ഉപ്പ് തിന്നവരെല്ലാം വെള്ളംകുടി തുടങ്ങി; സ്വന്തം സർക്കാർ തന്നെ നിയമിച്ച കമ്മീഷൻ യുഡിഎഫ് നേതാക്കൾക്ക് പാരയായി

കേസ് വിവാദമായതിനെ തുടർന്നും പ്രതിപക്ഷ സമരങ്ങളെ തുടർന്നും ഉമ്മൻചാണ്ടി സർക്കാർ തന്നെ നിയോ​ഗിച്ച റിട്ടയേര്‍ഡ് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോർട്ട് തന്നെ ഇപ്പോൾ അവരെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. ടീം സോളാറിനെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും വഴിവിട്ടു സഹായിച്ചുവെന്നായിരുന്നു അന്നുയർന്ന പ്രധാന ആരോപണം. ബം​ഗളുരു സോളാർ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ ആശ്വസിച്ച ഉമ്മൻചാണ്ടിക്ക് ഇരുട്ടടിയായിരിക്കുകയാണ് കമ്മീഷൻ റിപ്പോർട്ടും അതേ തുടർന്നുള്ള സർക്കാർ നടപടികളും.

ഉപ്പ് തിന്നവരെല്ലാം വെള്ളംകുടി തുടങ്ങി; സ്വന്തം സർക്കാർ തന്നെ നിയമിച്ച കമ്മീഷൻ യുഡിഎഫ് നേതാക്കൾക്ക് പാരയായി

മുൻ യുഡിഎഫ് സർക്കാരിനേയും കേരള രാഷ്ട്രീയത്തെയും ഇളക്കി മറിച്ച സോളാർ തട്ടിപ്പു കേസിൽ, 'ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കു'മെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാക്കുകൾ അദ്ദേഹത്തെയും സഹപ്രവ‍‍‌ർത്തകരെയും തിരിഞ്ഞുകൊത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരായി ഉയർന്ന സോളാർ അഴിമതി ആരോപണം പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള മന്ത്രിമാരിലേക്കും എംഎൽമാരിലേക്കും നേതാക്കളിലേക്കും നീളുകയായിരുന്നു. ഒടുവിൽ റിപ്പോർട്ട് പുറത്തുവന്നതോടെ അവർക്കെല്ലാം എതിരെ നടപടികളെടുക്കാനും തീരുമാനമായിരിക്കുന്നു.

അഴിമതി, ലൈം​ഗിക പീഡനം, ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രധാനമായും പത്ത് യുഡിഎഫ് നേതാക്കളാണ് നടപടികൾക്കു വിധേയരായിരിക്കുന്നത്. നേതാക്കൾ മാത്രമല്ല, അന്വേഷണ ഉദ്യോ​ഗസ്ഥരും റിപ്പോർട്ട് പ്രകാരം കുടുങ്ങിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണവും ആഭ്യന്തര-വിജിലൻസ് മന്ത്രിയായിരുന്ന തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് എടുക്കാനുള്ള തീരുമാനവുമാണ് റിപ്പോർട്ട് പ്രകാരമുള്ള സുപ്രധാനമായ നടപടി. ആരോപണം നേരിട്ട ഭൂരിഭാ​ഗം പേ‍ർക്കുമെതിരേ നടപടിക്കു ശുപാർശ എന്നതാണ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്ന കാര്യം.

കേരളത്തിൽ സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണംതട്ടിയതിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടുവെന്നാണ് കേസ്. ടീം സോളാർ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ സ്റ്റാഫുകളെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർ ആയവരെല്ലാം ടീം സോളാർ വിവാദ കമ്പനിയുടെ പ്രവർത്തകരുമായി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളിൽ തെളിയുകയും ചെയ്തു.

