സമാധാനമില്ലാതെ ഒഞ്ചിയം; ആർഎംപി- സിപിഐഎം സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു

ആര്‍എംപി പ്രവര്‍ത്തകര്‍ മാത്രം ആക്രമിക്കപ്പെടുന്ന സംഭവങ്ങളാണ് ഇതേവരെ പുറത്തുവന്നിരുന്നത്. എന്നാല്‍ ആര്‍എംപി തിരിച്ചടി തുടങ്ങിയത് പ്രദേശത്ത് സംഘര്‍ഷം വഷളാക്കും

സമാധാനമില്ലാതെ ഒഞ്ചിയം; ആർഎംപി- സിപിഐഎം സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു

രാഷ്ട്രീയ സംഘർഷം രൂക്ഷമായ ഒഞ്ചിയത്ത് ആര്‍എംപിയും തിരിച്ചടി തുടങ്ങി. ഡിവൈഎഫ്‌ഐ കുന്നുമ്മക്കര മേഖല സെക്രട്ടറിയും സിപിഐഎം അംഗവുമായ ബ്രിജിത്ത് ബാബു(28), നിഷാന്ത് (30), അഖില്‍(25), രജീഷ്(24) എന്നിവര്‍ക്ക് വെട്ടേറ്റുവെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി. ആര്‍എംപിയില്‍ നിന്നും സിപിഐഎമ്മിലേക്ക് മാറിയ അനി എളങ്ങോളി എന്നയാളെ വീട്ടില്‍ കയറി അക്രമിച്ചതിന്റെ പേരിലാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ഓര്‍ക്കാട്ടേരി ടൗണില്‍വെച്ച് ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നും പിന്നീടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നടന്നതെന്നും സിപിഐഎം പ്രാദേശിക നേതൃത്വം പറയുന്നു. വെട്ടേറ്റവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റു മൂന്നു പേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ ബഗീഷ് പറഞ്ഞു. പാര്‍ട്ടി ഇതുവരെ ചര്‍ച്ചയോ മറ്റും ഒന്നും നടത്തിയിട്ടില്ല. വൈകുന്നേരം ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് പ്രകടനം സംഘടിപ്പിക്കുമെന്നും ബഗീഷ് കൂട്ടിച്ചേര്‍ത്തു.

ആര്‍എംപി പ്രവര്‍ത്തകര്‍ മാത്രം ആക്രമിക്കപ്പെടുന്ന സംഭവങ്ങളാണ് ഇതേവരെ പുറത്തുവന്നിരുന്നത്. എന്നാല്‍ ആര്‍എംപി തിരിച്ചടി തുടങ്ങിയത് പ്രദേശത്ത് സംഘര്‍ഷം വഷളാക്കും. ആര്‍എംപി തുല്യ ശക്തിയായ പ്രദേശങ്ങളില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യതയാണുള്ളത്.

'ഓര്‍ക്കാട്ടേരി കന്നുകാലി ചന്തയുമായി ബന്ധപ്പെട്ടുകൊണ്ട് ആര്‍എംപി ഒഞ്ചിയം മേഖല സെക്രട്ടറി അഗിത്തിനെ യാതൊരു പ്രകോപനവുമില്ലാതെ ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് ഫെബ്രുവരി രണ്ടിന് മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഓട്ടോ ഡ്രൈവറായിരുന്ന ആര്‍എംപി പ്രവര്‍ത്തകന്‍ മോയിപ്ര വിജിന്‍ലാലിനെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആര്‍എംപി ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് സിപിഐഎം വലിയ രീതിയിലുള്ള അക്രമമാണ് നടത്തുന്നത്- ആര്‍എംപി മേഖലാ പ്രസിഡന്റ് നിഖില്‍ പറയുന്നു. നാട്ടിലെ ആര്‍എംപി പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയാണ്. ആര്‍എംപി ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി കെകെ ജയന്‍, ഏരിയ കമ്മിറ്റി അംഗം എരുവാട്ടി ഗോപാലന്‍, ആര്‍എംപി പ്രവര്‍ത്തകന്‍ ഒ കെ ചന്ദ്രന്‍ തുടങ്ങിയവരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

സംഘർഷാവസ്ഥ തുടരുന്നതിനിടെ ആര്‍എംപി വിളിച്ചു ചേര്‍ത്ത യോഗം പിരിച്ചു വിട്ടതിനുശേഷമാണ് നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി ആര്‍എംപി ഓഫീസ് വളഞ്ഞത്. വടിവാള്‍, ആണിയടിച്ച പട്ടിക, ഇരുമ്പ് ദണ്ഡ്, തുടങ്ങിയ മാരക ആയുധങ്ങളുമായി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ഓഫീസിലേക്കു ഇടിച്ചു കയറിയത്.

ആര്‍എംപി പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിക്കുകയും സിപിഐഎമ്മിന് കുടപിടിക്കുകയുമാണ് ചെയ്യുന്നതെന്ന് ആര്‍എംപി മേഖല പ്രസിഡന്റ് നിഖില്‍ പറഞ്ഞു. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിതെന്ന് നിഖില്‍ വ്യക്തമാക്കി. ഓര്‍ക്കാട്ടേരി ടൗണിലെ ചായക്കടയിലിരിക്കുകയായിരുന്ന സിപിഐഎം കുന്നുമ്മക്കര മേഖല സെക്രട്ടറി ബ്രിജിത്ത് ബാബു കടയില്‍നിന്നും ഭരണിയെടുത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുകയായിരുന്നു. അതിനിടയിലാണ് ബ്രിജിത്തിന്റെ കൈയില്‍ പരിക്കേല്‍ക്കുന്നത്'- നിഖില്‍ പറയുന്നു.


Read More >>