സിനേര്‍ജി സര്‍വ്വേ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍; കെ വി തോമസിന് എതിരെ ശക്തമായ തെളിവുകള്‍: സിറ്റിങ് എംപിക്ക് സീറ്റ് തെറിക്കും

ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായത്തിന് പ്രഥമ പരിഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ബൂത്ത് തലത്തിലാണ് തോമസിന് കൂടുതല്‍ എതിര്‍പ്പുകളുള്ളത്.

സിനേര്‍ജി സര്‍വ്വേ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍; കെ വി തോമസിന് എതിരെ ശക്തമായ തെളിവുകള്‍: സിറ്റിങ് എംപിക്ക് സീറ്റ് തെറിക്കും

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുന്നോടിയായി മൂബൈ ആസ്ഥാനമായ സിനേര്‍ജി സര്‍വ്വേ ആന്‍ഡ് അനാലിസിസ് കേരളത്തില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചതായി വിവരം. ഈ സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിലവില്‍ എറണാകുളം എംപിയായ കെ വി തോമസിന് എതിരെ ശക്തമായ തെളിവുകളാണ് ഹൈക്കമാന്റിനു മുന്നില്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 86 ശതമാനം പേരും കെ വി തോമസ് വീണ്ടും മത്സരിച്ചാല്‍ വോട്ട് ചെയ്യില്ല എന്ന കണക്ക് നിരത്തുന്നു. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലത്തില്‍ നടത്തിയ സര്‍വ്വേയുടെ ഫലം കെ വി തോമസിന് എതിരായതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യ പട്ടികയില്‍ പോലും തോമസ് ഇടംപിടിക്കില്ല എന്ന സ്ഥിതിയാണ്. സോണിയാഗാന്ധിയുടെ ആശ്രിതന്‍ എന്ന നിലയ്ക്കുള്ള തോമസിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജയസാധ്യത ഇല്ലാത്ത ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കില്ല എന്ന നിലയ്ക്കാണ് ഹൈക്കമാന്‍ഡ് നീങ്ങുന്നത്.

പ്രൊഫഷണല്‍ ഏജന്‍സികളെ സര്‍വ്വേകള്‍ക്കായി ഏല്‍പ്പിച്ചതും ജനത്തിന്റെ പള്‍സ് നേരിട്ടറിയാനാണ്. നിലവിലുള്ള എംപിമാരില്‍ ജനപ്രിയത തീരെയില്ലാത്ത ആളായി കെ വി തോമസ് മാറിയത് ശാസ്ത്രീയമായി വ്യക്തമായ റിപ്പോര്‍ട്ടില്‍ മുസ്ലിം- ലാറ്റിന്‍ വോട്ടുകളുടെ സ്വഭാവവും വ്യക്തമാക്കുന്നു. നരേന്ദ്രമോദിയെ പുകഴ്ത്തി മുസ്ലിം വോട്ടര്‍മാരില്‍ നിന്നും തോമസ് അകന്നതു കൂടാതെ എറണാകുളത്തിന്റെ ജയപരാജയം തീരുമാനിക്കുന്ന ലാറ്റിന്‍ വോട്ടുകളും അകന്നു കഴിഞ്ഞെന്നു വ്യക്തമാക്കുന്നുണ്ട്. സ്വന്തം പ്രതിച്ഛായ മാത്രം നോക്കി കെ വി തോമസ് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി നിര്‍ത്തിയതും ഇനിയൊരുപക്ഷെ ബിജെപിയിലേയ്ക്കു പോലും കൂറുമാറിയേക്കാം എന്ന സ്ഥിതി വന്നതുമാണ് തോമസിന് തിരിച്ചടിയായത്.

ഹൈബി ഈഡന്റെ പേരാണ് കെ വി തോമസിനു പകരം ഉയര്‍ന്നു കേള്‍ക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമാണ് ഉള്ളതെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളെ മുഖവിലയ്‌ക്കെടുത്ത് ശക്തമായ തെരഞ്ഞെടുപ്പ് പദ്ധതിയാണ് കേരളത്തിനായി ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടിയാകും കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കുക. ജയസാധ്യത മാത്രം നോക്കി ഗ്രൂപ്പുകള്‍ക്ക് അതീതമായ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തോമസിനെ മണ്ഡലത്തിലേയ്ക്ക് സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കരുതെന്ന വ്യക്തമായ സൂചനയായി സര്‍വ്വേ റിപ്പോര്‍ട്ടിനെ ഹൈക്കമാന്‍ഡ് വിലയിരുത്തിയേക്കും. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായത്തിന് പ്രഥമ പരിഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നതെന്നു വ്യക്തമായിക്കഴിഞ്ഞു. ബൂത്ത് തലത്തിലാണ് തോമസിന് കൂടുതല്‍ എതിര്‍പ്പുകളുള്ളത്.

Read More >>