സംഘപരിവാറിനെതിരെ മിണ്ടാട്ടമില്ലാതെ കോൺഗ്രസ്സ്; മോദിക്കെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ശശി തരൂർ

കശ്മീർ വിഷയത്തിലുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ച് ഐഎഎസ് രാജിവച്ച കണ്ണൻ ഗോപിനാഥൻ, എഴുത്തുകാരി ഡോ പി എഎസ് ശ്രീകല എന്നിവർക്കൊപ്പമാണ് ശശി തരൂർ വേദി പങ്കിടുന്നത്.

സംഘപരിവാറിനെതിരെ മിണ്ടാട്ടമില്ലാതെ കോൺഗ്രസ്സ്; മോദിക്കെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ശശി തരൂർ

നരേന്ദ്ര മോദിയെ സ്തുതിച്ചുവെന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ നിരന്തരം വിമർശനം ഉന്നയിച്ചുകൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ പരിപാടിയിൽ മുഖ്യ പ്രാസംഗികനാകാൻ ശശി തരൂർ. ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കത്തെഴുതിയ സിനിമാ - സാംസ്കാരിക രംഗത്തെ പ്രമുഖർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഒക്ടോബർ പതിനൊന്നാം തീയതി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുഖ്യ പ്രാസംഗികനായി ശശി തരൂർ പങ്കെടുക്കുന്നത്. 'ഞാൻ ഗാന്ധി. മനുഷ്യത്വത്തിന്‌ വേണ്ടി ഞാൻ കത്തെഴുതുമ്പോൾ നിങ്ങളെന്നെ തൂക്കി കൊല്ലുമോ' എന്നതാണ് പരിപാടിയുടെ പ്രമേയം. കശ്മീർ വിഷയത്തിലുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ച് ഐഎഎസ് രാജിവച്ച കണ്ണൻ ഗോപിനാഥൻ, എഴുത്തുകാരി ഡോ പി എഎസ് ശ്രീകല എന്നിവർക്കൊപ്പമാണ് ശശി തരൂർ വേദി പങ്കിടുന്നത്. ഒക്ടോബർ 11ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വൈകീട്ട് 04:30നു ആണ് പരിപാടി.

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ കേസെടുക്കപ്പെട്ടവരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള മലയാളികൾ കൂടി ഉൾപ്പെട്ടതിനാൽ കേരളത്തിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടതായി വിമർശനങ്ങൾ ഉയരുന്നുണ്ട്. നേതാക്കളുടെ പ്രതിഷേധ പ്രസ്താവനകൾ മാത്രമാണ് ഈ വിഷയത്തിൽ ഉണ്ടായത്. മോദിക്കെതിരെ ക്രിയാത്മക വിമർശനം വേണമെന്ന ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ ഇപ്പോഴും കോൺഗ്രസ്സിൽ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലം മുതലേ സംഘ്പരിവാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനോ രാഷ്ട്രീയ പ്രചാരണം നടത്താനോ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ തയ്യാറാകുന്നില്ലെന്നും വിർശനങ്ങളുണ്ട്. ഇതിനിടയിലാണ് കോൺഗ്രസ് പോലും സംഘടിപ്പിക്കാൻ തയ്യാറാകാതിരുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ശശി തരൂർ ഒരുങ്ങുന്നത്.

Read More >>