ബിജെപി സഖ്യം വിട്ട് കെപിജെപിയുടെ ആർ ശങ്കർ; കോൺഗ്രസ് സഖ്യത്തിൽ 118 പേർ

റാണിബന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിനെ തന്നെ തോല്പിച്ചാണ് ശങ്കർ വിജയിച്ചത്.

ബിജെപി സഖ്യം വിട്ട് കെപിജെപിയുടെ ആർ ശങ്കർ; കോൺഗ്രസ് സഖ്യത്തിൽ 118 പേർ

കർ-നാടകങ്ങൾ തുടരവേ, ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിന് ഒരു സന്തോഷ വാർത്ത കൂടി. ബിജെപിയ്ക്കൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്ന കെപിജെപിയുടെ എംഎൽഎ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശിക കക്ഷിയായ കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയുടെ ഏക എംഎൽഎ ആർ.ശങ്കർ ആണ് കോൺഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് 118 എംഎൽഎ മാരുടെ ഔദ്യോഗിക പിന്തുണയായി. റാണിബന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിനെ തന്നെ തോല്പിച്ചാണ് ശങ്കർ വിജയിച്ചത്. ബുധനാഴ്ച രാവിലെ ബിജെപിക്ക് പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ചാണ് ശങ്കർ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിനൊപ്പം ചേർന്നത്.

മുതിർന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയുമായി അടുത്ത ബന്ധമുള്ളയാളാണ് കെപിജെപിയുടെ ആർ ശങ്കർ. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ പാർട്ടിയുടെ പിന്തുണ ശങ്കർ ബിജെപിയെ അറിയിച്ചിരുന്നു. നിയമസഭാ കക്ഷി നേതാവെന്ന നിലയിലുള്ള യെദ്ദ്യൂരപ്പയുടെ അപേക്ഷയെ ശങ്കർ ഔദ്യോഗികമായി പിന്തുണയ്ക്കുകയും ബിജെപിക്കൊപ്പം ഗവർണറെ കാണാൻ പോവുകയും ചെയ്തതിനു ശേഷമാണ് പുതിയ നീക്കം.

117 പേരുടെ പിന്തുണ കത്ത് നൽകിയിട്ടും ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചില്ല. ഗുജറാത്തിലെ മുൻ ബിജെപി നേതാവും മോദിയുടെ അടുത്തയാളുമായ ഗവർണർ കീഴ്വഴക്കങ്ങളും നിയമവും തെറ്റിച്ചാണ് ബിജെപിയുടെ ബിഎസ് യെദ്ദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ഇതോടെ കോൺഗ്രസ്- ജെഡിഎസ് സഖ്യം നിയമനടപടിക്ക് ഒരുങ്ങാനിരിക്കെയാണ് കെപിജെപിയുടെ നീക്കം. കോൺഗ്രസ് നൽകിയ ഹരജി സുപ്രീം കോടതി നാളെ രാവിലെ 10.30ന് പരിഗണിക്കും.

Read More >>