പിജെ കുര്യന് വീണ്ടും അവസരം നൽകണമെന്ന് രമേശ് ചെന്നിത്തല; അത് സംഭവിച്ചാൽ പാർട്ടി പ്രവർത്തനം നിർത്തുമെന്ന് ഉമ്മൻ ചാണ്ടി; രാഹുലും സോണിയയും രണ്ടു തട്ടിൽ

ഉമ്മൻ ചാണ്ടിയുടെ അതേ നിലപാടാണ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്. പിജെ കുര്യൻ ഇനി പാർട്ടി കാര്യങ്ങൾ നോക്കട്ടെയെന്നും രാജ്യസഭയിലേക്ക് യുവാക്കൾ എത്തട്ടെയെന്നുമുള്ള നിലപാടാണ് രാഹുലിന്റേത്. ഉമ്മൻ ചാണ്ടി മുന്നോട്ടു വെക്കുന്ന പിസി വിഷ്ണുനാഥ്‌, ബെന്നി ബഹന്നാൻ എന്നീ പേരുകളോടും രാഹുൽ അനുഭാവം പുലർത്തുന്നുണ്ട്. മാത്യു കുഴൽനാടൻ, പിസി ചാക്കോ എന്നീ പേരുകളും രാഹുലിന്റെ മുന്നിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

പിജെ കുര്യന് വീണ്ടും അവസരം നൽകണമെന്ന് രമേശ് ചെന്നിത്തല; അത് സംഭവിച്ചാൽ പാർട്ടി പ്രവർത്തനം നിർത്തുമെന്ന് ഉമ്മൻ ചാണ്ടി; രാഹുലും സോണിയയും രണ്ടു തട്ടിൽ

രാജ്യസഭയിൽ കാലാവധി അവസാനിക്കുന്ന പി ജെ കുര്യന് വീണ്ടും അവസരം നല്കുന്നതിനെച്ചൊല്ലി കോൺഗ്രസ്സിൽ ആഭ്യന്തര പ്രശ്നം മുറുകുന്നു. പിജെ കുര്യനെ രാജ്യസഭയിൽ വീണ്ടും എത്തിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത് രമേശ് ചെന്നിത്തലയാണ്. എന്നാൽ അധികാര സ്ഥാനങ്ങളിൽ അമ്പത് വർഷം തികയ്ക്കാൻ പോകുന്ന പിജെ കുര്യനെ രാജ്യസഭയിലേക്ക് യുവാക്കൾക്ക് അവസരം നൽകണമെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. പിജെ കുര്യന് അവസരം നൽകിയാൽ പാർട്ടി പരിപാടികളിൽ നിന്നും മാറിനിൽക്കുമെന്ന ഭീഷണിയും ഉമ്മൻ ചാണ്ടി മുഴക്കി. യുവാക്കൾക്ക് അവസരം നൽകിയില്ലെങ്കിൽ പാർട്ടി തകരുമെന്ന അഭിപ്രായം ഉമ്മൻ ചാണ്ടി തുറന്നു പ്രകടിപ്പിച്ചു. കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ഹൈക്കമാൻഡിനെ കാണാനായി ഡൽഹിയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.

ഉമ്മൻ ചാണ്ടിയുടെ അതേ നിലപാടാണ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്. പിജെ കുര്യൻ ഇനി പാർട്ടി കാര്യങ്ങൾ നോക്കട്ടെയെന്നും രാജ്യസഭയിലേക്ക് യുവാക്കൾ എത്തട്ടെയെന്നുമുള്ള നിലപാടാണ് രാഹുലിന്റേത്. ഉമ്മൻ ചാണ്ടി മുന്നോട്ടു വെക്കുന്ന പിസി വിഷ്ണുനാഥ്‌, ബെന്നി ബഹന്നാൻ എന്നീ പേരുകളോടും രാഹുൽ അനുഭാവം പുലർത്തുന്നുണ്ട്. മാത്യു കുഴൽനാടൻ, പിസി ചാക്കോ എന്നീ പേരുകളും രാഹുലിന്റെ മുന്നിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ പിജെ കുര്യനുവേണ്ടി രംഗത്തുവന്നിട്ടുള്ള രമേശിന് സർവ പിന്തുണയുമായി എകെ ആന്റണി രംഗത്തുണ്ട്. എകെ ആന്റണിയുടെ സമ്മർദ്ദത്താൽ സോണിയയും പിജെ കുര്യന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രതിസന്ധി വർധിപ്പിക്കുന്നു.

പിജെ കുര്യന് അനുകൂലമായി ഉമ്മൻ ചാണ്ടി നിലപാടുമാറ്റിയാൽ വീണ്ടും അദ്ദേഹത്തിന് രാജ്യസഭയിലേക്കുള്ള വഴി തെളിയും. ഇതിനായി എൻഎസ്എസ്, വിവിധ ക്രിസ്ത്യൻ സഭകൾ എന്നിവരെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിക്കുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. 1980 മുതൽ തുടർച്ചയായി അധികാരസ്ഥാനത്തിരിക്കുന്ന പ്രായക്കൂടുതലുള്ള പിജെ കുര്യന് പകരം യുവാക്കൾ വരട്ടെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. യാതൊരു വിധ സമ്മർദ്ദങ്ങൾക്കും ഉമ്മൻചാണ്ടി വഴങ്ങാൻ തയ്യാറല്ല.

പി ജെ കുര്യന്റേതടക്കം മൂന്നു രാജ്യസഭാ എംപിമാരുടെ കാലാവധിയാണ് അവസാനിക്കാൻ പോകുന്നത്. രണ്ടു എംപിമാരെ ഇടതുപക്ഷം തീരുമാനിക്കും കോൺഗ്രസ്സിന് ഒരു എംപി സ്ഥാനമാണ് ലഭിക്കുക. അതുകൊണ്ടുതന്നെയാണ് കോൺഗ്രസ്സിനകത്ത് പ്രതിസന്ധി രൂക്ഷമാകുന്നത്. അടുത്ത തവണ കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തനിക്ക് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഇപ്പോൾ പിജെ കുര്യനെ രമേശ് ചെന്നിത്തല പിന്തുണക്കുന്നത്. ഉമ്മൻ ചാണ്ടിയെ രമേശ് ചെന്നിത്തലയിലൂടെ എതിർക്കാമെന്ന കണക്കുകൂട്ടലിലാണ് എകെ ആന്റണി. ഏറ്റവും ഉയർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുലും രണ്ടു നിലപാടുകൾ കൈക്കൊണ്ടതോടെ പിജെ കുര്യൻ കോൺഗ്രസ്സിന് വലിയ തലവേദനയുണ്ടാക്കുമെന്ന കാര്യം തീർച്ച.

Read More >>