല– തന്ത്രപരമായ നിബന്ധനകളുടെ, കൗശലപരമായ വാക്കുകളുപയോഗിച്ചുള്ള ആവർത്തനം മാത്രമാവുമത്. അത് പരാമവധി സഖ്യകക്ഷികളെ ഒരുമിപ്പിക്കാനും ശത്രുശക്തികളെ ഭിന്നിപ്പിക്കാനുമുള്ള നമ്മുടെ ആത്മാർഥ ശ്രമം വൃഥാവിലാക്കും.

സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്നതു വാസ്തവമാണ്. എന്നാൽ, 1991മുതൽ ഇപ്പോൾവരെ ഉദാവത്കരണം–സ്വകാര്യവത്കരണം–ആഗോളവത്കരണം (എൽപിജി) സംംബന്ധിച്ച് അത്തരം ഭരണവർഗ പാർട്ടികളെടുത്തിട്ടുള്ള നിലപാടുകൾ പരിശോധിച്ചാൽ നമുക്കു കാണാൻ സാധിക്കുന്നതിതാണ്: ബിജെപിയും കോൺഗ്രസും പോലെയുള്ള പ്രധാന ഭരണവർഗ പാർട്ടികളും ഒട്ടുമിക്ക പ്രാദേശിക പാർട്ടികളും എൽപിജിയുടെ ഇരയായിട്ടുണ്ട്. ഈ ശോഷണം ബൂർഷ്വാ രാഷ്ട്രീയത്തിന്റെ പൊതുവായ പാപ്പരത്തത്തിന് ഏകദേശം പൂർ‍ണമായിത്തന്നെ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇടതു ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും ഈ പാപ്പരത്തത്തിന്റെ അനുരണനങ്ങൾ പ്രതിഫലിക്കുന്നുണ്ട്. കേരളത്തെ ഉദാഹരണമാക്കി അത്തരം പല സംഭവങ്ങളും ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ അതിൽ ഊന്നൽ കൊടുക്കാനല്ല ഉദ്ദേശിക്കുന്നത് എന്നതിനാൽ വിശദീകരിക്കുന്നില്ല.

തന്ത്രപരമായ എല്ലാത്തരം ഐക്യമുന്നണികളിൽനിന്നും ബൂർഷ്വാ പാർട്ടികളെ പൊതുവായ പാപ്പരത്തത്തിന്റെ പേരിൽ ഒഴിവാക്കി നിർത്തുന്നത് ഫലത്തിൽ വിഭാഗീയ രീതിയുടേതായ പിഴവായിരിക്കും. അതു നമ്മളെ സൈദ്ധാന്തിക പ്രതിപക്ഷമാക്കും, ജനവിരുദ്ധ നയങ്ങളെ എതിർക്കുന്ന പ്രായോഗിക പ്രതിപക്ഷമാക്കില്ല. യുഎസ്എസ്ആറിന്റെ തകർച്ചയ്ക്കും ആഗോളവത്കരണത്തിന്റെ ഉദ്ഘാടനത്തിനും ശേഷമുണ്ടായിട്ടുള്ള ചരിത്രപരമായ കാരണങ്ങളാലാണ് ബൂർഷ്വാ രാഷ്ട്രീയത്തിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതും വർഗീയ ഫാഷിസ്റ്റിക് ശക്തികളുടെ വളർച്ചയും ബൂർഷ്വാ രാഷ്ട്രീയത്തിന്റെ ശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. പ്രത്യേകിച്ചും, രണ്ടാം യുപിഎയുടെ കാലത്ത്. വാസ്തവത്തിൽ, കോൺഗ്രസുണ്ടാക്കിയ പ്രതിസന്ധി മുതലെടുത്താണ് ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോൾ, മോദി സർക്കാർ ഒരുവശത്ത് എൽപിജി നയങ്ങൾ നിർദ്ദാക്ഷിണ്യം നടപ്പാക്കുന്നു; മറുവശത്ത്, വർഗീയ വിദ്വേഷം ആളിക്കത്തിച്ചും പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളെ കൊലപ്പെടുത്തിയും മറ്റും ദേശീയതലത്തിൽ ശക്തി വർധിപ്പിക്കുന്നു. ജുഡീഷ്യറിയെ കളിപ്പാവയാക്കിയിരിക്കുന്നു. സൈനിക, ഇന്റലിജൻസ് കാര്യങ്ങളിൽ യുഎസിനോടും സയണിസ്റ്റ് ഇസ്രയേലിനോടും പരസ്യമായി കൂട്ടുചേരുന്നു.

