ശബരിമല യുവതീ പ്രവേശനം: ആർഎസ്എസ് മലക്കം മറിഞ്ഞു; യുവതികളെ പ്രവേശിപ്പിക്കണമെന്ന കേന്ദ്രനേതൃത്വ തീരുമാനത്തിനെതിരെ മോഹൻ ഭാഗവത്
തിരഞ്ഞെടുപ്പ് അടുത്തതോടെ, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആർഎസ്എസ്സിന് മലക്കം മറിച്ചിൽ. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ നേരത്തെ ആർഎസ്എസ് സ്വാഗതം ചെയ്തിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വത്തിനു മലക്കം മറിച്ചിൽ. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ ആർഎസ്എസ് സ്വാഗതം ചെയ്തിരുന്നു. യുവതീ പ്രവേശന വിഷയത്തില്‍ കേരളത്തിലെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങളുടെ നിലപാട് തള്ളിക്കൊണ്ടായിരുന്നു കേന്ദ്രനേതൃത്വം അന്ന് നിലപാട് വ്യക്തമാക്കിയത്.
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ക്ഷേത്രങ്ങളില്‍ പുരുഷന്മാര്ക്ക് എവിടെ വരെ പ്രവേശനം നല്കുന്നുണ്ടോ, അവിടെ വരെ സ്ത്രീകളെയും അനുവദിക്കണമെന്നതാണ് ആര്‍എസ്എസ് നിലപാടെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ആ പ്രഖ്യാപനം ഗുണം ചെയ്യില്ലെന്നും പുനഃപരിശോധിക്കണമെന്നും നേതാക്കൾക്കിടയിൽ നിന്നും ആവശ്യം ഉയർന്നതാണ് നിലപാടിൽ ഉറച്ച് നിലക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചത് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അങ്ങനെ ആർഎസ്എസ് തലവന്റെ കൂടി അനുവാദത്തോടെ വിഷയം വിശദ ചർച്ചയ്ക്കെടുക്കുകയായിരുന്നു.
ആര്‍എസ്എസ് ജയ്പൂര്‍ സമ്മേളനത്തില്‍ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി പാസാക്കിയ നിലപാട് മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തിലെ സ്ത്രീപ്രവേശന പ്രക്ഷോഭവുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് സംസ്ഥാന ആര്‍എസ്എസ്- ബിജെപി നേതൃത്വം പറഞ്ഞു കൊണ്ടിരുന്നത്. ആ നിലപാടില്‍ ശബരിമല ഉള്‍പ്പെടില്ലെന്ന വാദമായിരുന്നു ഭയ്യാജി ജോഷി തള്ളിയത്.
ഭാരതീയ വിചാരകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടി ജി മോഹന്‍ദാസിന് ആര്‍എസ്എസ് അനുഭാവമുള്ള 'ജനം' ചാനലിന് നല്കിയ അഭിമുഖത്തിൽ ഭയ്യാജി ജോഷി ആര്‍എസ്എസിന്റെ ആദ്യ നിലപാടു പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആ നിലപാട് ആർഎസ്എസ് തിരുത്തുകയാണെന്നു വ്യക്തമാക്കുന്നതാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ: "ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാമെന്നുള്ള സുപ്രീം കോടതി ഉത്തരവു കൊണ്ട് വിശ്വാസികളെ കേരള സർക്കാർ അടിച്ചമർത്തുകയാണെന്ന് പറഞ്ഞ മോഹൻ ഭാഗവത്, വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണെന്നും പറഞ്ഞു. പ്രയാഗ്രാജിൽ കുംഭമേളയോടനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച ധർമ സന്‍സാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പഭക്തർ എന്ന നിലയിലല്ല, കോടതിയിലെ പരാതിക്കാർ എന്ന നിലയിൽ ഹിന്ദു സമൂഹത്തിന്റെ പ്രക്ഷോഭത്തെ തങ്ങൾ പിന്തുണയ്ക്കുകയാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. "ഹിന്ദു സമൂഹത്തെ വിഭജിക്കാൻ നിരവധി നീക്കങ്ങൾ നടക്കുന്നുണ്ട്. മത നവോത്ഥാനത്തിലൂടെ ഹിന്ദു സമൂഹം ഒന്നാകേണ്ടതിന്റെ മണിക്കൂറുകളാണിത്."- ആർഎസ്എസ് തലവൻ പറഞ്ഞു.