'കര്‍ഷകമക്കളായ ജോസ് കെ മാണിക്കും നിഷയ്ക്കും മംഗളാശംസകള്‍'; പോസ്റ്റിൽ ട്രോൾ കൃഷിയുമായി സോഷ്യല്‍മീഡിയ

കര്‍ഷക രക്ഷകന്‍ മാണിസാറിന്റെ മക്കളായതുകൊണ്ട് ബോധപൂര്‍വമാണ് അത്തരമൊരു പ്രയോഗം നടത്തിയതെന്നാണ് പോസ്റ്റിട്ടയാളുടെ മറുപടി.

കര്‍ഷകമക്കളായ ജോസ് കെ മാണിക്കും നിഷയ്ക്കും മംഗളാശംസകള്‍; പോസ്റ്റിൽ ട്രോൾ കൃഷിയുമായി സോഷ്യല്‍മീഡിയ

25ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ജോസ് കെ മാണി എംപിയേയും ഭാര്യ നിഷയേയും കര്‍ഷക മക്കളാക്കി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ഇരുവരുടേയും 25ാം വിവാഹ വാര്‍ഷികദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. അലക്‌സ് ബേബി ബേബി തോട്ടക്കാട്ടുകര എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ട്രോളുകള്‍ക്ക് ആധാരം.

25ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കര്‍ഷകമക്കള്‍ക്ക് മംഗളാശംസകള്‍ എന്നാണ് പോസ്റ്റ്. എന്നാല്‍ ഇവര്‍ ഏതു കര്‍ഷകന്റെ മക്കളാണെന്നും, എന്ത് കൃഷിയാണ് അദ്ദേഹം ചെയ്തതെന്നുമാണ് കമന്റുകള്‍. എന്നാല്‍ കര്‍ഷക രക്ഷകന്‍ മാണിസാറിന്റെ മക്കളായതുകൊണ്ട് ബോധപൂര്‍വമാണ് അത്തരമൊരു പ്രയോഗം നടത്തിയതെന്നാണ് പോസ്റ്റിട്ടയാളുടെ മറുപടി. ശരിയാണ്, രാഷ്ട്രീയം ആണല്ലോ മാണിയുടെ ലാഭകരമായ കൃഷി എന്നാണ് ഈ മറുപടിക്കു താഴെയുള്ള ഒരാളുടെ കമന്റ്. ഒരു ചേമ്പ് പോലും നടാത്ത ഇവരെങ്ങനെ കര്‍ഷക മക്കള്‍ ആവും എന്നാണ് മറ്റൊരാളുടെ ചോദ്യം. കെ എം മാണിയുടേത് രാഷ്ട്രീയ കൃഷി ആണെന്നും അദ്ദേഹം രാഷ്ട്രീയ കര്‍ഷകന്‍ ആണെന്നും മറ്റു ചിലര്‍ കമന്റിട്ടിട്ടുണ്ട്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായിരുന്ന ജോസ് കെ മാണി 2018 ജൂലൈ ഒന്നിന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും ഭാര്യ നിഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിഷയല്ലെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു. നിഷ മല്‍സരിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.