കെസി ഡല്‍ഹിക്ക്; അവര്‍ രണ്ടും ഇനി എങ്ങോട്ട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മുഖ്യ ചോദ്യം!

ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാല്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനം തെറിച്ച് രണ്ടു മലയാളികള്‍

കെസി ഡല്‍ഹിക്ക്; അവര്‍ രണ്ടും ഇനി എങ്ങോട്ട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മുഖ്യ ചോദ്യം!

ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാല്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനം തെറിച്ച് രണ്ടു മലയാളികള്‍- വിന്‍സന്റ് ജോര്‍ജും ടോം വടക്കനും. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശബ്ദമായിരുന്നു വിന്‍സന്റ് ജോര്‍ജ്. സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി എന്ന നിലയില്‍ കരുത്തേറി. രാഹുല്‍ഗാന്ധി ദേശീയ അധ്യക്ഷനായതോടെ വിന്‍സന്റ് ജോര്‍ജിന്റെ ശബ്ദവും തന്ത്രവും ആവശ്യമില്ലാതായി.

വിന്‍സന്റ് ജോര്‍ജിലൂടെ സോണിയാ ഗാന്ധിയുടെ ലിസ്റ്റില്‍ കയറിപ്പറ്റിയ സംഘത്തിന് ഒന്നടങ്കമാണ് വേരുവീക്കം ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ പുതിയ ടീമില്‍ കേരളത്തില്‍ നിന്നും കെ സി വേണുഗോപാല്‍ നിര്‍ണായക സ്ഥാനത്താണ് ഇപ്പോഴുള്ളത്. മീഡിയയുടെ ചുമതലയിലാണ് ടോം വടക്കന്‍ എത്തിയത്. തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ ചരടുവലികളിലൂടെ തൃശൂര്‍ സീറ്റിന് ശ്രമിച്ച് പരാജയം ഏറ്റുവാങ്ങിയ ടോം വടക്കന്‍ ഇപ്പോഴും എഐസിസി സെക്രട്ടറിമാരില്‍ ഒരാളാണ്.

വിന്‍സന്റ് ജോര്‍ജിനും ടോം വടക്കനും ബലക്ഷയം ഉണ്ടാകുന്നതോടെ കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ താപ്പാനകള്‍ക്കാണ് വലിയ ക്ഷതമുണ്ടാകുന്നത്. കേന്ദ്ര നേതൃത്വത്തോട് അടുത്തുനിന്ന് കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കാന്‍ വിന്‍സന്റ് ജോര്‍ജിന് കഴിയുമായിരുന്നു.

തെരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലടക്കം കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും ശക്തമായ സഹായമാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ എന്നതിനപ്പുറം മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് അഹമ്മദ് പാട്ടീലിന് ഉണ്ടായിരുന്നത്.

ദേശീയ നേതൃത്വത്തോട് എന്‍എസ്എസിന് കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ പി ജെ കുര്യനായിരുന്നു വഴി. കെ സി വേണുഗോപാലിലൂടെ ആ വഴി കുറേക്കൂടി തുറന്നതോടെ സഭയുടേയും എന്‍എസ്എസിന്റെയും പിന്തുണയുടെ ബലംപിടിച്ച് ഡല്‍ഹിയില്‍ തുടരുന്ന കുര്യനും വലിയ തിരിച്ചടിയായി. സോണിയാ ഗാന്ധിയുടെ ഒരു അപ്പോയ്‌മെന്റിനായി മൂന്നര മാസമായി കുര്യന്‍ കാത്തിരിക്കുകയാണ് എന്നാണ് വിവരം. വിന്‍സന്റ് ജോര്‍ജിന്റെ പ്രഭ മങ്ങിയത് ഇതോടെ കൂടുതല്‍ വ്യക്തമായി.

കത്തോലിക്ക സഭയുടെ ആളുകളായി മേളിച്ചിരുന്ന സംഘത്തെ അടപടലം അകറ്റിനിര്‍ത്തി ഉമ്മന്‍ചാണ്ടിയെ അടുപ്പിക്കുമ്പോഴും കാര്യങ്ങള്‍ വ്യക്തമാണ്. സഭയേയും അധ്യക്ഷന്മാരേയും ബിജെപി പാളയത്തില്‍ എത്തിക്കാന്‍ കരുനീക്കിയ ആളുകളെയാണ് ഹൈക്കമാന്‍ഡ് തിരഞ്ഞുപിടിച്ച് മാറ്റി നിര്‍ത്തുന്നത്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ അതിസ്വാധീനമുണ്ടായിരുന്ന വിന്‍സന്റ് ജോര്‍ജും ടോം വടക്കനും സ്ഥാനഭ്രഷ്ടരാക്കുമ്പോള്‍ ഇനി അവരുടെ സ്ഥാനം കേരളത്തിലാകും എന്നുറപ്പിക്കാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒരുസ്ഥാനം ഇരുവര്‍ക്കും നല്‍കാന്‍ സാധ്യതയില്ല.

Read More >>