ലോക്സഭാ തെരഞ്ഞെടുപ്പ്: മുസ്ലിം വിഭാഗത്തിന്റെ വിശ്വാസം നേടാൻ സംഘപരിവാർ തന്ത്രം തയ്യാർ; ന്യൂനപക്ഷ സമുദായത്തിൽ നിന്ന് പരമാവധി ബിജെപി സ്ഥാനാർഥികളെ മത്സരിപ്പിക്കും

ജയം ഉറപ്പുള്ള മുസ്ലിങ്ങളെ സ്ഥാനാർഥികളായി പരിഗണിക്കാനാണ് തീരുമാനം. സീറ്റ് നേടിയ ശേഷം അടുത്ത തെരഞ്ഞെടുപ്പു മുതൽ ബിജെപിയുടെ ഹിന്ദു നേതാക്കൾക്ക് അവ നിലനിർത്താനായി നൽകുകയാണ് സംഘപരിവാർ തന്ത്രം.

ലോക്സഭാ തെരഞ്ഞെടുപ്പ്: മുസ്ലിം വിഭാഗത്തിന്റെ വിശ്വാസം നേടാൻ സംഘപരിവാർ തന്ത്രം തയ്യാർ; ന്യൂനപക്ഷ സമുദായത്തിൽ നിന്ന് പരമാവധി ബിജെപി സ്ഥാനാർഥികളെ മത്സരിപ്പിക്കും

2019 പൊതു തെരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ മുസ്ലിം വിഭാഗത്തിന്റെ വിശ്വാസം നേടാൻ കൂടുതലായി പരിശ്രമം വേണമെന്ന് ബിജെപി നേതൃയോഗം. നിലവിലെ സ്ഥിതി അനുസരിച്ച് പൊതു തെരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ കഠിനാധ്വാനം ഉണ്ടായേ മതിയാകൂ എന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് ജയം സംബന്ധിച്ച ആസൂത്രണത്തിനായി ന്യൂഡൽഹിയിലും കൊൽക്കത്തയിലും സൂരജ്കുണ്ടിലുമായി ചേർന്ന ഉന്നതതല യോഗത്തിൽ, ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ നിരവധി ദേശീയ നേതാക്കൾ പങ്കെടുത്തു.

ന്യൂനപക്ഷ സമുദായത്തിൽ നിന്ന് പരമാവധി ബിജെപി സ്ഥാനാർഥികളെ കണ്ടെത്തി, ലോക്സഭാ സീറ്റിലേക്ക് മത്സരിപ്പിക്കാൻ പദ്ധതിയായിട്ടുണ്ട്. ന്യൂനപക്ഷ മേഖലയിൽ നിന്ന് ജയം ഉറപ്പുള്ളവരെ ഇതിലേക്കായി പരിഗണിക്കാനാണ് യോഗ തീരുമാനം. സീറ്റ് നേടിയ ശേഷം അടുത്ത തെരഞ്ഞെടുപ്പു മുതൽ ബിജെപിയുടെ ഹിന്ദു നേതാക്കൾക്ക് അവ നിലനിർത്താനായി നൽകുകയാണ് തന്ത്രം. ഈ കാര്യത്തിൽ തത്വത്തിൽ തീരുമാനമായതായി അറിയുന്നു.

എന്നാൽ ഇക്കാര്യത്തെ കുറിച്ച് ആരാഞ്ഞപ്പോൾ, അങ്ങനെ ഒരു തീരുമാനവും ഇല്ല എന്നാണു നേതാക്കൾ പ്രതികരിച്ചത്. ബിജെപിക്ക് ന്യൂനപക്ഷ സമുദായവും ഭൂരിപക്ഷ സമുദായവും ഒരേപോലെയാണെന്നും അവർ അവകാശപ്പെട്ടു.

കോൺഗ്രസ്സ് - കമ്മ്യൂണിസ്റ് തുടങ്ങിയ ദേശീയ പാർട്ടികൾ വർഗീയവാദികൾ എന്ന നിലയിൽ ബിജെപിക്കെതിരെ വൻ പ്രചാരണമാണ് തുടരുന്നത്. ഇതിനെ ഫലപ്രദമായി നേരിടാനാകാത്തതാണ് തെരഞ്ഞെടുപ്പ് ഒരുക്കത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രപദ്ധതികൾ മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായ വികസന നേട്ടത്തെ കുറിച്ച് വ്യാപകമായ പ്രചാരണം നടത്താനും തീരുമാനമായി എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.


Read More >>