നടി റോജയ്ക്കെതിരെ വാണി വിശ്വനാഥ്; താരപ്പോരിനൊരുങ്ങി ആന്ധ്രയിലെ ന​ഗരി

നേരത്തെ ടിഡിപിയിലായിരുന്ന റോജ പിന്നീട് വൈഎസ്ആർ കോൺ​ഗ്രസിലേക്കു കൂറുമാറുകയായിരുന്നു. നിലവിൽ സംസ്ഥാനത്തെ തീപ്പൊരി നേതാക്കളിൽ ഒരാളാണ് അവർ.

നടി റോജയ്ക്കെതിരെ വാണി വിശ്വനാഥ്; താരപ്പോരിനൊരുങ്ങി ആന്ധ്രയിലെ ന​ഗരി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട ന​ഗരി മണ്ഡലം താരപ്പോരിന് വേദിയാകുന്നു. വൈഎസ്ആർ കോൺ​ഗ്രസിനെതിരെ മുൻകാല നായികയെ ഇറക്കി കളംപിടിക്കാനാണ് തെലുങ്കുദേശം പാർട്ടിയുടെ നീക്കം. നിലവിൽ ന​ഗരി എംഎൽഎയായ നടി റോജയ്ക്കെതിരെ മറ്റൊരു നായികയായ വാണി വിശ്വനാഥിനെ മത്സരിപ്പിക്കാനാണ് ടിഡിപി ഒരുങ്ങുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച വാണി വിശ്വനാഥ് ന​ഗരിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും നൽകിക്കഴിഞ്ഞു. വാണി മത്സരിച്ചാൽ ശക്തമായ താര പോരാട്ടത്തിന് തന്നെയാകും ന​ഗരി വേദിയാവുക.

നേരത്തെ ടിഡിപിയിലായിരുന്ന റോജ പിന്നീട് വൈഎസ്ആർ കോൺ​ഗ്രസിലേക്കു കൂറുമാറുകയായിരുന്നു. നിലവിൽ സംസ്ഥാനത്തെ തീപ്പൊരി നേതാക്കളിൽ ഒരാളാണ് അവർ. മുഖ്യമന്ത്രി നായിഡുവിനും ടിഡിപി നേതാക്കൾക്കുമെതിരെ നിയമസഭയിൽ കത്തിക്കയറി സസ്പെൻഷനിലായിട്ടുള്ള റോജ വൈഎസ്ആർ കോൺ​ഗ്രസ് നേതാവ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ വിശ്വസ്ത അനുയായികളിൽ ഒരാളാണ്.

ആന്ധ്രയിൽ സുപരിചിതയായ വാണി വിശ്വനാഥ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായ എൻ ടി രാമറാവുവിന്റെ നായികമാരിൽ ഒരാളായിരുന്നു. ഇത് മുതലാക്കാനാണ് ടിഡിപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃപാടവത്തിലും ഭരണത്തിലും മതിപ്പു പുലർത്തുന്ന വാണിക്ക്‌ നഗരിയിൽ റോജയെ നേരിടാനുള്ള ആത്മവിശ്വാസവുമുണ്ട്.

2014-ലെ തെരഞ്ഞെടുപ്പിൽ ടിഡിപിയുടെ മുതിർന്ന നേതാവ് മുദ്ദു കൃഷ്ണമ്മ നായിഡുവിനെ വാശിയേറിയ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് റോജ നിയമസഭയിൽ എത്തിയത്. പരേതനായ കൃഷ്ണമ്മ നായിഡുവിന് പകരം അദ്ദേഹത്തിന്റെ മകന് ടിഡിപി ടിക്കറ്റ് നൽകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ റോജയെ നേരിടാൻ പറ്റിയ എതിരാളിയെ അന്വേഷിക്കുകയായിരുന്നു നായിഡു. അപ്പോഴാണ് തെലുങ്ക് സിനിമാലോകത്ത് ചിരപരിചിതയായ വാണി വിശ്വനാഥ് ടിഡിപിയിൽ ചേരാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതം മൂളിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരിക്കും ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

Read More >>