ലോക്സഭ: മോഹൻലാലിന്റെ സീറ്റ് ചർച്ച വീണ്ടും സജീവം; പ്രവർത്തകരുടെ പിന്തുണ കൂടുതലെന്ന്‌ ആർഎസ്എസ് സർവേ; സ്ഥാർനാർഥിത്വം നിഷേധിക്കാതെ ലാലിന്റെ ഉറ്റ സുഹൃത്ത്

.മോഹൻലാൽ ഇലക്ഷന് നിൽക്കാൻ സാധ്യതയുണ്ട് എന്ന് ഉറ്റ സുഹൃത്ത് വെളിപ്പെടുത്തി. തിരുവനന്തപുരത്ത് തന്നെ ലാലിനെ മത്സരിപ്പിക്കാനായി ബിജെപിയോടൊപ്പം ആർഎസ്എസ് നേതൃത്വവും ശ്രമം തുടരുകയാണ്.

ലോക്സഭ: മോഹൻലാലിന്റെ സീറ്റ് ചർച്ച വീണ്ടും സജീവം; പ്രവർത്തകരുടെ പിന്തുണ കൂടുതലെന്ന്‌ ആർഎസ്എസ് സർവേ; സ്ഥാർനാർഥിത്വം നിഷേധിക്കാതെ ലാലിന്റെ ഉറ്റ സുഹൃത്ത്

നടൻ മോഹൻലാലിന്റെ ലോക്‌സഭാ സീറ്റ് സംബന്ധിച്ച ചർച്ച വീണ്ടും സജീവം. സ്ഥാർനാർഥിത്വം നിഷേധിക്കാതെ ഉറ്റ സുഹൃത്തും നിർമാതാവുമായ അശോക് കുമാർ. സ്ഥാർനാർഥിയാകുന്ന കാര്യത്തിൽ തീരുമാനം മോഹൻലാലിന്റേതു മാത്രമായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം ലാൽ ഇലക്ഷന് മത്സരിച്ചു കൂടെന്നില്ല, നിൽക്കാൻ സാധ്യതയുണ്ട് എന്ന് വെളിപ്പെടുത്തി. മാതൃഭൂമി ചാനലിനോടായിരുന്നു അശോക് കുമാറിന്റെ പ്രതികരണം.

ഒരു പാർട്ടിയുടെ ബ്രാന്റായി മാറാൻ മോഹൻലാൽ തയ്യാറാകില്ല എന്ന് കരുതുന്ന സുഹൃത്തുക്കളും ആരാധകരുമുണ്ട്. എന്നാൽ ആർഎസ്എസ് നടത്തിയ അഭിപ്രായ സർവേയിൽ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സമുദായ വിഭാഗങ്ങളുടെയും താൽപ്പര്യം മോഹൻലാലിന് അനുകൂലമാണ്.

തിരുവനന്തപുരത്ത് തന്നെ മോഹൻലാലിനെ മത്സരിപ്പിക്കാനായി ബിജെപിയോടൊപ്പം ആർഎസ്എസ് നേതൃത്വവും ശ്രമം തുടരുകയാണ്. വിജയ സാധ്യത മുൻനിർത്തിയാണിത്. ഈ സീറ്റിൽ കോൺഗ്രസ്സിനെയാണ് അവർ പ്രധാന എതിരാളിയായി കാണുന്നത്.

മോഹൻലാൽ വിസമ്മതിച്ചാൽ മാത്രമേ കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ തുടങ്ങിയവരെ പരിഗണിക്കേണ്ടതുള്ളൂ എന്ന് നേതൃത്വം തീരുമാനിച്ചതായി അറിയുന്നു.

മോദി തന്നെ 'മോഹൻജി' എന്നാണ് വിളിച്ചതെന്നു മോഹൻലാൽ വെളിപ്പെടുത്തിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ തുടർന്ന് സജീവമായി. എന്നാൽ ഇക്കാര്യം മോഹൻലാൽ നേരത്തെ തള്ളിയിരുന്നു.

രാഷ്ട്രീയത്തെപ്പറ്റി താനും മോദിയും ഒന്നും സംസാരിച്ചില്ലെന്നും വിശ്വശാന്തി ഫൗണ്ടേഷനെപ്പറ്റിയും അതിൻ്റെ ലക്ഷ്യങ്ങളെപ്പറ്റിയുമാണ് തങ്ങൾ സംസാരിച്ചതെന്നും മോഹൻലാൽ വിശദീകരിച്ചു.
"ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് നമ്മുടെ രാഷ്ട്രീയ പ്രവേശനം. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താൽപര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളതു പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം."- 'വനിത' മാഗസിനു നൽകിയ അഭിമുഖത്തിലൂടെ മോഹൻലാൽ വ്യക്തമാക്കി.

നടൻ ഗണേഷും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്തു സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്കു വരാനും ഇലക്‌ഷനു നിൽക്കാനുമെല്ലാം പറഞ്ഞു. പക്ഷേ, ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലതെന്നും മോഹൻലാൻ പറഞ്ഞു.

മുൻപ്, ലാലേട്ടൻ ബിജെപി അനുഭാവിയാണോ എന്ന ആരാധകൻ്റെ ചോദ്യത്തിന് പതിവു ശൈലിയിൽ ആണെന്നും അല്ലെന്നും പറയാം എന്നൊരു മറുപടിയാണ് മോഹൻലാൽ നൽകിയത്. ഇതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയായത്.

തുടർന്ന് തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ എന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാൽ എന്‍ഡിടിവിയോട് വെളിപ്പെടുത്തി.

ഒടുവിൽ ഉറ്റ സുഹൃത്തതായ അശോക് കുമാറും ലാലിന്റെ സ്ഥാർനാർഥിത്വം നിഷേധിക്കാതെ പ്രതികരിച്ചതോടെ ചർച്ച വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.