ജെഡിഎസിനുള്ള പിന്തുണക്കത്തിൽ ഒപ്പിടാതെ ആറ് കോൺഗ്രസ് എംഎൽഎമാർ; ബിജെപി വിലയ്ക്ക് വാങ്ങിയെന്ന് സംശയം

78ൽ 74 എംഎൽഎമാരെ കോൺഗ്രസ് രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അഞ്ചുമണിക്ക് കോൺഗ്രസ്- ജെഡിഎസ് നേതാക്കൾ ഗവർണരെ കാണും.

ജെഡിഎസിനുള്ള പിന്തുണക്കത്തിൽ ഒപ്പിടാതെ ആറ് കോൺഗ്രസ് എംഎൽഎമാർ; ബിജെപി വിലയ്ക്ക് വാങ്ങിയെന്ന് സംശയം

കർണാടകയിൽ ബിജെപി അധികാരത്തിലെത്താതിരിക്കാൻ കോൺഗ്രസ്- ജെഡിഎസ് ധാരണയായതിനിടെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി എംഎൽഎമാർ. ജെഡിഎസിനുള്ള പിന്തുണ കത്തിൽ കോൺഗ്രസിലെ ആറ് എംഎൽഎമാർ ഒപ്പിട്ടിട്ടില്ല. മൊത്തം 78 പേരിൽ 72 കോൺഗ്രസ് ജനപ്രതിനിധികൾ മാത്രമാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. ഒരു സ്വതന്ത്രനും ജെഡിഎസിന് ഔദ്യോഗിക പിന്തുണ നൽകിയിട്ടുണ്ട്. ആറു പേരെ ബിജെപി വാങ്ങിയെന്നാണ് സൂചന. ബാക്കിയുള്ള എംഎൽഎമാരെ കോൺഗ്രസ് സുരക്ഷിതമായ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

കർണാടകയിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറുമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അവസാനഘട്ടം വരെയുള്ള ധാരണ. 120ഓളം സീറ്റുകളിൽ ഒരു ഘട്ടത്തിൽ ബിജെപി ലീഡ് ചെയ്തിരുന്നു. പിന്നീട് അന്തിമ ഫലം വന്നപ്പോൾ ലീഡ് 104ലേക്ക് താഴുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് തൂക്കു സഭ വരുമെന്ന് ഉറപ്പായി. അതോടെ 37 സീറ്റുകളുള്ള ജനതാദൾ സെക്യുലറിന്റെ നിലപാട് നിർണായകവുമായി.

37 സീറ്റുള്ള ജെഡിഎസിന് 78 സീറ്റുകളുള്ള കോൺഗ്രസ് നിരുപാധിക പിന്തുണ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് എടുക്കാമെന്നും മറ്റു മന്ത്രിമാരെയും അവർക്കു തന്നെ തീരുമാനിക്കാമെന്നും കോൺഗ്രസ് നിലപാടെടുത്തു. പുറത്തു നിന്നുള്ള പിന്തുണ വേണ്ടെന്നും ഒന്നിച്ചു ഭരിക്കാമെന്നും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ കോൺഗ്രസിനോട് പറയുകയും ഇരുകക്ഷികളും തമ്മിൽ ധാരണയാവുകയും ചെയ്തതോടെ കർണാടക രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങളൊരുങ്ങി. സമാനമായ പിന്തുണ ബിജെപിയും വാഗ്ദാനം ചെയ്തെങ്കിലും ജെഡിഎസ് കോൺഗ്രസിനൊപ്പം നിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. എച്ച്ഡി ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവാനും ധാരണയായി.

സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാൻ ഇരുപാർട്ടികളുടെയും നേതാക്കൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഗവർണറെ കാണാനിരിക്കെയാണ് കോൺഗ്രസിൽ നിന്ന് ആറ് എംഎൽഎമാർ മാറിനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അധികാരത്തിൽ വരുമെന്ന് നേതാക്കൾ പറയുകയും അണികൾ ആഘോഷങ്ങളും തുടങ്ങിയതിനു ശേഷവും സ്ഥിതിഗതികൾ മാറിമറിഞ്ഞത് ബിജെപിയെ പ്രതിരോധത്തിലാക്കി. അധികാരം പിടിച്ച് പ്രതിച്ഛായ വീണ്ടെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. അതിനാൽത്തന്നെ ഇരുപാർട്ടികളിലെയും എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി എന്തിനും തയ്യാറാവുമെന്നുറപ്പാണ്. കോൺഗ്രസ് എംഎൽഎമാർ പാർട്ടിക്കൊപ്പം നിൽക്കാതെ മാറിനിൽക്കുമ്പോൾ സംശയം ബിജെപിക്കു നേരെയാണ്.

സർക്കാരുണ്ടാക്കാൻ ബിജെപി നേതാവ് യെദ്ദ്യൂരപ്പ ഇതിനകം തന്നെ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. മതിയായ പിന്തുണയില്ലെങ്കിലും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്കാണ് ബിജെപിയുടെ നീക്കം. സർക്കാരിനുള്ള പിന്തുണ പിന്നീട് തെളിയിക്കുമെന്നാണ് ബിജെപി നിലപാട്. സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ട ഗവർണർ വജുഭായ് വാല മുൻ ബിജെപി നേതാവും മോദിയുടെ അടുത്തയാളുമാണ്. 2002ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ മോദിക്കായി തൻ്റെ സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണ് വാജുഭായ് വാല. ഗുജറാത്ത് നിയമസഭാ മുൻ സ്പീക്കർ കൂടിയായ വാല കർണാടകയിൽ എന്തു നിലപാടെടുക്കുമെന്ന് കണ്ടറിയണം. തീരുമാനം തങ്ങൾക്കനുകൂലമല്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനമെങ്കിലും സർക്കാരുണ്ടാക്കി കഴിഞ്ഞാൽ പിന്തുണ തെളിയിക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്നുറപ്പാണ്. ഏതായാലും കർണാടകയിലെ നാടകങ്ങളുടെ ക്ലൈമാക്സ് അല്പസമയത്തിനകം ഗവർണർ തീരുമാനമെടുക്കുന്നതോടെ അറിയാനാകും.

Read More >>