ഉമ്മൻചാണ്ടിക്കു പുറമെ അദ്ദേഹത്തിന്റെ ഓഫീസ് അം​ഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കു ജേക്കബ്, ​ഗൺമാൻ സലിംരാജ്, ആർ കെ എന്നിവർക്കെതിരെയാണ് ആരോപണുമുയർന്നത്. കൂടാതെ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ആരോപണമുയർന്നു, ഇവരെ കൂടാതെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്, ടൂറിസം മന്ത്രി എ പി അനിൽകുമാർ, റവന്യൂ മന്ത്രി അടൂർ പ്രകാശ് എന്നീ മന്ത്രിമാരും സോളാർ കേസിൽ ആരോപണം നേരിട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. മാത്രമല്ല, കെ സി വേണു​ഗോപാൽ എംപി, ഹൈ​ബി ഈഡൻ എംഎൽഎ, ബെന്നി ബെഹനാൻ, തമ്പാനൂർ രവി, പളനിമാണിക്യം, മുന്‍ കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യം തുടങ്ങിയവരും കരിമ്പട്ടികയിൽപ്പെട്ടിരുന്നു. ഇവർക്കെല്ലാം എതിരെ കേസെടുക്കാനും പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കേസ് വിവാദമായതിനെ തുടർന്നും പ്രതിപക്ഷ സമരങ്ങളെ തുടർന്നും ഉമ്മൻചാണ്ടി സർക്കാർ തന്നെ നിയോ​ഗിച്ച റിട്ടയേര്‍ഡ് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോർട്ട് തന്നെ ഇപ്പോൾ അവരെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. ടീം സോളാറിനെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും വഴിവിട്ടു സഹായിച്ചുവെന്നായിരുന്നു അന്നുയർന്ന പ്രധാന ആരോപണം. കൂടാതെ, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉമ്മന്‍ചാണ്ടിയെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാൻ കൂട്ടുനിന്നു, ആര്യാടന്‍ മുഹമ്മദ് ടീം സോളാറിന്റെ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നു എന്നിങ്ങനെയും ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ഇതിനിടെയാണ് അഴിമതി ആരോപണത്തിനു പിന്നാലെ ലൈം​ഗികാരോപണവുമായി സരിത എസ് നായർ രം​ഗത്തുവരുന്നത്. സോളാര്‍ കേസിനെ ഏറ്റവും കൂടുതല്‍ സങ്കീര്‍ണമാക്കിയത് ഈ ആരോപണങ്ങളായിരുന്നു. മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷനു കത്ത് നല്‍കുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ജോസ് കെ മാണി എംപി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, മുന്‍ കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. ഇവരെല്ലാം കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം വെള്ളംകുടിക്കും.

കൈക്കൂലിയായി കൈപ്പറ്റിയത് പണം മാത്രമല്ല എന്നതാണ് കമ്മീഷന്റെ മറ്റൊരു കണ്ടെത്തൽ. സരിതയെ ലൈം​ഗികമായി ഉപയോ​ഗിച്ചതും കൈക്കൂലിയുടെ ​ഗണത്തിൽപ്പെടും. ഇതു മുൻനിർത്തിയാണ് അഴിമതി നിരോധന നിയമത്തിനു പുറമെ ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി ഇവർക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരെ രക്ഷിക്കാൻ മന്ത്രിമാർ മാത്രമല്ല, അന്നത്തെ പ്രത്യേകാന്വേഷണ സംഘവും ഇടപെടൽ നടത്തിയെന്നതാണ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കണ്ടെത്തൽ. ഇതാണ് ഐ ജി പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ഇവരെ കൂടാതെ പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി ആര്‍ അജിത്തിനെതിരേയും കേസെടുക്കാനും വകുപ്പുതല നടപടിയെടുക്കാനും തീരുമാനമുണ്ട്. എഡിജിപി എ ഹേമചന്ദ്രനാണ് മറ്റൊരു ആരോപണവിധേയൻ. ഇദ്ദേഹത്തെ ചുമതലയിൽ നിന്നും മാറ്റിയിട്ടുണ്ട്.

2013 ല്‍ പുറത്തുവന്ന സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന ആളുകളുമായെല്ലാം ഈ അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നിവ നടന്നതായി തെളിഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തി. ഇതാണ് ഇവർക്കെതിരെയുള്ള നടപടിക്ക് ആധാരം. വാസ്തവത്തിൽ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ആരോപണം നേരിട്ടവരെല്ലാം തന്നെ സ്വയം കുഴിച്ച കുഴിയിൽ വീണു. ബം​ഗളുരു സോളാർ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ ആശ്വസിച്ച ഉമ്മൻചാണ്ടിക്ക് ഇരുട്ടടിയായിരിക്കുകയാണ് കമ്മീഷൻ റിപ്പോർട്ടും അതേ തുടർന്നുള്ള സർക്കാർ നടപടികളും.


Read More >>