ഷാനി പ്രഭാകരന്‍ എറണാകുളത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി? കരു നീക്കുന്നത് എം. സ്വരാജ്; ആരോപണം നിഷേധിച്ച് ഇരുവരും

പിണറായിയുടെ നിര്‍ദ്ദേശാനുസരണം ഷാനിയോട് ചര്‍ച്ചകള്‍ നടത്തി എന്നതിനു തെളിവായി സിസിടിവി ദൃശ്യങ്ങള്‍ രേഖകളാക്കിയാണ് ആരോപണം. പി. രാജീവിനെ വെട്ടിനിരത്തി ഷാനിയെ എറണാകുളത്ത് മത്സരിപ്പിക്കാനാണത്രേ നീക്കം. ആരോപണം നിഷേധിച്ച് ഷാനിയും സ്വരാജും.

ഷാനി പ്രഭാകരന്‍ എറണാകുളത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി? കരു നീക്കുന്നത് എം. സ്വരാജ്; ആരോപണം നിഷേധിച്ച് ഇരുവരും

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ സിപിഐഎം സംസ്ഥാനക്കമ്മറ്റി അംഗവും തൃപ്പൂണിത്തുറ എംഎല്‍എയുമായ എം. സ്വരാജ് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം പാര്‍ലമെന്റ് സീറ്റ് ലക്ഷ്യമിടുന്ന വിഭാഗം കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട സിസിടിവി തെളിവുകളുമായി പാര്‍ട്ടിയെ സമീപിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം മാത്രം അറിഞ്ഞു നടത്തുന്ന രഹസ്യ ചര്‍ച്ചകള്‍ വിഭാഗീയത അവസാനിച്ചു എന്ന പ്രഖ്യാപനത്തോടെ നടക്കുന്ന പാര്‍ട്ടി സംഘടനാ സമ്മേളനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കും. മാധ്യമ പ്രവര്‍ത്തകയായി നേടിയ സ്വീകാര്യത വീണ ജോര്‍ജ്ജിനെ നിയമസഭയിലേയ്ക്ക് വിജയിപ്പിച്ച മാതൃകയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷാനിയെ കളത്തിലിറക്കുകയാണ് ലക്ഷ്യം. നിലവില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറാണ് ഷാനി. എം. സ്വരാജ് എംഎല്‍എയായ മണ്ഡലത്തിലാണ് ഷാനിയുടെ വീട്.


സംഘപരിവാര്‍ ഷാനിക്കെതിരെ നടത്തുന്ന രാഷ്ട്രീയ ആക്രമണങ്ങളിലെ മത ആക്ഷേപങ്ങളടക്കം എറണാകുളം സ്ഥാനാര്‍ത്ഥിയാകാന്‍ ഗുണകരമാകുമെന്ന വിലയിരുത്തലാണുള്ളത്. മിശ്രവിവാഹിതയായ ഷാനി ഇപ്പോള്‍ ഭര്‍ത്താവിന്റെ ക്രൈസ്തവ മതത്തിലേയ്ക്ക് മതം മാറി എന്നാണ് സംഘപരിവാര്‍ നടത്തുന്ന മുഖ്യ ആക്ഷേപം. ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലമായ എറണാകുളത്ത് ഷാനി എല്ലാ സമാവാക്യങ്ങള്‍ക്കും ചേര്‍ന്ന സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കണക്കാക്കുന്നുണ്ടത്രേ. ഷാനിയുടെ സംഘപരിവാര്‍ വിരുദ്ധതയും താരമൂല്യവും കരുത്തുറ്റ നിലപാടുകളും മെട്രോ മണ്ഡലത്തിന് ഇണങ്ങുന്നതാണ്. മണ്ഡലത്തിലെ വോട്ടറാണ് എന്നതും പുറത്തു നിന്നും ഒരാളെ കെട്ടിയിറക്കി എന്ന ആരോപണത്തിന്റെ മുനയൊടിക്കും.


