വെളിപ്പെടുത്തലുമായി സുധീരൻ: കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് ഗ്രൂപ്പ്​ മാനേജർമാരുടെ പീഡനം മൂലം; താൻ ​ഗ്രൂപ്പ് വൈരത്തിന്റെ ഇര

സംഘടനാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ് അന്ന് രാജിവയ്ക്കേണ്ടി വന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും സുധീരൻ വെളിപ്പെടുത്തി.

വെളിപ്പെടുത്തലുമായി സുധീരൻ: കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് ഗ്രൂപ്പ്​ മാനേജർമാരുടെ പീഡനം മൂലം; താൻ ​ഗ്രൂപ്പ് വൈരത്തിന്റെ ഇര

അപ്രതീക്ഷിതമായി കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിന്റെ കാരണം വെളിപ്പെടുത്തി വി എം സുധീരൻ രം​ഗത്ത്. താൻ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണെന്നും അധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ കാരണം ഗ്രൂപ്പ്​ മാനേജർമാരുടെ പീഡനമായിരുന്നെന്നും സുധീരൻ തുറന്നടിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹികെട്ടാണ് തനിക്കു രാജിവയ്ക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘടനാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ് അന്ന് രാജിവയ്ക്കേണ്ടി വന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും സുധീരൻ വെളിപ്പെടുത്തി. സംഘടനാ പ്രവർത്തനം നേെരേ ചൊവ്വേ മുന്നോട്ടു കൊണ്ടുപോകുന്നതിന്​ ഗ്രൂപ്പ്​ നേതാക്കൾ തടസമാണ്​. പാർട്ടിയല്ല, ഗ്രൂപ്പാണ്​ പ്രധാനമെന്ന സമീപനമാണവർക്ക്​.

ഗ്രൂപ്പ്​ അടിസ്ഥാനത്തിൽ സീറ്റ്​ നൽകിയതും പരസ്​പരം കാലുവാരിയതുമാണ്​ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലേയും തോൽവിക്കു കാരണം. ഗ്രൂപ്പ്​ നേതാക്കളുടെ പ്രവർത്തനത്താൽ താഴേതട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സാധിച്ചില്ല. ഗ്രൂപ്പ്​ അതിപ്രസരത്തിൽ നിന്ന്​ പിൻമാറണമെന്നും കഴിവുള്ളവരെ മുന്നോട്ടു കൊണ്ടുവരണമെന്നും നേതൃയോഗത്തിൽ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ​തെറ്റുതിരുത്തി മുന്നോട്ടു പോവുകയാണ്​ വേണ്ടതെന്നും സുധീരൻ ആവശ്യപ്പെട്ടു.

ഈ അവസ്ഥയിൽ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നത് ആരോഗ്യകാരണങ്ങൾ കൊണ്ടാണെന്നായിരുന്നു സുധീരന്‍ രാജിവയ്ക്കുന്ന സമയത്തു പറഞ്ഞത്. എന്നാൽ പാർട്ടിക്കുള്ളിലെ ചക്കളത്തിപ്പോരും ​ഗ്രൂപ്പ് കളിയുമാണ് രാജിയിലേക്കു നയിച്ചതെന്ന സൂചനകൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

അതേസമയം, പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്‍റെ നിലപാട് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട്, എന്നാല്‍ അതിപ്രസരം ഇല്ലെന്നുമായിരുന്നു നിലവിലെ കെപിസിസി അധ്യക്ഷൻ എം എം ഹസന്റെ പ്രതികരണം. പാർട്ടിയിലെ ​ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സുധീരൻ മുന്നണി വിട്ട് ഇറങ്ങിപ്പോയ മാണിയെ തിരിച്ചുകൊണ്ടുവരികയും രാജ്യസഭാ സീറ്റ് നൽകുകയും ചെയ്തതിനെ രൂക്ഷമായി എതിർത്തിരുന്നു.

Read More >>