മോദി സർക്കാർ ആഗോളവത്കരണ നയങ്ങളുടെ മികച്ച നടത്തിപ്പുകാരും സമൂഹത്തിലെ വർഗീയവത്കരണത്തിന് ആക്കംകൂട്ടുന്നവരും സാമ്രാജ്യത്വ പദ്ധതിയോടു ദേശീയമായി കീഴ്പ്പെടുന്നതിന്റെ മുഖ്യ ഏജന്റുമായിരിക്കുന്നു. അപ്പോൾ, ഏറ്റവും മോശമായ സാഹചര്യമാണിതെന്നു കണക്കാക്കാം, തീർത്തും മോശപ്പെട്ട സാഹചര്യം.

രൂപത്തിലും മുന്നണികൾക്കൊണ്ടും നമുക്കുള്ള ശക്തികൊണ്ട് ഒറ്റയ്ക്ക് ഈ സാഹച്യത്തോടു പോരാടാനാവില്ല. മേൽപറഞ്ഞ ബൂർഷ്വാ പ്രതിപക്ഷത്തുനിന്ന് അനുകൂല നിലപാടുകാരിൽ പരമാവധിപ്പേരെയും നമ്മുടെ പക്ഷത്താക്കേണ്ടതുണ്ട്; അടവുപരമായി മുന്നേറാൻ സാധ്യമായ മാർഗം തുറക്കേണ്ടതുണ്ട്. ഈ ആശങ്കയും വിവേകവുമായി വേണം രാഷ്ട്രീയ അടവുനയത്തെ സമീപിക്കാൻ‍. മോദി രാജിനു പരിസമാപ്തി കുറിക്കേണ്ടത് ദേശീയ പരമാധികാരം സംരക്ഷിക്കാനും സാമ്പത്തിക സുരക്ഷയ്ക്കും രാജ്യത്തിന്റെ മതനിരപേക്ഷവും ജനാധിപത്യപരമായ നിലനിൽപിനുംവേണ്ടി ഈ ഘട്ടത്തിൽ സുപ്രധാനമാണെന്നതിനോട് നാമെല്ലാവരും യോജിക്കുമെന്ന് ഞാൻ കരുതുന്നു. അതാണ് ലക്ഷ്യമെന്നു തീരുമാനിക്കുകയും ആ ലക്ഷ്യം നേടാനായുള്ള സമ്പൂർണമായ കടന്നാക്രമണത്തിന് ആഹ്വാനം നൽകുകയും ചെയ്തുകഴിഞ്ഞാൽ, യഥാർഥ മാർക്സിസ്റ്റുകൾ‍ എന്ന നിലയ്ക്ക്, ആ ലക്ഷ്യം നേടാൻ ഏറ്റവും വിശാലമായ അടവു പ്രയോഗിക്കണം. മറിച്ച്, ആദർശവും പറഞ്ഞുകൊണ്ടിരുന്നാൽ, അത് പെറ്റി ബൂർഷ്വാ തത്വവാദത്തിന്റെ പ്രകടനം മാത്രമാവും, പ്രോലിറ്റേറിയൻ താൽപര്യമാവില്ല.

