ബിജെപിക്കെതിരേ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍; ബിഡിജെഎസിനെ മുന്നണി മര്യാദ പാലിക്കാതെ ചവിട്ടിമെതിക്കുന്നു, ' എവിടെയും ഇടംകിട്ടാത്തതുകൊണ്ടല്ല എന്‍ഡിഎയില്‍ തുടരുന്നത് '

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കു മുമ്പ് ഇ അഹമ്മദിനു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കില്‍ കോലീബി സഘ്യമുണ്ടെന്ന് ഉറപ്പിക്കാമെന്നും വെള്ളാപ്പള്ളി; 'മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകപക്ഷീയമായി നടത്തിയ ബിജെപി മുന്നണി മര്യാദ പാലിച്ചിട്ടില്ല. ബിഡിജെഎസിനെ അക്ഷരാര്‍ത്ഥത്തില്‍ ചവിട്ടിമെതിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ബിജെപിക്കെതിരേ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍; ബിഡിജെഎസിനെ മുന്നണി മര്യാദ പാലിക്കാതെ ചവിട്ടിമെതിക്കുന്നു,  എവിടെയും ഇടംകിട്ടാത്തതുകൊണ്ടല്ല എന്‍ഡിഎയില്‍ തുടരുന്നത്

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് ആര്‍ക്കുമുന്നിലും അടിയറ വെച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകപക്ഷീയമായി നടത്തിയ ബിജെപി മുന്നണിമര്യാദ പാലിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപി ഏകപക്ഷീയമായി സീറ്റ് പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കു മുമ്പ് ഇ അഹമ്മദിനു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കില്‍ കോലീബി സഘ്യമുണ്ടെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ ഘടകകക്ഷിയെന്ന ആലോചനയില്ലാതെയാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നത്. വാക്കും പ്രവര്‍ത്തിയും തമ്മിലൊരു ബന്ധവുമില്ലാത്ത സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനം കേന്ദ്രനേതാക്കള്‍ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഈഴവനും പട്ടികജാതി-വര്‍ഗക്കാര്‍ക്കും യാതൊരു പരിഗണനയും പാര്‍ട്ടി നല്‍കുന്നില്ല. ബിഡിജെഎസിനെ അക്ഷരാര്‍ത്ഥത്തില്‍ ചവിട്ടിമെതിക്കുകയാണ്. ബിഡിജെഎസ് ഘടകകക്ഷിയായി നടന്ന് കാലുതേഞ്ഞ് അവസാനിക്കുമെന്ന് ആരും കരുതണ്ടെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ബിജെപി നേതാക്കള്‍ക്ക് വല്ല്യേട്ടന്‍ മനോഭാവമാണ്. കേന്ദ്രനേതൃത്വവുമായി ബിഡിജെഎസ് നേതാക്കള്‍ നേരിട്ടു ബന്ധപ്പെടുന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രശ്‌നം. സംസ്ഥാന നേതാക്കള്‍ ബിജെപിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെയും ഇടംകിട്ടാത്തതുകൊണ്ടല്ല എന്‍ഡിഎ ഘടകകക്ഷിയായി തുടരുന്നതെന്നും കടുത്ത നിലപാടിലേക്കു പോകണമോയെന്ന കാര്യം ബിഡിജെഎസ് നേതൃത്വം കൂടിയാലോചനകള്‍ക്കുശേഷം തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ശാശ്വത ശത്രുക്കളില്ലെന്നും മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങളുമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തുവന്നിരുന്നു.