ബിജെപിയെ 'സവര്‍ണ്ണരേ' എന്നു വിളിച്ച് വെള്ളാപ്പള്ളി; പണി ചെങ്ങന്നൂരില്‍ തരാമെന്ന് തുഷാര്‍

കേരളത്തിലെ ബിജെപിയില്‍ സവര്‍ണ്ണാധിപത്യമാണ് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ആരോപിക്കുന്നത്

ബിജെപിയെ സവര്‍ണ്ണരേ എന്നു വിളിച്ച് വെള്ളാപ്പള്ളി; പണി ചെങ്ങന്നൂരില്‍ തരാമെന്ന് തുഷാര്‍

ഘട്ടം ഘട്ടമായി ബിജെപിയോട് അകന്നു തുടങ്ങിയ ബിഡിജെഎസ് പൂര്‍ണ്ണമായ വിടുതലിലേയ്ക്ക്. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബിഡിജെഎസ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പലയിടത്തും നേട്ടമുണ്ടാക്കി. എന്നാല്‍ പിന്നാക്ക വിഭാഗമായ ഈഴവര്‍ അംഗങ്ങളായ പാര്‍ട്ടിയെ പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു ബിജെപി എന്ന ആരോപണങ്ങള്‍ ശരിവെച്ച് ഇന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു- 'കേരളത്തിലെ ബിജെപിയില്‍ സവര്‍ണ്ണാധിപത്യമാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ ബിജെപിയ്ക്ക് കേരളത്തില്‍ വളരാന്‍ സാധിക്കില്ല'

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ബിഡിജെഎസിന്റെ സഹായമില്ലാതെ കഴിഞ്ഞ തവണത്തെ പോലെ മുന്നേറാനാവില്ലെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടുമുന്‍പ് നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ക്യാംപ് ചെയ്താണ് ബിജെപിയ്‌ക്കെതിരെ വോട്ട് ഉറപ്പിച്ചത്. ബിജെപിയ്ക്ക് വേങ്ങരയില്‍ നേരിട്ട വന്‍ തിരിച്ചടിയെക്കാള്‍ ശക്തമാകും ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളി ഒരുക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സവര്‍ണ്ണാധിപത്യ പ്രസ്താവന.

ബിഡിജെഎസിന്റെ ദേശീയ സെക്രട്ടറി സുഭാഷ് വാസുവാണ് കഴിഞ്ഞ തവണ കുട്ടനാട്ടില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായത്. ജയിക്കണം എന്ന് ഉറപ്പിച്ച മത്സരമായതിനാല്‍ ചെങ്ങന്നൂരില്‍ ബിജെപിയുടെ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഈഴവ വോട്ടുറപ്പിച്ചു. കുട്ടനാട്ടിലെ നായര്‍ വോട്ടുകള്‍ പൂര്‍ണ്ണമായും ലഭിക്കാനായിരുന്നു ഇത്. ചെങ്ങന്നൂരില്‍ ഈഴവ വോട്ടുകള്‍ ജയപരാജയം നിര്‍ണ്ണയിക്കാന്‍ മാത്രമുണ്ട്. മാത്രമല്ല ഇവിടെ എസ്എന്‍ഡിപി ശക്തമായ സംഘടനയുമാണ്. ബിജെപി ചതിച്ചു എന്ന് വ്യക്തമാക്കുന്നതാണ് വെള്ളാപ്പള്ളിയുടേയും മകന്‍ തുഷാറിന്റെയും പ്രസ്താവനകള്‍. തുഷാറിന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് വി. മുരളീധരന് നല്‍കുകയും അത് ഈഴവര്‍ക്ക് നല്‍കിയതാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ബിജെപി. ഈഴവര്‍ക്കിടയില്‍ ബിജെപി അനുകൂല ആശയം പ്രചരിപ്പിച്ചത് ബിഡിജെഎസ് ആണെന്നതാണ് വാസ്തവം. ഇതിനുള്ള അംഗീകാരം തുഷാറിന് ലഭിച്ചതുമില്ല. നാണക്കേടു കൊണ്ടാണ്, തങ്ങള്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടില്ല എന്ന പ്രസ്താവന വെള്ളാപ്പള്ളിക്കും മകനും ആവര്‍ത്തിക്കേണ്ടി വരുന്നത്.

ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്ക് വോട്ട് കുറയുമെന്നും ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് ബിജെപി മുന്നണി വിടുന്നതോടെ സി.കെ ജാനു അടക്കമുള്ളവരും പുതിയ തീരുമാനം എടുക്കേണ്ടി വരും. ദളിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും എന്‍ഡിഎ മുന്നണിയില്‍ എത്തിയ കക്ഷികളെ നയിക്കുന്നത് ബിഡിജെഎസ് ആണ്. ചെങ്ങന്നൂരില്‍ ബിജെപി സ്വന്തം മുന്നണിയിലെ കക്ഷികളോട് കൂടിയാണ് മത്സരിക്കുന്നത്. എന്തായാലും, വെള്ളാപ്പള്ളിക്ക് ബിജെപിയിലും കരുത്തുണ്ടെന്ന് തെളിയിക്കേണ്ടി വരും.


Read More >>