മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം മുഖപത്രം; മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് മാണി

എൽഡിഎഫിലെ ചില നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനുളള തിരിച്ചടിയിരുന്നു ബാർ കോഴ വിവാദം -പ്രതിച്ഛായ പറയുന്നു. അതേസമയം, താൻ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്നും ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കെ.എം. മാണി പ്രതികരിച്ചു.

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം മുഖപത്രം;  മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് മാണി

കെ എ മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രം പ്രതിച്ഛായ. എൽഡിഎഫിലെ ചില നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനുളള തിരിച്ചടിയിരുന്നു ബാർ കോഴ വിവാദം -പ്രതിച്ഛായ പറയുന്നു.

മന്ത്രി ജി സുധാകരൻ കെ എം മാണിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടു കൂടിയാണെന്നു ശത്രുക്കൾ പോലും കരുതുന്നുണ്ടാവില്ല. അതാകട്ടെ മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്കു ലഭിച്ച ഉത്തമ സാക്ഷ്യപത്രവുമാണെന്ന് -പ്രതിച്ഛായയിൽ വിശദമാക്കുന്നു. മാണിയെ ചില നേതാക്കൾക്കു വീഴ്ത്തണമായിരുന്നു. രാഷ്ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്ത്തിയാൽ കോണ്‍ഗ്രസ് പൂർവ്വാധികം ശക്തിപ്പെടുമെന്നവർ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാർകോഴ കേസ് അവതരിക്കുന്നത്. മഹാഭാരതയുദ്ധത്തിൽ ഭീഷ്മരെ വീഴ്ത്താൻ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതുപോലെയായിരുന്നു ബിജു രമേശിന്‍റെ രംഗപ്രവേശമെന്നും മുഖപത്രം പരിഹസിക്കുന്നു.

അതേസമയം, താൻ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്നും ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കെ.എം. മാണി കോട്ടയത്ത് പ്രതികരിച്ചു. എന്നാൽ മുഖപ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങളും വാർത്തകളും മാണി തള്ളിയില്ല. പല പ്രലോഭനങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.