പ്രചരണത്തിന് പ്രിയങ്കയുടെ സഹായിയായി നിയമിച്ചത് ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രതിയെ; വിവാദമായപ്പോൾ ഒഴിവാക്കി

അറസ്റ്റിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആശിഷിനെ പിന്നീട് കോണ്‍ഗ്രസ് തിരിച്ചെടുക്കുകയായിരുന്നു.

പ്രചരണത്തിന് പ്രിയങ്കയുടെ സഹായിയായി നിയമിച്ചത് ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രതിയെ; വിവാദമായപ്പോൾ ഒഴിവാക്കി

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചരണത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയുടെ ടീമിൽ ഇടംനേടി ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രതിയും. സംഭവം വിവാദമായതോടെ നിയമനത്തിന്റെ രണ്ടാം ദിനം നേതാവിനെ ഒഴിവാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ പ്രതിയായി 2005ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കുമാര്‍ ആശിഷിനെയാണ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഒഴിവാക്കിയത്.

അറസ്റ്റിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആശിഷിനെ പിന്നീട് കോണ്‍ഗ്രസ് തിരിച്ചെടുക്കുകയും എഐസിസി സെക്രട്ടറി ആക്കുകയുമായിരുന്നു. തുടർന്നാണ് പ്രിയങ്കയുടെ ടീമിൽ നിയമിച്ചത്. ഇതോടെ ജെഡിയു ബീഹാർ ഘടകവും സോഷ്യൽമീഡിയയിൽ ചിലരും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്.

ഇതോടെ പ്രിയങ്ക തന്നെയാണ് ആശിഷിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുലിനോട് ആവശ്യപ്പെട്ടത്. തുടർന്ന് ആശിഷിനെ പ്രിയങ്കയുടെ ടീമിൽ നിന്നും രാഹുൽ ​ഗാന്ധി ഒഴിവാക്കിയതായി കോൺ​ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ് അറിയിച്ചത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കഗാന്ധിയുടെ ടീമില്‍ ആശിഷിനു പകരം സച്ചിന്‍ നായിക്കിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുപിയില്‍ ആറു സെക്രട്ടറിമാരെയാണ് കോണ്‍ഗ്രസ് നിയമിച്ചത്. വടക്കന്‍ പടിഞ്ഞാറന്‍ പ്രദേശിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മൂന്നും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിക്ക് മൂന്നും ആയാണ് നിയമനം. സുബൈര്‍ ഖാന്‍, ബാജിറാവു ഖാദേ, സച്ചിന്‍ നായിക് എന്നിവരാണ് നിലവിൽ പ്രിയങ്കയുടെ ടീം അംഗങ്ങള്‍.

Read More >>