എം. സ്വരാജിന്റെ ഭാര്യ സരിതയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം അമ്പലമുക്കിലെ ധന്യ അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഷാനി സ്വരാജുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തിയതായി പാര്‍ട്ടിക്കു മുന്നില്‍ തെളിവുകളോടെ സമര്‍ത്ഥിക്കാനാണ് വിമത പക്ഷം ശ്രമിക്കുന്നത്. ഷാനിയും സ്വരാജും ഈ അപ്പാര്‍ട്ടുമെന്റിലെ ലിഫ്റ്റില്‍ ഒന്നിച്ചുള്ള സിസിടിവി ചിത്രവും ചര്‍ച്ചകള്‍ക്കു ശേഷം ഷാനി ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന ദൃശ്യവുമാണ് തെളിവായി ഇവര്‍ ഹാജരാക്കുന്നത്. വാച്ച്മാനെന്നു പരിചയപ്പെടുത്തുന്ന ആളുടെ ഓഡിയോ രേഖയില്‍ ഷാനി അപ്പാര്‍ട്ടുമെന്റില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നുള്ള ശബ്ദവും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.എന്നാല്‍, എം. സ്വരാജ് എംഎല്‍എ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. 'കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഷാനിയെ പരിചയമുണ്ട്. പരസ്പരം വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞിടയ്ക്കും താമരശ്ശേരിയിലെ ഷാനിയുടെ വീട്ടില്‍ പോയിരുന്നു. യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും ഞങ്ങള്‍ നടത്തിയിട്ടില്ല. രാഷ്ട്രീയമായി പൂര്‍ണ്ണവിയോജിപ്പാണ് പരസ്പരമുള്ളത്. സുഹൃത്തുക്കളെന്ന നിലയ്ക്ക് ഞങ്ങള്‍ കണ്ടുമുട്ടാറുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ ഞങ്ങളുടെ സൗഹൃദം. എന്റെ സുഹൃത്താണ് എന്നു കരുതി സ്വന്തം നിലപാടുകള്‍ക്ക് വിഭിന്നമായി ഷാനി സ്ഥാനാര്‍ത്ഥിയാകും എന്നു കരുതുന്നത് വിഢിത്തമാണ്'- എം. സ്വരാജ് നാരദ ന്യൂസിനോട് പറഞ്ഞു.


സ്ഥാനാര്‍ത്ഥിയാകും എന്ന പ്രചാരണത്തെ ഷാനി പ്രഭാകരനും നിഷേധിച്ചു- 'ഞാന്‍ ജീവിതത്തില്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. എന്റെ പ്രവര്‍ത്തന മേഖല മാധ്യമമാണ്. ജീവിതത്തിന്റെ അവസാന നിമിഷം വരെ മാധ്യമ പ്രവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹമുള്ളയാളാണ് ഞാന്‍. എം. സ്വരാജ് സുഹൃത്താണ്. ഞാന്‍ സ്വരാജിന്റെ കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. കണ്ടുമുട്ടാറുണ്ട്. വ്യക്തിപരമായ ബന്ധം മാത്രമാണത്. പല രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അവന്റെ രാഷ്ട്രീയ കാര്യങ്ങളിലൊന്നും ഞാനിടപെടാറില്ല. ജീവിതത്തില്‍ പലവട്ടം സ്ഥാനാര്‍ത്ഥിയാകാനുള്ള ഓഫറുകള്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കലും സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ രാഷ്ട്രീയമുണ്ട്. അത് സിപിഐഎമ്മല്ല. മാധ്യമ പ്രവര്‍ത്തനമാണ് എന്റെ രാഷ്ട്രീയം. നിലപാടുകളുടെ പേരില്‍, സ്ത്രീ എന്ന നിലയ്ക്ക് നിരന്തരം ആക്രമിക്കപ്പെടുന്ന ഒരാളാണ് ഞാന്‍. ഈ ആരോപണവും അത്തരത്തില്‍ ഒരു ആക്രമണം മാത്രമാണ്'- ഷാനി നാരദ ന്യൂസിനോട് വ്യക്തമാക്കി.


'സുഹൃത്തുക്കളാകുന്നതിനും കണ്ടുമുട്ടുന്നതിനും രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല. ഷാനിക്ക് ഏതു സമയത്തും വരാന്‍ സ്വാതന്ത്ര്യമുള്ള സ്ഥലമാണ് എന്റെ വീട്. സുഹൃത്തുക്കള്‍ക്ക് സീറ്റ് സംഘടിപ്പിക്കലല്ല എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെ സീറ്റു വിഭജിക്കുന്ന പാര്‍ട്ടുയുമല്ല സിപിഐഎം'- സ്വരാജ് പറഞ്ഞു.

'തിരുവനന്തപുരത്ത് വരുമ്പോള്‍ ചിലപ്പോള്‍ സ്വരാജിന്റെ വീട്ടില്‍ പോകാറുണ്ട്. കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് കണ്ടിരുന്നു. ജീവിതത്തിലൊരിക്കലും ഞാന്‍ സ്ഥാനാര്‍ത്ഥിയാകില്ല'- ഷാനി പറഞ്ഞു.


സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ എം. സ്വരാജ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിന് ചുക്കാന്‍ പിടിക്കുന്ന എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്നതാണ്. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് മത്സരിക്കും എന്നു കരുതിയിരുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം. സ്വരാജ് മത്സരിച്ചതു മുതല്‍ ജില്ലയില്‍ ശാക്തിക ധ്രുവീകരണം മാറി മറിഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന എം. സ്വരാജ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുന്നു എന്ന ആരോപണം ഫലത്തില്‍ പി. രാജീവിനെ വീണ്ടും വെട്ടിനിരത്താനുള്ള നീക്കമായി വിലയിരുത്തപ്പെടും. രാജീവ് എറണാകുളത്തു നിന്നും പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കും എന്നാണ് എല്ലാവരുടേയും പ്രതീക്ഷ. രാജ്യസഭ എംപി എന്ന നിലയില്‍ ഏറെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചയാളാണ് രാജീവ്.

ആലപ്പുഴയിലും ഷാനിയെ പരിഗണിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഡിവൈഎഫ്‌ഐ നേതാവ് മനു സി. പുളിക്കനും അരൂര്‍ എംഎല്‍എ എ.എം ആരീഫും ഇവിടെ മത്സരിക്കാനുള്ള പ്രഥമ പരിഗണനയിലുണ്ട്. അരൂരില്‍ മൂന്നാം തവണയും എംഎല്‍എയായ ആരീഫിന്റെ ജനകീയത പാര്‍ലമെന്റിലേയ്ക്ക് കെ.സി വേണുഗോപാലിനെ മലര്‍ത്തിയടിക്കാന്‍ പോന്നതാണെന്ന് പാര്‍ട്ടി കരുതുന്നു. അതേ സമയം മനു സി പുളിക്കനും ജില്ലയില്‍ ജനപ്രിയനാണ്. ആരീഫ് പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ച് ജയിക്കുകയും മനു സി. പുളിക്കന്‍ അരൂരില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എയാകുന്നതുമാണ് മറ്റൊരു ഫോര്‍മുല. ആലപ്പുഴയിലേയ്ക്ക് മുന്‍പ് നടന്‍ മുരളിയേയും കെ.എസ് മനോജിനേയും പാര്‍ട്ടി പരീക്ഷിച്ചിട്ടുണ്ട്. രണ്ടു ശ്രമങ്ങളും പാര്‍ട്ടിക്ക് ദോഷമായി. ആലപ്പുഴയിലേയ്ക്ക് താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളുമായി വരേണ്ടതില്ലെന്ന ജില്ലാ കമ്മറ്റിയുടെ കര്‍ശന നിലപാടാണ് എറണാകുളത്തേയ്ക്ക് ഷാനിയെ മാറ്റി ചിന്തിക്കുന്നതിനു കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. എം.എ ബേബിയൊഴികെ മറ്റാരും പുറത്തു നിന്നു വന്നാല്‍ ആലപ്പുഴയിലെ പാര്‍ട്ടി അംഗീകരിക്കില്ലെന്ന് വ്യക്തത വന്നു കഴിഞ്ഞു. ആരീഫും മനുവും ആലപ്പുഴ ജില്ലാ സമ്മേളനത്തെ മുന്നില്‍ നിന്നു നയിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്തേയ്ക്ക് താരമൂല്യമുള്ള ആളെ പരിഗണിക്കാന്‍ നീക്കം നടക്കുന്നത്. പി.രാജീവിന് എതിരായ ഈ കരുനീക്കം ഔദ്യോഗിക വിഭാഗത്തിന്റെ അറിവോടെയെന്നത് സംസ്ഥാന സമ്മേളനത്തെ ഏറെ അലങ്കോലമാക്കും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന് 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' നല്‍കണം എന്ന് സ്വരാജ് ആവശ്യപ്പെട്ടത് പാര്‍ട്ടിയില്‍ ഏറെ ആഘാതം സൃഷ്ടിച്ചിരുന്നു. ആ ബൂബറാങ്ങ് അടുത്ത സമ്മേളനം എത്തിയപ്പോള്‍ കറങ്ങി തിരിഞ്ഞ് എം. സ്വരാജിന്റെ നെഞ്ചിലേയക്ക് പാഞ്ഞടുക്കുകയാണ്.

Read More >>