ദേശീയ മാധ്യമങ്ങളിൽ ഇനി തോമസ് ഐസക്; പാണ്ഡിത്യം കേരളത്തിനു വേണ്ടി ഉപയോഗിക്കാൻ മന്ത്രിയോട് പാർട്ടി

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലേയ്ക്ക് സംഘപരിവാറിന്റെ കേരള വിരുദ്ധ വിദ്വേഷ പ്രചാരണം ശക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങളിലൂടെ പ്രതിരോധത്തിന് നേതൃത്വം നല്‍കാന്‍ ഐസക് രംഗത്തിറങ്ങുന്നത്

ദേശീയ മാധ്യമങ്ങളിൽ ഇനി തോമസ് ഐസക്; പാണ്ഡിത്യം കേരളത്തിനു വേണ്ടി ഉപയോഗിക്കാൻ മന്ത്രിയോട് പാർട്ടി

മന്ത്രി ഡോ. തോമസ് ഐസക്കിന് പുതിയ ചുമതല. ദേശീയ ചാനലുകളെ ഉപയോഗിച്ച് സംഘപരിവാര്‍ നടത്തുന്ന കേരള വിരുദ്ധ പ്രചാരണത്തെ പ്രതിരോധിക്കാന്‍ മന്ത്രി ഐസക്കാകും ഇനി മുന്‍ നിരയില്‍. നിലവില്‍ ദേശീയ ചാനലുകളിലെ സിപിഐഎമ്മിന്റെയും കേരള സര്‍ക്കാരിന്റെയും പ്രാതിനിധ്യം എം.ബി രാജേഷ് എംപിയാണ്. ദേശീയ ചാനലുകള്‍ നിരന്തരം കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുമ്പോള്‍ പ്രതിരോധമൊരുക്കാന്‍ ശക്തരായ കൂടുതല്‍പ്പേര്‍ രംഗത്തെത്തുന്നതിന്റെ ഭാഗമായാണ് ഐസക്കിന് പുതിയ ദൗത്യം.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് വൈദഗ്ധ്യം പ്രകടിപ്പിച്ച് ഐസക് ശ്രദ്ധേയനായി കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കം ഐസക്കിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജിഎസ്ടി വിഷയത്തില്‍ ഐസക്കിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്രം സ്വീകരിച്ചിരുന്നു.

ഇംഗ്ലീഷിലുള്ള പ്രാഗല്‍ഭ്യവും സംവാദങ്ങളിലെ ആര്‍ജ്ജവവും കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിന് ഐസക്കിന് സാധിക്കും. വിവരങ്ങളും വസ്തുതകളും വെച്ചുള്ള ഐസക്കിന്റെ അവതരണം കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് തടയിടും എന്നാണ് പാര്‍ട്ടി കരുതുന്നത്.

മന്ത്രിമാരില്‍ ഏറ്റവും ശക്തമായ സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുന്നയാളാണ് തോമസ് ഐസക്. സോഷ്യല്‍ മീഡിയയിലെ ഐസക്കിനുള്ള ഈ സ്വീകാര്യതയും കേരളത്തിനു വേണ്ടി ഇനി ഉപയോഗിക്കും. ജിഎസ്ടിയെ കുറിച്ച് ഐസക് പേജിലിട്ട ഇംഗീഷിലുള്ള പോസ്റ്റുകള്‍ ആയിരക്കണക്കിനു ഷെയറുകളാണ് നേടിയത്. സംഘപരിവാറിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ ഐസക് ഇംഗ്ലീഷിലെഴുതുന്ന പോസ്റ്റുകള്‍ എഴുതിയാല്‍ അതും രാജ്യമാകെ വ്യാപിക്കും.

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക് ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുമെന്നത് കേരളത്തിന് ആശ്വാസകരമാകും. സംഘപരിവാറും അനുകൂല മാധ്യമങ്ങളും സംഘടിതമായ ആക്രമണമാണ് നടത്തുന്നത്. കണ്ണൂരിനേയും മലപ്പുറത്തേയും കേന്ദ്രീകരിച്ച് ആരംഭിച്ച പ്രചാരണം ബീഫ് അനുകൂല സമരങ്ങളോടെയാണ് പുതിയ തലത്തിലേയ്‌ക്കെത്തിയത്. കണ്ണൂരില്‍ മാടിനെ പരസ്യമായി കശാപ്പ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് ഇന്നു കാണുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. പശുവിനെ പരസ്യമായി കൊല്ലുന്ന നാടാണ് കേരളം എന്ന നിലയ്ക്കായിരുന്നു പ്രചാരണം.

പുലി പിടിച്ച് മരത്തില്‍ കയറ്റിയ പശുക്ടാവിനെ പോലും കേരളത്തിന്റെ മൃഗീയതയായി അവതരിപ്പിക്കപ്പെട്ടു. സംസ്ഥാനത്തിനു പുറത്തു ജീവിക്കുന്ന മലയാളികളുടെ ജീവന് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന നിലയിലാണ് ഇപ്പോള്‍ പ്രചാരണം. രാജ്യത്ത് സംഘപരിവാറിനെ പ്രതിരോധിക്കുന്ന സംസ്ഥാനമാണ് കേരളം. ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ കേരളത്തിനെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന് മറുപടി കൊടുക്കാന്‍ സംസ്ഥാനത്തിന് ഇംഗ്ലീഷില്‍ പരസ്യം നല്‍കേണ്ടി വന്നു. എന്‍ഡിടിവിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖവും നല്‍കേണ്ടി വന്നു.

ശശി തരൂര്‍ പ്രതിപക്ഷത്തായിരിക്കുമ്പോഴും കേരളത്തിനായി നിലപാടെടുക്കുന്നുണ്ട്. വിദ്വേഷ പ്രചാരണം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാടുയര്‍ത്താന്‍ ഐസക് രംഗത്തിറങ്ങുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുഴുവന്‍ പിന്തുണ കേരളത്തിന് ലഭിക്കുന്നതിനും ഐസക്കിന്റെ സാന്നിധ്യം ഉപകരിക്കപ്പെടും എന്നു തന്നെയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികളായ വൈദികരും കന്യാസ്ത്രീകളും സഭയുടെ സ്ഥാപനങ്ങളും ഏറെയുണ്ട്. വിദ്വേഷ പ്രചാരണം മൂലം ജീവഭയത്തിലാണ് ഇവരെല്ലാം.

Read More >>