എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിക്ക് കത്തയച്ചു

സ്ത്രീത്വത്തിനെതിരെ മണി നടത്തിയ പരാമര്‍ശം ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തിയത് ഭരണഘടനാപരമായി ഉത്തരവാദിത്വം നിറവേറ്റേണ്ട മന്ത്രിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ക്ക് പൂര്‍ണമായും എതിരാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.

എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിക്ക് കത്തയച്ചു

സ്ത്രീത്വത്തിന് അപമാനകരമായ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം എം മണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനു നിര്‍ദേശം നല്‍കണമെന്നവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.

സീതാറാം യെച്ചൂരി നേതൃത്വം നല്‍കുന്ന സിപിഐഎമ്മിന്റെ പ്രഖ്യാപിത നയങ്ങളായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക, പൊതുജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തുക തുടങ്ങിയവക്ക് പൂര്‍ണമായും എതിരാണ് മണിയുടെ ഇത്തരം പരാമര്‍ശങ്ങള്‍. സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണം തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടിയാണ് മന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മന്ത്രി എം എം മണി നേരിട്ട് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ വെറുതെ ഒരു ഖേദപ്രകടനം കൊണ്ടു തീരുന്നതല്ല ഈ പരാമര്‍ശത്തിന്റെ ഗൗരവവും ആഘാതവും. സ്ത്രീത്വത്തിനെതിരെ മണി നടത്തിയ പരാമര്‍ശം ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തിയത് ഭരണഘടനാപരമായി ഉത്തരവാദിത്വം നിറവേറ്റേണ്ട മന്ത്രിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ക്ക് പൂര്‍ണമായും എതിരാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.

നിര്‍ഭാഗ്യവശാല്‍ സിപിഐഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും പൊതുജനരോഷം അവഗണിച്ച് മന്ത്രിയെ സംരക്ഷിക്കുകയാണ്. അതിനാൽ സിപിഐഎം ജന.സെക്രട്ടറിയെന്ന നിലയില്‍ അടിയന്തരമായി ഇടപെട്ട് മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.