നടി സുമലത രാഷ്ട്രീയത്തിലേക്ക്; ലക്‌ഷ്യം മാണ്ഡ്യ?

തന്റെ ഭാഗ്യമണ്ഡലമാണെന്ന് അംബരീഷ് പറഞ്ഞിരുന്ന മാണ്ഡ്യ സീറ്റ് ലഭിക്കുക എന്ന ഉന്നം വച്ചാണ് സുമലതയുടെ പ്രഖ്യാപനം.

നടി സുമലത രാഷ്ട്രീയത്തിലേക്ക്; ലക്‌ഷ്യം മാണ്ഡ്യ?

നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയത്തിലേക്ക്. തിരഞ്ഞെടുപ്പിന് ഇറങ്ങുകയാണെങ്കിൽ മാണ്ഡ്യയിൽ നിന്നു മാത്രമേ മൽസരിക്കൂ എന്ന് സുമലത പ്രഖ്യാപിച്ചു. പക്ഷെ, ഇതേക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നും അവർ പ്രതികരിച്ചു.

എന്നാൽ ഇതേക്കുറിച്ച് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രതികരണം ഇങ്ങനെ: സുമലത ജെഡിഎസ് അംഗമല്ല. എന്നാൽ മാണ്ഡ്യ ജനതാദൾ എസ്സിന്റെ ശക്തികേന്ദ്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ കോൺഗ്രസാണ് തീരുമാനിക്കേണ്ടത്.

മാണ്ഡ്യയിൽ നിന്നാണ് അംബരീഷ് ലോക്‌സഭയിലെത്തിയത് എന്നതിനാലാണ് സുമലത രാഷ്ട്രീയ പ്രവേശനത്തിനായി ആ മണ്ഡലം ആവശ്യപ്പെടുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എൺപതുകളിൽ മലയാള സിനിമ ഉൾപ്പെടെ തെന്നിന്ത്യയിൽ സജീവമായിരുന്നു സുമലത. കന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്.

1998-99ൽ ലോക്‌സഭയിൽ ജനതാദൾ (എസ്) എംപിയായിട്ടാണു അദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അംബരീഷ് രണ്ടു തവണ കൂടി മണ്ഡ്യയിൽ നിന്നു ലോക്‌സഭയിലെത്തി. തന്റെ ഭാഗ്യമണ്ഡലമാണെന്ന് അംബരീഷ് പറഞ്ഞിരുന്ന മാണ്ഡ്യ സീറ്റ് തന്നെ ലഭിക്കുക എന്ന ഉന്നം വച്ചാണ് സുമലതയുടെ പ്രഖ്യാപനം. അതിനാൽ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ ഇതേക്കുറിച്ച് തുടരുകയാണ് എന്നാണു റിപ്പോർട്ട്.