ലക്ഷ്യം നേടാൻ നമ്മൾ എന്താണു ചെയ്യേണ്ടത്? ബൂർഷ്വാ രാഷ്ട്രീയം തന്ത്രപരമായ ശോഷണം നേരിടുകയാണ്. അപ്പോൾ, മൂല്യപരമായി ഏറ്റവും ശോഷിച്ചുകൊണ്ടിരിക്കുന്നതും ഉഗ്രശേഷിയുള്ളതുമായ വിഭാഗത്തെ മൂർ‍ത്തമായി ലക്ഷ്യം വയ്ക്കണം. മോദിരാജും സംഘ് ഫാഷിസവുമാണത് എന്നതിൽ സംശയമില്ല. അത്, ഒരുവശത്ത്, രാഷ്ട്രത്തിന്റെ സാമ്പത്തിക പരമാധികാരത്തിന്റെ അടിത്തറയും വിശാല രാഷ്ട്രീയ ചട്ടക്കൂടിന്റെ തൂണുകളും, മറുവശത്ത്, സമൂഹത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവും മുറിച്ചുമാറ്റാൻ ഇപ്പോൾ ഭരണവർഗങ്ങളുടെ ഇരുതല വാളായി മാറിയിരിക്കുന്നു.

അടിസ്ഥാന വ്യവസായങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ബാങ്കുകളെയും വിറ്റുതുലയ്ക്കുന്ന, വർഗീയ, ജാതി അടിസ്ഥാനത്തിൽ വിനാശകരമായ രീതിയിൽ ജനത്തെ വിഭജിക്കുന്ന പ്രതിലോമ ശക്തിയാണത്. സാമ്രാജ്യത്വത്തിന്റെ പ്രിയപ്പെട്ട സഖ്യകക്ഷി. അതിന്റെ തലയ്ക്കുതന്നെ അടിക്കണം. ആ പോരാട്ടത്തിൽ പരമാവധിപ്പേരെ കൂടെക്കൂട്ടണം. അതിന് പഴയ രാഷ്ട്രീയ അടവുനയത്തിന്റെ വരട്ടുവാദപരമായ ആവർത്തനം ഉപേക്ഷിക്കണം. സാധ്യതകൾ അവശേഷിപ്പിക്കാൻ തയ്യാറവണം. നമ്മുടെ ശക്തിയും ഇടതു ശക്തിയും ഒരുമിപ്പിക്കുന്നതിനൊപ്പം, അടവുപരമായ വഴക്കവും ഉണ്ടായാൽ മാത്രമേ ശത്രുവിനെ പ്രായോഗികമായി പരാജപ്പെടുത്തുന്നതിന് തത്വാധിഷ്ഠിത പ്രതിപക്ഷ മുന്നേറ്റം സാധ്യമാവുകയുള്ളു. അതായിരിക്കണം ബുദ്ധിപരമായി നമ്മൾ സ്വീകരിക്കുന്ന അടവ്.

ഫാഷിസ്റ്റിക് മുന്നേറ്റത്തിന്റെ നിലവാരത്തിലും തോതിലുമുള്ള വലിയ വ്യത്യാസം നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. അത്, രാഷ്ട്രീയ അടവു നയത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നു‌– മേൽപറഞ്ഞവ മനസിൽ വച്ചുള്ള മാറ്റങ്ങൾ. സാഹചര്യം തീർത്തും കലങ്ങിമറിഞ്ഞതാണ്. അത് ബൂർഷ്വകളെ, പ്രത്യേകിച്ചും അവരുടെ ആക്രമണോൽസുക ഫാഷിസ്റ്റ് ശാഖയെ അടവുപരമായി വഴക്കമുള്ളതാക്കുന്നു. അപ്പോൾ നമ്മൾ‍ കടുംപിടുത്തത്തോടെ ഒഴിഞ്ഞുമാറിനിന്നാൽ പോരാട്ടത്തിൽ പരാജയപ്പെടും.

വി എസ് അച്യുതാനന്ദൻ

Read More >>