തോമസ് ചാണ്ടിയെ കെെവിട്ട് സർക്കാർ: മന്ത്രിയുടെ രാജി അനിവാര്യമാകുന്നു; നിലപാട് ആവർത്തിച്ച് എൻസിപി

തോമസ് ചാണ്ടിയുടെ ഹരജി മന്ത്രിസഭയ്ക്ക് എതിരേയല്ല. മന്ത്രിയെന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹരജിയെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയിൽ വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ തോമസ് ചാണ്ടിയെ സംരക്ഷിക്കില്ലെന്ന സൂചനയാണ് സർക്കാർ ഇതിലൂടെ നൽകിയത്.

തോമസ് ചാണ്ടിയെ കെെവിട്ട് സർക്കാർ: മന്ത്രിയുടെ രാജി അനിവാര്യമാകുന്നു; നിലപാട് ആവർത്തിച്ച് എൻസിപി

കായൽ കെെയേറ്റത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പൂർണമായി കെെവിട്ട് സർക്കാർ. ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിന് നിയമസാധുതയുണ്ടെന്ന എജിയുടെ നിയമോപദേശം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി. നിയമോപദേശത്തിൽ ഭരണപരമായ നടപടിക്രമങ്ങൾ പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.

സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടും മന്ത്രിക്ക് അനുകൂലമല്ല. തോമസ് ചാണ്ടിയുടെ ഹരജി അപക്വമെന്ന നിലപാടാണ് കോടതിയിൽ സർക്കാർ സ്വീകരിച്ചത്. തോമസ് ചാണ്ടിയുടെ ഹരജി മന്ത്രിസഭയ്ക്ക് എതിരേയല്ല. മന്ത്രിയെന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹരജിയെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയിൽ വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ തോമസ് ചാണ്ടിയെ സംരക്ഷിക്കില്ലെന്ന സൂചനയാണ് സർക്കാർ ഇതിലൂടെ നൽകിയത്.

അതേസമയം, ഹെെക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാവുകയാണെങ്കിലും ഇത് പരമാവധി വെെകിപ്പിക്കാനാണ് എൻസിപി നേതൃത്വം ശ്രമിക്കുന്നത്. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററുടെ ഇന്നത്തെ പ്രതികരണം. കേസ് പരിഗണിക്കുമ്പോള്‍ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. അതിന് കോടതിക്ക് സ്വാതന്ത്ര്യമുണ്ട്. കോടതി വിധി വരുമ്പോള്‍ രാജിക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ചുതൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണ്. ഇന്നു ചേരുന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ രാജിക്കാര്യം ചര്‍ച്ചയാവില്ല. എന്‍സിപി ഒരു ദേശീയ പാര്‍ട്ടിയാണ്. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ദേശീയനേതൃത്വത്തിലുള്ള അതിന് ചുമതലപ്പെട്ടവരാണ്. സമയമാവുമ്പോള്‍ അവര്‍ തീരുമാനമെടുക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.